1000 അമേരിക്കൻ പട്ടാളക്കാർ കൂടി ഇറാൻ തീരത്തേക്ക്; എണ്ണക്കപ്പലുകൾ ആക്രമിച്ചത് ഇറാനെന്ന് തെളിയിക്കുന്ന കളർ ചിത്രങ്ങൾ പുറത്ത് വിട്ട് അമേരിക്ക; യുറാനിയം സമ്പുഷ്ടീകരണത്തിൽ ഇനി പരിധികൾ ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ; അനുനിമിഷം യുദ്ധസാധ്യത ഉയരുമ്പോൾ
June 18, 2019 | 08:45 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: ഇറാനുമായുള്ള സ്പർധ കൊഴുക്കുന്നതിനിടെ തിങ്കളാഴ്ച യുഎസ് മിഡിൽ ഈസ്റ്റിലേക്ക് 1000ത്തിൽ അധികം പട്ടാളക്കാരെ കൂടി അയച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.പേർഷ്യൻ ഗൾഫിന് സമീപം കഴിഞ്ഞ ആഴ്ച രണ്ട് ഓയിൽ ടാങ്കറുകളെ ആക്രമിച്ചത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്ന കളർ ഫോട്ടോകൾ പെന്റഗൺ പുറത്ത് വിട്ട് അധികം വൈകുന്നതിന് മുമ്പാണ് പുതിയ സൈനിക നീക്കം അമേരിക്ക നടത്തിയിരിക്കുന്നത്.
ഇറാന്റെ റെവല്യൂഷണറി ഗാർഡ്സാണ് ഈ ആക്രമണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണിവ. അമേരിക്കയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായി യുറാനിയം സമ്പുഷ്ടീകരണത്തിൽ ഇനി തങ്ങൾക്ക് പരിധികൾ ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മേഖലയിൽ ഏത് നിമിഷവും യുദ്ധസാധ്യത ഉയരുകയാണിപ്പോൾ.
മിഡിൽ ഈസ്റ്റിൽ അമേരിക്ക വായു, നാവിക , കര മേഖലകളിൽ നേരിടുന്ന പുതിയ ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ സൈനികരെ ഇവിടേക്ക് അയച്ചിരിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്ടിങ് ഡിഫെൻസ് സെക്രട്ടറിയായ പട്രിക് ഷനാഹൻ പ്രതികരിച്ചിരിക്കുന്നത്.
ഈ റീജിയണിൽ യുഎസിന്റെ താൽപര്യങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്ന വിധത്തിലാണ് ഇറാൻ സൈന്യവും അവരുടെ പ്രോക്സി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതെന്നും ഷനാഹൻ ആരോപിക്കുന്നു. മേഖലയിൽ ഇറാനുമായി ഒരു യുദ്ധമുണ്ടാക്കുന്നതിന് യുഎസിന് തീരെ താൽപര്യമില്ലെന്നും എന്നാൽ യുഎസിന്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ സൈനിക വിന്യാസമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
യുറാനിയം സമ്പുഷ്ടീകരണത്തിൽ തങ്ങൾക്ക് മേൽ യുഎസ് പരിധികൾ ഏർപ്പെടുത്തിയിരുന്നത് മുമ്പ് യുഎസും ഇറാനും തമ്മിലുണ്ടാക്കിയിരുന്ന ആണവ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ വർഷം ട്രംപ് പ്രസ്തുത കരാറിൽ നിന്നും ഏകപക്ഷീയമായി വിട്ട് പോയതോടെ ഈ പരിധികൾ ഇല്ലാതായിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസമായിരുന്നു ഇറാൻ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാനെ താൻ ഒരിക്കലും അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് സെക്യൂരിറ്റി കൗൺസിൽ ഒരു പ്രസ്താവനയിലൂടെ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
ഗൾഫ് ഓഫ് ഒമാനിൽ വച്ച് ഇറാൻ പട്ടാളക്കാർ എണ്ണക്കപ്പലുകളെ ആക്രമിക്കുന്ന ചിത്രങ്ങൾ യുഎസ് എംഎച്ച് 60 ആർ നേവി സർവയ്ലൻസ് ഹെലികോപ്റ്ററിൽ നിന്നായിരുന്നു വ്യാഴാഴ്ച പകർത്തപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കഴിഞ്ഞ ആഴ്ചയായിരുന്നു പെന്റഗൺ പുറത്ത് വിട്ടിരുന്നത്. ആക്രമണത്തിന്റെ കൂടുതൽ വ്യക്തമായ തെളിവുകൾ തങ്ങൾക്ക് വേണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെന്റഗൺ പുതിയ കളർ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇറാനാണ് എണ്ണക്കപ്പലുകളെ ആക്രമിച്ചിരിക്കുന്നതെന്ന വീഡിയോയിൽ നിന്നും വ്യക്തമാണെന്നും അതിനാൽ ഇവിടെ ഇറാൻ നിക്ഷേപിച്ചിരിക്കുന്ന ഇനിയും പൊട്ടിത്തെറിച്ചിട്ടില്ലാത്ത മൈൻ ഉടൻ നീക്കം ചെയ്യേണ്ടിയിരിക്കുന്നുവെന്നുമാണ് പുതിയ ചിത്രങ്ങൾക്കൊപ്പം പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്താവനയിലൂടെ സെൻട്രൽ കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനാണ് ഈ ആക്രമണത്തിന് പുറകിലെന്ന് സ്ഥാപിച്ച് ഇന്നലെയാണ് പെന്റഗൺ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരിക്കുന്ന ഇത് സംബന്ധിച്ച ചിത്രങ്ങളേക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്ത് വന്നിരിക്കുന്നത്.ഇത് സംബന്ധിച്ച ഒറിജിനൽ ചിത്രങ്ങൾ നൈറ്റ് വിഷൻ ക്യാമറകളിലാണ് പകർത്തിയിരിക്കുന്നതെന്നും എന്നാൽ പുതിയ ചിത്രങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത് പകൽ വെളിച്ചത്തിലാണെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.
