Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം എംപിമാരിൽ 118 പേർകൂടി കാലുവാരിയപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടു; 230 വോട്ടുകൾക്ക് പരാജയപ്പെട്ട തെരേസ മേയെ പുറത്താക്കാൻ ഇന്ന് അവിശ്വാസപ്രമേയം; വിമതർ സഹായിക്കുമെന്നുറപ്പായതോടെ മന്ത്രിസഭ വീഴില്ല; എങ്ങും ഉയരുന്നത് ഇനിയെന്ത് എന്ന ചോദ്യം

സ്വന്തം എംപിമാരിൽ 118 പേർകൂടി കാലുവാരിയപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടു; 230 വോട്ടുകൾക്ക് പരാജയപ്പെട്ട തെരേസ മേയെ പുറത്താക്കാൻ ഇന്ന് അവിശ്വാസപ്രമേയം; വിമതർ സഹായിക്കുമെന്നുറപ്പായതോടെ മന്ത്രിസഭ വീഴില്ല; എങ്ങും ഉയരുന്നത് ഇനിയെന്ത് എന്ന ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ബിൽ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഡിയുപിയും എസ്എൻപിയും ലിബറൽ ഡമോക്രാറ്റുകളും മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയും ഒത്തുചേർന്നതോടെ, മേയുടെ ബ്രെക്‌സിറ്റ് ബിൽ 230 വോട്ടുകളുടെ വമ്പൻ തോൽവി നേരിടുകയായിരുന്നു. ബില്ലിനെ അനുകൂലിച്ചത് വെറും 202 പേർ. എതിർത്തത് 432 പേരും. ബ്രിട്ടീഷ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തോൽവിയാണ് മെയ്‌ നേരിട്ടത്. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാർ 1924-ൽ പാർലമെന്റിൽ 166 വോട്ടുകൾക്ക് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള വലിയ തോൽവി. ബ്രെക്‌സിറ്റ് കരാറിലൂടെ തെരേസ മെയ്‌ അതിലും വലിയൊരു നാണക്കേടിനുടമയുമായി.

ബ്രെക്‌സിറ്റ് ബില്ലിൽ വമ്പൻ തോൽവി നേരിട്ട തെരേസ മെയ്‌‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ലേബർ പാർട്ടി. ഇന്ന് അവിശ്വാസപ്രമേയം വോട്ടിനിടുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബ്രെക്‌സിറ്റ് ബില്ലിലുണ്ടായതുപോലൊരു തിരിച്ചടി അവിശ്വാസ പ്രമേയത്തിൽ തെരേസയ്ക്ക് നേരിടേണ്ടിവരില്ല. തെരേസയുടെ മുഖ്യ എതിരാളിയായ ബോറിസ് ജോൺസൺ ഉൾപ്പെടെ ടോറി പാർട്ടിയിലെ വിമതരും ഡിയുപി അംഗങ്ങളും റിമെയ്ൻ വാദികളും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ, അവിശ്വാസത്തെ മറികടക്കാൻ തെരേസയ്ക്ക് സാധിക്കുമെന്നുറപ്പായി. എന്നാൽ, തെരേസയ്ക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നും രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ വക്കിലെത്തിയെന്നും ജെറമി കോർബിൻ പ്രതികരിച്ചു. അവിശ്വാസ പ്രമേയത്തെ ഭയക്കുന്നില്ലെന്നും എതിർപ്പുകൾ ശ്രദ്ധാപൂർവംകേട്ട് സർക്കാർ മുന്നോട്ടുപോകുമെന്നും തെരേസയും പറഞ്ഞു.

പ്രഭുസഭയിൽ പരാജയപ്പെട്ടപ്പോൾത്തന്നെ ബ്രെക്‌സിറ്റ് ബിൽ പാർലമെന്റ് തള്ളുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, ഇത്രയും വലിയ ഭൂരിപക്ഷത്തിൽ അത് പരാജയപ്പെടുമെന്ന് തെരേസ മെയ്‌ പോലും കരുതിയിരുന്നില്ല. എന്നാൽ, ഹിതപരിശോധനയിലൂടെ ബ്രിട്ടീഷ് ജനത ആവശ്യപ്പെട്ട കാര്യം നടപ്പാക്കുന്നതിൽനിന്ന് സർക്കാരിന് ഒഴിയാനാവില്ലെന്നും അതിനെ എന്തുകൊണ്ടാണ് മറ്റുള്ളവർ ഇങ്ങനെ എതിർക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും തെരേസ പറഞ്ഞു. ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കും ഇക്കാര്യത്തിൽ വ്യക്തത വേണം. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധങ്ങൾ നിലനിൽക്കണമെങ്കിലും അതിൽ വ്യക്തതവേണമെന്ന് തെരേസ പറഞ്ഞു.

ബ്രെക്‌സിറ്റ് ബില്ലിന് പാർലമെന്റിൽ ഇങ്ങനെയൊരു വലിയ തോൽവി നേരിട്ടത് ബ്രെക്‌സിറ്റ് തന്നെ നടന്നേക്കില്ലെന്ന തരത്തിലുള്ള ചിന്തയ്ക്കും ശക്തിപകർന്നിട്ടുണ്ട്. പൗണ്ട് വിലയിലുണ്ടായ കുതിപ്പ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ലെന്ന് തോന്നലിൽനിന്നാണെന്ന് വിലയിരുത്തപ്പെടുന്നു. സർക്കാരിന് ഇനി മുന്നോട്ടുപോകാനുള്ള വഴി മുതിർന്ന പാർലമെന്റംഗങ്ങൾ ചേർന്ന് നിർദ്ദേശിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. രണ്ടാമതൊരു ഹിതപരിശോധന ആവശ്യപ്പെടുന്ന കക്ഷികൾക്കും ഇത് ശക്തിപകർന്നിട്ടുണ്ട്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നി്‌ക്കോള സ്റ്റർജൻ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്തു. ബ്രെക്‌സിറ്റ് നടപടികളുടെ അവസാനമെന്നാണ് ഡിയുപി ഇതിനെ വിശേഷിപ്പിച്ചത.

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പോലുള്ള വിവാദ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ബിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, തോൽവി ഇത്രയും വലുതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബില്ലിനെ എതിർക്കുന്നവർ ഒരുവട്ടംകൂടി ചിന്തിക്കണമെന്നും ബ്രിട്ടന് മുന്നിൽ ഇതിലും മികച്ചൊരു വഴിയില്ലെന്നും തെരേസ മെയ്‌ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. എംപിമാരെന്ന നിലയിൽ കരിയറിൽ നിർവഹിക്കുന്ന ഏറ്റവും സുപ്രധാനമായ വോട്ടാണിതെന്ന ഓർമപ്പെടുത്തലും തെരേസയെ സഹായിച്ചില്ല.

പരാജയത്തിന്റെ തോത് കുറയ്ക്കാനായിരുന്നു പിന്നീട് തെരേസ പക്ഷത്തിന്റെ ശ്രമം. അതും വിജയിക്കാതെ പോയതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തെരേസ കൂപ്പുകുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP