Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; സർക്കാർ പ്രവർത്തനം നിർത്തിവെക്കും; കോൺഗ്രസ് എതിരായതോടെ മെക്‌സിക്കൻ അതിർത്തിയിൽ വന്മതിൽ നിർമ്മിക്കാൻ അമേരിക്കയെ തച്ചുടയ്ക്കാനും മടിയില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; സർക്കാർ പ്രവർത്തനം നിർത്തിവെക്കും; കോൺഗ്രസ് എതിരായതോടെ മെക്‌സിക്കൻ അതിർത്തിയിൽ വന്മതിൽ നിർമ്മിക്കാൻ അമേരിക്കയെ തച്ചുടയ്ക്കാനും മടിയില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

കുടിയേറ്റം തടയാനുള്ള തന്റെ സ്വപ്‌ന പദ്ധതിയായ മെക്‌സിക്കൻ അതിർത്തിയിലെ മതിലിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിനുവേണ്ടി പണം അനുവദിച്ചില്ലെങ്കിൽ മാസങ്ങളോ വർഷങ്ങളോപോലും സർക്കാരിന്റെ പ്രവർത്തനം നിർത്തിവെക്കാനും താൻ മടിക്കില്ലെന്നും യു.എസ്. കോൺഗ്രസ് അംഗങ്ങളോട് ട്രംപ് പറഞ്ഞു. മതിലിനുള്ള ബിൽ ഒഴിവാക്കി പ്രതിനിധി സഭ ബജറ്റ് പാസ്സാക്കിയതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം

സെനറ്റിലെ മൈനോറിറ്റ് ലീഡറായ ചക്ക് ഷൂമറാണ് സർക്കാരിന്റെ പ്രവർത്തനം നിർത്തിവെക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയ കാര്യം വെളിപ്പെടുത്തിയത്. മതിലിനുവേണ്ടി സർക്കാർ ജീവനക്കാരെപ്പോലും സമ്മർദത്തിലാഴ്‌ത്തുകയാണ് ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് റോസ് ഗാർഡനിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു,

ഭരണപ്രതിസന്ധി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് സർക്കാരിന്റെ പ്രവർത്തനം നിർത്തിവെച്ചും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയും മെക്‌സിക്കൻ മതിലിനായി സമ്മർദം ചെലുത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. മെക്‌സിക്കൻ മതിൽ പണിയുന്നതിനാവശ്യപ്പെട്ട ബിൽ ഒഴിവാക്കി ബജറ്റ് പാസ്സാക്കിയ പ്രതിനിധി സഭയുടെ തീരുമാനവും ട്രംപിനെ ചൊടിപ്പിക്കുമെന്നാണ് സൂചന. ബജറ്റ് ബിൽ പാസ്സാകാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്പ് അമേരിക്കയിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്.

മെക്‌സിക്കൻ മതിലിനുള്ള തുക ഉൾപ്പെടുത്താതെ ബജറ്റ് പാസ്സാകാൻ അനുവദിക്കില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 130 കോടി ഡോളറിന്റെ അതിർത്തി സംരക്ഷണ ബിൽ ഉൾപ്പെടെ സെപ്റ്റംബർ വരേക്കുള്ള ബജറ്റാണ് ഇപ്പോൾ പാസ്സായിരിക്കുന്നത്. എന്നാൽ, അതിൽ മെക്‌സിക്കൻ മതിലിന് പ്രത്യേകം തുക വകയിരുത്തിയിട്ടില്ലാത്തതിനാൽ, തന്റെ വീറ്റോ അധികാരമുപയോഗിച്ച് ട്രംപിന് വേണമെങ്കിൽ ബജറ്റ് ബിൽ മരവിപ്പിക്കാൻ പ്രസിഡന്റിനാകും. അദ്ദേഹം അതിനുള്ള നീക്കത്തിലാണെന്നാണ് സൂചന.

ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അംഗങ്ങൾകൂടി ഉൾപ്പെട്ട പ്രതിനിധി സഭയാണ് ബജറ്റ് ബിൽ പാസ്സാക്കിയത്. പുതിയ തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റുകൾക്കാണ് പ്രതിനിധി സഭയിൽ മേൽക്കൈ. അതുകൊണ്ടാണ് ബിൽ പാസ്സായതും. ബിൽ നിയമമാകണമെങ്കിൽ സെനറ്റ് കൂടി പാസ്സാക്കേണ്ടതുണ്ട്. അവിടെ, റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കമെന്നതിനാൽ, ട്രംപിന് ഇനിയും ബില്ലിനെ ചെറുക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.

സെനറ്റിൽ ബില്ലിനെ ചെറുക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച്ച്് മക്‌കോണൽ പ്രഖ്യാപിച്ചിട്ടുണ്ട്. മെക്‌സിക്കൻ മതിൽ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ഇത് അത്യാവശ്യമാണെന്നുമാണ് ട്രംപിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ട്രംപ് പ്രധാനമായും മുന്നോട്ടുവെച്ചിരുന്ന വാഗ്ദാനങ്ങളിലാന്നായിരുന്നു മെക്‌സിക്കൻ മതിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP