Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരേസ മേയും ജെറമി കോർബിനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു; കൂടുതൽ സമയംനീട്ടി നൽകുന്നതിനോട് വിയോജിച്ച് ഫ്രാൻസുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ; യൂറോപ്യൻ യൂണിയനും കോർബിനും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാവെ നിന്നതോടെ ബ്രെക്‌സിറ്റ് ഭാവി വീണ്ടും ഇരുട്ടിലാകുന്നു

തെരേസ മേയും ജെറമി കോർബിനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു; കൂടുതൽ സമയംനീട്ടി നൽകുന്നതിനോട് വിയോജിച്ച് ഫ്രാൻസുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ; യൂറോപ്യൻ യൂണിയനും കോർബിനും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാവെ നിന്നതോടെ ബ്രെക്‌സിറ്റ് ഭാവി വീണ്ടും ഇരുട്ടിലാകുന്നു

ബ്രെക്‌സിറ്റ് പ്രതിസന്ധി എങ്ങനെയും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി തെരേസ മെയ്‌ പ്രതിപക്ഷ നേതാവ് ജെറമി കോർബിനുമായി നടത്തിവന്ന ചർച്ച പരാജയപ്പെട്ടു. ഒത്തുതീർപ്പിന്റെയോ മാറ്റത്തിന്റെയോ സൂചന പ്രകടിപ്പിക്കാതെ പ്രധാനമന്ത്രി തെരേസ പ്രതിപക്ഷത്തെ വഞ്ചിച്ചുവെന്ന് ലേബർ പാർട്ടി ആരോപിച്ചു. മൂന്നുദിവസമായി തുടരുന്ന ചർച്ചയിൽ കസ്റ്റംസ് യൂണിയൻ, രണ്ടാം ഹിതപരിശോധന തുടങ്ങിയ പാർട്ടി നയങ്ങളാണ് ലേബർ നേതാവ് ഉന്നയിച്ചത്. എന്നാൽ ഇക്കാര്യങ്ങളിൽ തെരേസയ്ക്ക് ഒത്തുതീർപ്പിലെത്താനായില്ല. ഇതോടെ, ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവിലായി.

ഏപ്രിൽ 12-നകം ബ്രെക്‌സിറ്റ് നടപ്പാക്കുകയെന്ന വലിയ വെല്ലുവിളിയാണ് തെരേസയ്ക്കുമുന്നിലുള്ളത്. മൂന്നുവട്ടം പാർലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് കരാറിന് പകരം, പ്രതിപക്ഷവുമായി ആലോചിച്ച് ഒത്തുതീർപ്പ് ഫോർമുല കണ്ടെത്തുകയായിരുന്നു തെരേസയുടെ ലക്ഷ്യം. വ്യക്തമായ കരാറില്ലാതെ ഏപ്രിൽ പത്തിനുള്ള യൂറോപ്യൻ കൗൺസിൽ യോഗത്തിനെത്തി തെരേസയ്ക്ക് ബ്രെക്‌സിറ്റ് നീട്ടിവെക്കാൻ സമയം ആവശ്യപ്പെടാനാവില്ല. ബ്രെക്‌സിറ്റിന്മേൽ സമയം കളയനാലില്ലെന്ന് യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്.

ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായുള്ള ഭാവിയിലെ ബന്ധം സംബന്ധിച്ച് ഗുണപരമായ ഒരു മാറ്റവും വരുത്താൻ തെരേസ തയ്യാറായിലില്ലെന്ന് ഷാഡോ ലേബർ മിനിസ്റ്റർ കെയിൽ സ്റ്റാർമർ പറഞ്ഞു. സർക്കാരുമായി രണ്ടുവട്ടം ചർച്ചകൾ പൂർത്തിയാക്കിയെന്നും അതിന്റെ ഫലം മോശമാണെന്നും അദ്ദേഹം പറഞ്ഞു. കരാറിൽ ഒരുമാറ്റവും വരുത്താൻ സർക്കാർ തയ്യാറല്ല. ഒരു രാഷ്ട്രീയ സമവായത്തിലെത്താനുള്ള യാതൊരു ഉദ്ദേശ്യവും സർക്കാരിനുള്ളതായി ഈ ചർച്ചകളിൽ പ്രതിഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒത്തുതീർപ്പിനുള്ള യാതൊരു നിർദേശവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉയരാത്തതിൽ നിരാശയുണ്ടെന്ന് ലേബർ പാർട്ടി വക്താവ് പറഞ്ഞു. കരാറിൽ യുക്തിസഹമായ പരിഷ്‌കാരങ്ങൾ നിർദേശിക്കുകയും അത് ചർച്ചയ്ക്കായി മുന്നോട്ടുവെക്കുകയുമാണ് വേണ്ടത്. അതുവഴി പാർലമെന്റിന്റെ പിന്തുണ നേടാനും രാജ്യത്തെ ഒന്നിച്ചുകൊണ്ടുവരാനും സാധിക്കും. അതിന് സർക്കാരിന്റെ ഭാഗത്തുനിന്നാണ് കാര്യമായ ശ്രമമുണ്ടാകേണ്ടതെന്നും വക്താവ് വ്യക്തമാക്കി.

എന്നാൽ, കരാർ അംഗീകരിക്കുന്നതിന് പകരം രണ്ടാം റഫറണ്ടം എന്ന ആവശ്യം ലേബർ പാർട്ടി മുന്നോട്ടുവെച്ചതായും സൂചനയുണ്ട്. ഇനിയൊരു റഫറണ്ടം സാധ്യമല്ലെന്ന നിലപാടിലാണ് തെരേസ മെയ്‌ ഉറച്ചുനിന്നത്. ചർച്ചകൾ പരാജയപ്പെടുന്നതിന് ഇതാണ് പ്രധാനകാരണമെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടാം റഫറണ്ടം എന്ന ആവശ്യം ഉൾക്കൊള്ളിച്ചില്ലെങ്കിൽ കരാറിന് ലേബർ പാർട്ടി പിന്തുണ നൽകില്ലെന്ന് പാർട്ടി ഉപനേതാവ് ടോം വാട്‌സൺ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ലേബർ പാർട്ടിയിലും അഭിപ്രായ വ്യത്യാസമുണ്ട്. കഴിഞ്ഞദിവസം ലേബർ പാർട്ടിയിലെ 25 എംപിമാർ ചേർന്ന് രണ്ടാം റഫറണ്ടം എന്ന ആവശ്യമുന്നയിക്കുന്നതിനെതിരേ കോർബിന് കത്തെഴുതിയിരുന്നു.

അതിനിടെ, ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പ്രതിസന്ധികളോട് കടുത്ത നിലപാടെടുക്കാൻ തയ്യാറെടുക്കുകയാണ് യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങൾ. മെയ് 22-ന് യൂറോപ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ ഘട്ടത്തിൽ ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ പത്തിനകം വ്യക്തമായ കരാറുമായി എത്താനായില്ലെങ്കിൽ, ബ്രെക്‌സിറ്റ് നീട്ടിക്കൊടുക്കാനാവില്ലെന്നാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ അടക്കമുള്ളവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. പത്തിനകം വ്യക്തമായ ധാരണയുണ്ടാക്കാനായില്ലെങ്കിൽ, നോ ഡീൽ ബ്രെക്‌സിറ്റിലേക്കാവും ബ്രിട്ടൻ പോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP