Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകൾ വിട്ട് കൊടുക്കാതെ മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ കൂറ്റൻ പടക്കപ്പൽ കൂടി പേർഷ്യൻ തീരത്തേക്ക് അയച്ച് യുദ്ധസന്നാഹം ഒരുക്കി ബ്രിട്ടൻ മുൻപോട്ട്; ഗറില്ല യുദ്ധവുമായി ബ്രിട്ടനെയും അമേരിക്കയെയും വിറപ്പിക്കാനുള്ള നീക്കവുമായി ഇറാനും; ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ച് ഗൾഫ് കടൽത്തീരം; ലോകം ഒരുങ്ങുന്നത് യുദ്ധത്തിന് തന്നെ

പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകൾ വിട്ട് കൊടുക്കാതെ മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ കൂറ്റൻ പടക്കപ്പൽ കൂടി പേർഷ്യൻ തീരത്തേക്ക് അയച്ച് യുദ്ധസന്നാഹം ഒരുക്കി ബ്രിട്ടൻ മുൻപോട്ട്; ഗറില്ല യുദ്ധവുമായി ബ്രിട്ടനെയും അമേരിക്കയെയും വിറപ്പിക്കാനുള്ള നീക്കവുമായി ഇറാനും; ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ച് ഗൾഫ് കടൽത്തീരം; ലോകം ഒരുങ്ങുന്നത് യുദ്ധത്തിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: റോയൽ നേവിയുടെ എച്ച്എംഎസ് ഡൻകൻ എന്ന ഒരു ബില്യൺ പൗണ്ട് വിലയുള്ള കൂറ്റൻ പടക്കപ്പൽ ഇറാന് കടുത്ത മുന്നറിയിപ്പേകി പേർഷ്യൻ തീരത്തെത്തി. ഇറാന്റെ പിടിച്ചെടുത്ത എണ്ണക്കപ്പലുകൾ വിട്ട് കൊടുക്കാത്ത കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇറാനോടുള്ള നിലപാട് ഒന്ന് കൂടി കടുപ്പിച്ച് ബ്രിട്ടൻ രംഗത്തെത്തിയിരിക്കുന്നത്. മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ ഡൻകൻ എന്ന ഈ പടക്കപ്പൽ ഇറാനെതിരെ യുദ്ധസന്നാഹം ഒരുക്കുന്നതിന് വേണ്ടി തന്നെയാണ് അയച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.

അതിനിടെ ബ്രിട്ടൻ, അമേരിക്ക എന്നിവയടക്കമുള്ള തങ്ങളുടെ ശത്രുരാജ്യങ്ങൾക്ക് നേരെ ഗറില്ലാ യുദ്ധമുറ പരീക്ഷിക്കുന്നതിനായി ഇറാൻ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഇറാൻ തങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് ഒരടി അങ്ങോട്ട് കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടൻ അത്യന്താധുനിക പടക്കപ്പലിനെ പേർഷ്യൻ തീരത്തേക്ക് അയച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.ഇതോടെ ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ചാണ് ഗൾഫ് കടൽത്തീരം നിലകൊള്ളുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലോകം ഒരുങ്ങുന്നത് സമ്പൂർണ യുദ്ധത്തിന് തന്നെയാണ്.

അത്യധികമായ നശീകരണശേഷിയുള്ള മിസൈലുകൾ, ഏറ്റവും പുതിയ ആന്റി സബ് മറൈൻ ടെക്നോളജി, എന്നിവയടങ്ങിയ എച്ച്എംഎസ് ഡൻകനോട് കരിങ്കടലിൽ നടന്ന് വരുന്ന നാറ്റോ സൈനിക പരിശീലനത്തിൽ നിന്നും പിന്തിരിയാനും ഹോർമുസ് കടലിടുക്കിലേക്ക് പോകാനും യുകെയുടെ ഓയിൽ ടാങ്കറുകളെ സംരക്ഷിക്കാനും ഡിഫെൻസ് ചീഫുമാർ ഉത്തരവിടുകയായിരുന്നു.ഈ ടൈപ്പ് 45 വെസലിൽ റോയൽ മറൈൻ കമാൻഡോകൾ, മെർലിൻ ഹെലികോപ്റ്റർ, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ബ്രിട്ടന്റെ ഓയിൽ ടാങ്കറായ ബ്രിട്ടീഷ് ഹെറിറ്റേജ് ഹോർമുസ് കടലിടുക്കിലൂടെ പോകുമ്പോൾ അതിന് നേരെ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡുമാർ ആക്രമിക്കാനെത്തിയപ്പോൾ ഈ ഹെലികോപ്റ്റർ ശക്തമായി തിരിച്ചടിച്ചിരുന്നു.

ലോകമെമ്പാടുമുള്ള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്ന് പോകുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇതിന് വെറും 21 മൈൽ വീതി മാത്രമേയുള്ളൂ. പേർഷ്യൻ ഗൾഫിൽ നിന്നും തുറന്ന സമുദ്രത്തിലേക്കുള്ള ഏകവഴിയാണീ കടലിടുക്ക്. കഴിഞ്ഞ ഏതാനുംആഴ്ചകളായി ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ നടന്ന് വരുന്ന സ്പർധയുടെ കേന്ദ്രം ഈ കടലിടുക്കാണ്. കഴിഞ്ഞ മേയിൽ ഇറാനുമായുള്ള ന്യൂക്ലിയർ ഡീലിൽ നിന്നും യുഎസ് പ്രസിഡന്റ് ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്നാണ് ഇവിടം കേന്ദ്രീകരിച്ച് സംഘർഷം രൂക്ഷമായിരിക്കുന്നത്. യുഎസും ഇറാനും പരസ്പരം പോർവിളികളും സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ ഇറാന്റെ എണ്ണക്കപ്പലുകളെ ജിബ്രാൾട്ടറിന് സമീപം ബ്രിട്ടൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പിടിച്ച് വച്ചതിനെ തുടർന്നാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള യുദ്ധസാധ്യത വർധിച്ച് വരുന്നത്. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുൻപു പിടിച്ചെടുത്ത എണ്ണക്കപ്പൽ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ ബ്രിട്ടണ് അന്ത്യശാസനം നൽകിയിരുന്നു. 'ഇത് അപകടം പിടിച്ച കളിയാണ്. ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കപ്പൽ വിട്ടുനൽകാതിരിക്കാൻ നിയമപരമായി പറയുന്ന ഒഴികഴിവുകൾക്കു വിലയില്ല' ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പ്രതികരിച്ചു. ഇന്ധന ടാങ്കർ വിട്ടുനൽകിയില്ലെങ്കിൽ ബ്രിട്ടനു മറുപടി നൽകാനാണ് ഇറാന്റെ തീരുമാനം. ഇത് തള്ളിക്കളഞ്ഞാണ് ബ്രിട്ടൺ പോരിനെത്തുന്നത്.

മേഖലയിൽനിന്നു വിദേശ ശക്തികൾ വിട്ടുപോകണം. ഇറാനും പ്രദേശത്തെ മറ്റു രാഷ്ട്രങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷിയുണ്ടെന്നും മൗസവി അവകാശപ്പെട്ടു. സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയൻ കപ്പലായ ഗ്രേസ് 1 (സൂപ്പർ ടാങ്കർ), ജിബ്രാൽട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. യുറോപ്യൻ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ. അതിനിടെ പേർഷ്യൻ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കപ്പലുകൾക്ക് നേരേ ഇറാന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം.

ജൂൺ 13ന് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെയാണ് യുഎസ് ഇറാൻ ബന്ധം കൂടുതൽ വഷളായത്. ഹോർമുസ് കടലിടുക്കിനു സമീപം യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിട്ടതും പ്രശ്‌നങ്ങൾ വഷളാക്കി. തങ്ങളുടെ സമുദ്രാതിർത്തിയിലെത്തിയ യുഎസ് ഡ്രോണാണു വെടിവച്ചു വീഴ്‌ത്തിയതെന്നു ഇറാൻ അവകാശപ്പെട്ടു. എന്നാൽ അതിർത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തിൽ യുഎസിന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP