Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്

യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇ.യുടെ എണ്ണക്കപ്പൽ രണ്ടുദിവസമായി കാണാനില്ലെന്ന റിപ്പോർട്ടുകൾ ഗൾഫ് മേഖലയെ വീണ്ടും സംഘർഷത്തിലേക്ക് തിരിച്ചുവിട്ടു. കപ്പൽ ഇറാൻ പിടിച്ചെടുത്തുവെന്ന ആശങ്കയിലാണ് യു.എ.ഇ. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് റിയാ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് യു.എ.ഇ പറയുന്നു. പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിയുകയായിരുന്നു. പിന്നീട് കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചതായും യു.എ.ഇ. വ്യക്തമാക്കി.

കപ്പലിൽനിന്നുള്ള യാതൊരു സന്ദേശവും പിന്നീടിതുവരെ ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കപ്പലിന്റെ യാത്ര ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് തടഞ്ഞതായാണ് അമേരിക്ക കരുതുന്നത്. ജിബ്രാൾട്ടറിന് സമീപം ഇറാന്റെ കപ്പലുകളിലൊന്നിനെ ബ്രിട്ടൻ തടഞ്ഞിരുന്നു. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിൽ ബ്രിട്ടന്റെ കപ്പലുകളിലൊന്നിനെ തടയാൻ ഇറാനും ശ്രമിച്ചിരുന്നു. അത് ഫലിക്കാതായതോടെയാണ് യു.എ.ഇ. കപ്പലിനെ തടയാൻ ഇറാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

58 മീറ്റർ നീളമുള്ള കൂറ്റൻ ഓയിൽ ടാങ്കറാണ് ഇപ്പോൾ കാണാതായ റിയ. ദുബായിയിൽനിന്നും ഷാർജയിൽനിന്നുമായി യു.എ.ഇ.യുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്ക് പതിവായി യാത്ര ചെയ്യുന്ന ടാങ്കറാണിത്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യവെ, ശനിയാഴ്ച രാത്രി പതിനൊന്നിനുശേഷം ഇതിൽനിന്നുള്ള സന്ദേശങ്ങൾ നിലയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം ദിവസേന കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് ഇറാനെ മേഖലയിൽ ശക്തരാക്കുന്നത്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കപ്പലിൽനിന്നുള്ള സന്ദേശങ്ങൾ നിലച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. അതുകൊണ്ടാണ് പൊടുന്നനെ സന്ദേശങ്ങൾ നഷ്ടപ്പെട്ടതിനെ ആശങ്കയോടെ കാണാൻ അവരെ പ്രേരിപ്പിക്കുന്നത്. റിയാ എണ്ണക്കപ്പൽ കാണാതായ സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എ.ഇ.യും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മേഖലയിലുള്ള അമേരിക്കൻ നാവികസേനയും സംഭവത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ഇറാനാണ് ഇതിന് പിന്നിലെന്ന് അമേരിക്ക വിശ്വസിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ നഷ്ടപ്പെട്ട ടാങ്കർ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതർ വെളിപ്പെടുത്തി. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യു.എ.ഇ സമുദ്രാതിർത്തി പിന്നിട്ട് ഇറാൻ ഭാഗത്ത് പ്രവേശിച്ചത് മുതൽ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ തെരച്ചിൽ തുടരുന്നുണ്ട്. കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കിയത്. എന്നാൽ ടാങ്കർ കടലിൽ തകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായ പിന്മാമാറിയശേഷമാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുട യാത്ര ഇറാൻ തടയാൻ തുടങ്ങിയത്. അമേരിക്കയിൽ സമ്മർദം ചെലുത്തുകയാണ് ഇതിന്റെ ലക്ഷ്യം. അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ ടാങ്കറുകൾ ഇതിനുശേഷം ഹോർമുസ് കടലിടുക്കിൽ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ഉണ്ടായി. മെയ്‌, ജൂൺ മാസങ്ങളിലായി യു.എ.ഇ.യുടെ രണ്ട് ടാങ്കറുകളാണ് കടലിടുക്കിൽ ആക്രമണത്തിനിരയായത്.

ടാങ്കറുകൾക്കുനേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ഇതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇത് മേഖലയിൽ സംഘർഷം ശക്തിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ആണവകരാറിൽ നിർദ്ദേശിച്ചിരുന്നതിനെക്കാൾ കൂടുതൽ യുറേനിയം സമ്പുഷ്ടീകരണമുൾപ്പെടെയുള്ള നടപടികളിലേക്കും ഇറാൻ തിരിഞ്ഞു. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ സംഘർഷം ചെലുത്തുന്നതിനാണ് ആണവ പരിപാടികൾ പുനരുജ്ജീവിപ്പിച്ചതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

ഇറാനുമേൽ സമ്മർദം ചെലുത്തുന്നതിനായി യുദ്ധസമാനമായ രീതിയിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെയും പടക്കപ്പലുകളെയും അമേരിക്ക നിയോഗിച്ചു. ആണവശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങളടക്കം പശ്ചിമേഷ്യയിൽ വിന്യസിച്ചു. ഇതിനോടെല്ലാം ഇറാനും ശക്തമായി തിരിച്ചടിച്ചത് മേഖലയിലെ സംഘർഷം കൂട്ടുകയും ചെയ്തു. അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ വ്യോമാതിർത്തി ലംഘിച്ചുവെന്ന പേരിൽ ഇറാൻ വെടിവെച്ചിട്ടിരുന്നു.

ജിബ്രാൾട്ടറിൽ നിന്ന് പിടിച്ചെടുത്ത ഇന്ധന ടാങ്കർ മോചിപ്പിക്കണമെന്ന് ഇറാൻ ബ്രിട്ടീഷ് നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടൻ അപകടകരമായ ഗെയിം കളിച്ചുവെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പേർഷ്യൻ ഗൾഫിലേക്ക് ഒരു യുദ്ധക്കപ്പൽ അയയ്ക്കുകയാണെന്ന് ലണ്ടൻ അറിയിച്ചത്. ഇത് സംഘർഷത്തിന് പുതിയ തലം നൽകി. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ചുവെന്ന് സംശയിക്കുന്ന സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റനേയും ചീഫ് ഓഫിസറേയും അറസ്റ്റ് ചെയ്തതായി ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വ്യക്തമാണ്. കപ്പൽ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇറാന്റെ വെല്ലുവിളി നേരിടാൻ ബ്രിട്ടന്റെ സൈനികർക്കും യുദ്ധക്കപ്പലുകൾക്കുമുപ്പം ആയിരക്കണക്കിന് സൈനികരെയാണ് അമേരിക്കയും പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരിക്കുന്നത്. വിമാനവാഹിനിക്കപ്പൽ, ബി -52 ബോംബറുകൾ, നൂതന യുദ്ധവിമാനങ്ങളെല്ലാം മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുകയാണ്. ഒരു വർഷം മുൻപ് ആണവ കരാറിൽ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി ഇറാൻ അടുത്തിടെയാണ് ലോകശക്തികളുമായുള്ള ആണവ കരാറിൽ നിന്നു പിന്മാറിയത്. ഇതോടെയാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിധി മറികടക്കാൻ തുടങ്ങിയത്. ടെഹ്റാനിലെ എണ്ണ കയറ്റുമതിയിൽ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കരാറിലെ മറ്റു കക്ഷികളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവർ സാമ്പത്തികവുമായി മുന്നോട്ട് വരികയാണെമെങ്കിൽ ആണവ കരാർ പഴയപടിയാക്കുമെന്നാണ് ഇറാന്റെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP