Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറാന്റെ സമുദ്രാതിർത്തി കടന്നാൽ ഏതു വലിയവന്റെ കപ്പലുകളും നോക്കി നിൽക്കവെ മുക്കിയിരിക്കും; ഏത് യുദ്ധവിമാനങ്ങളും കടലിൽ വീഴ്‌ത്തും; സേനയെ അയക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്

ഇറാന്റെ സമുദ്രാതിർത്തി കടന്നാൽ ഏതു വലിയവന്റെ കപ്പലുകളും നോക്കി നിൽക്കവെ മുക്കിയിരിക്കും; ഏത് യുദ്ധവിമാനങ്ങളും കടലിൽ വീഴ്‌ത്തും; സേനയെ അയക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനെതിരെ യുദ്ധനീക്കം നടത്തുന്ന അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമേരിക്ക നടത്തുന്ന പടനീക്കം വിഡ്ഡിത്തമാണെന്ന് ഇറാനിലെ മുതിർന്ന സൈനികോദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ ഓയിൽ ടാങ്കറുകൾക്കുനേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് പടനീക്കം നടത്തുന്നത്. 1500 സൈനികരെക്കൂടി മേഖലയിൽ നിയോഗിക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഇറാൻ മിലിട്ടറി കമാൻഡിന്റെ ഉപദേഷ്ടാവായ ജനറൽ മൊർത്താസ ഖുർബാനിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. രണ്ട് യുദ്ധക്കപ്പലുകളെ അമേരിക്ക അയക്കുന്നുണ്ട്. അവ അതിസാഹസികത കാട്ടി ഇറാന്റെ സമുദ്രാതിർത്തി കടന്നാൽ കപ്പലുകൾ ഞൊടിയിടയിൽ കടലിന്റെ അടിത്തട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പലുകളും അതിലുള്ള സൈനികരും യുദ്ധവിമാനങ്ങളുമെല്ലാം തകർത്തു തരിപ്പണമാക്കാൻ രണ്ട് മിസൈലുകളും രണ്ട് പുതിയ രഹസ്യായുധങ്ങളും മതിയെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽനിന്നുള്ള ഭീഷണി നേരിടുന്നതിനായാണ് ട്രംപ് ഭരണകൂടം രണ്ട് വിമാനവാഹിനി കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുണ്ടെന്നും ആണവ പരീക്ഷണങ്ങൾ എത്രയും വേഗം നിർത്തിവെക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. കഴിഞ്ഞവർഷം ഇറാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഇറാനുമേൽ സമ്മർദം കൂട്ടുന്നതിന് അവിടെനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഉപരോധ ഭീഷണിചെലുത്തി പിന്മാറ്റാനും അമേരിക്കയ്ക്കായി.

ആണവ കരാറിൽനിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്മാറിയത്. ആറ് രാജ്യങ്ങളൊപ്പിട്ട കരാറിൽ ഫ്രാൻസും ബ്രിട്ടനുമടക്കം മറ്റു രാജ്യങ്ങളെല്ലാം ഇപ്പോഴും കരാറിന്റെ ഭാഗമാണ്. അമേരിക്കയുടെ നടപടി ലോകമെമ്പാടുംനിന്നും വിമർശനത്തിന് ഇടയാക്കിയെങ്കിലും കരാറിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ ട്രംപ് ഭരണകൂടം ഉറച്ചുനിന്നു. മുൻഗാമി ബരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ കരാർ ധൃതിപിടിച്ചെടുത്തതാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് അമേരിക്ക കരാറിലൊപ്പുവെച്ചതെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി.

ഇറാന്റെ ആയുധശേഷിയെക്കുറിച്ച് അവിടുത്തെ സൈനികോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അതിശയോക്തിയോടെയാണ് സംസാരിക്കാറുള്ളതെന്നും, ഇറാന്റെ മുന്നറിയിപ്പുകൾ കാര്യമാക്കേണ്ടതില്ലെന്നുമാണ് പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട്. എന്നാൽ, തീരത്ത് വിന്യസിച്ചിട്ടുള്ള മിസൈലുകളും കടലിൽ സ്ഥാപിച്ചിട്ടുള്ള മൈനുകളും ഇറാനെ പ്രതിരോധിക്കുമെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ഇറാൻ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഗൾഫ് മേഖലയിൽ സംഘർഷം നിലനിർത്തുകയെന്നതാണ് അമേരിക്കയുടെ അജൻഡയെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറയുന്നു. ഇറാൻ ആണവായുധപരീക്ഷണം നടത്തുന്നുണ്ടെന്ന ആരോപണമുന്നയിക്കുന്നത് അതിനാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ പ്രതിരോധത്തിലാക്കുന്നതിന് യുദ്ധവിമാനങ്ങളടക്കം സർവസന്നാഹങ്ങളും പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന അമേരിക്കയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് മുഹമ്മദ് ജാവേദ് ഇങ്ങനെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP