Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടെന്ന് സമ്മതിച്ച് അമേരിക്ക; ഇറാൻ റെവലൂഷനറി ഗാർഡ് വെടിവെച്ചിട്ടത് അമേരിക്കൻ സേനയുടെ ആർക്യു4 ഗ്ലോബൽ ഹോക്ക് എന്ന ആളില്ലാ വിമാനം; അതിർത്തി ലംഘിച്ചെന്ന ഇറാന്റെ വാദം തെറ്റെന്നും അമേരിക്ക; നഷ്ടമായത് ഏത് കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന അത്യാധുനിക വിഭാഗത്തിൽപ്പെട്ട ഡ്രോൺ; ഹൂതികൾക്ക് ക്രൂയിസ് മിസൈലുകൾ നൽകുന്ന ഇറാൻ നടപടി നിരീക്ഷിക്കുമെന്നും യുഎസ്

തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടെന്ന് സമ്മതിച്ച് അമേരിക്ക; ഇറാൻ റെവലൂഷനറി ഗാർഡ് വെടിവെച്ചിട്ടത് അമേരിക്കൻ സേനയുടെ ആർക്യു4 ഗ്ലോബൽ ഹോക്ക് എന്ന ആളില്ലാ വിമാനം; അതിർത്തി ലംഘിച്ചെന്ന ഇറാന്റെ വാദം തെറ്റെന്നും അമേരിക്ക; നഷ്ടമായത് ഏത് കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന അത്യാധുനിക വിഭാഗത്തിൽപ്പെട്ട ഡ്രോൺ; ഹൂതികൾക്ക് ക്രൂയിസ് മിസൈലുകൾ നൽകുന്ന ഇറാൻ നടപടി നിരീക്ഷിക്കുമെന്നും യുഎസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവെച്ച് വീഴ്‌ത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്ക. അമേരിക്കൻ സേനയുടെ ആർക്യു4 ഗ്ലോബൽ ഹോക്ക് എന്ന ആളില്ലാ വിമാനമാണ് വ്യോമപരിധി ലംഘിച്ച് പറന്നെന്ന് ആരോപിച്ച് ഇറാൻ വെടിവെച്ചിട്ടത്.ഇറാന്റെ റെവലൂഷനറി ഗാർഡ് ആണ് ഡ്രോൺ തകർത്തത് എന്ന് നേരത്തെ തന്നെ ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണുകൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി നേരത്തെ തന്നെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡ്രോണുകളെ ആക്രമിക്കാനുള്ള ശ്രമം മാത്രമാണ് നടന്നതെന്നും തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് യുഎസ് സെന്ററൽ കമാൻഡ് വക്താവ് ആദ്യം പറഞ്ഞത്. ഇറാന്റെ വ്യോമ പരിധിയിലേക്ക് യുഎസ് ഡ്രോണുകൾ പ്രവേശിച്ചിട്ടില്ലെന്നും അമേരിക്കൻ സേന വ്യക്തമാക്കി.

വെടിവെച്ച് വീഴ്‌ത്തിയ ഡ്രോൺ അമേരിക്കൻ നിർമ്മിത ആർക്യു4 ഗ്ലോബൽ ഹോക്ക് തന്നെയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. തുടർച്ചയായി 30 മണിക്കൂർ വരെ പറക്കാൻ ശേഷിയുള്ള നിരീക്ഷണ പേടകമാണ് ആർക്യു4. ലൈവ് നിരീക്ഷണ റിപ്പോർട്ടുകൾ, മികച്ച ചിത്രങ്ങളും വിഡിയോയും എന്നിവ കൈമാറാൻ ശേഷിയുള്ള ഈ ഡ്രോൺ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും.അതേസമയം, സൗദി അറേബ്യയിലെ നഗരങ്ങൾ, വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഹൂതികൾക്ക് അത്യാധുനിക ക്രൂസ് മിസൈലുകൾ നൽകുന്നത് ഇറാൻ ആണെന്നും ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്നും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

എണ്ണക്കപ്പൽ ആക്രമണത്തിന്റെ പേരിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് മേഖലയിൽ 1000 സൈനികരെക്കൂടി വിന്യസിക്കാൻ അമേരിക്ക നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. യുഎസ്എസ് അബ്രഹാം ലിങ്കൺ സ്‌ട്രൈക് ഗ്രൂപ്പുമായി ഇവർ ചേരും. പാട്രിയറ്റ് മിസൈൽ, വിമാനവാഹിനികൾ, യുദ്ധക്കപ്പലുകൾ, 10,000 സൈനികർ എന്നിവ ഉൾപ്പെടുന്ന വിശാല സൈനിക പദ്ധതിയുടെ ഭാഗമായ നീക്കത്തിന് പെന്റഗൺ അനുമതി നൽകിയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽനിന്നുള്ള ശത്രുതാപരമായ സ്വഭാവത്തോടുള്ള പ്രതികരണമായാണ് സൈനിക വിന്യാസമെന്ന് പ്രതിരോധ ഉപമേധാവി പാട്രിക് ഷനഹാൻ അറിയിച്ചിരുന്നു.

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആവർത്തിക്കുന്ന കൂടുതൽ ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു. കഴിഞ്ഞ മെയ് 11ന് പാട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനവും പോർവിമാനങ്ങളും പടക്കപ്പലും സൈനികർക്കൊപ്പം അമേരിക്ക വിന്യസിച്ചിരുന്നു. യുഎസ് ബി-52 ബോംബർ വിമാനങ്ങൾ ഖത്തറിലെ അമേരിക്കൻ വ്യോമതാവളമായ അൽ ഉദൈദിൽ വിന്യസിച്ചിരിക്കയാണ്. ഇതിനുപുറമെ ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഗൾഫ് കടൽ മേഖലകളിലും അമേരിക്കൻ സൈന്യത്തെ വിന്യസിക്കാൻ അനുമതി വാങ്ങിയിട്ടുമുണ്ട്. 12 പശ്ചിമേഷ്യൻ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 54,000 സൈനികരുണ്ട്. അഞ്ചാം കപ്പൽപ്പട ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ സൈനിക ക്യാമ്പുമുണ്ട്.

ഇറാനിൽനിന്നുള്ള ഭീഷണി മുൻനിർത്തിയാണ് ഗൾഫ് മേഖലയിൽ പടയൊരുക്കമെന്നാണ് അമേരിക്കൻ വാദം. എന്നാൽ, ലോകത്ത് തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് അമേരിക്ക വ്യാജ കാരണങ്ങൾ നിരത്തുന്നതിന്റെ തുടർച്ചയാണിതെന്ന് ഇറാൻ പ്രത്യാരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP