Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പൽ കമ്പനികൾ; മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പൽ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റുമുട്ടിയാൽ വമ്പൻ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്മാർ

ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പൽ കമ്പനികൾ; മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പൽ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റുമുട്ടിയാൽ വമ്പൻ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്മാർ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം ബ്രിട്ടീഷ് കപ്പൽ സ്റ്റെനെ ഇംപെറോ ഇറാൻ പിടിച്ചിട്ടിട്ട് മൂന്ന് ദിവസമായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാത്ത ബ്രിട്ടന്റെ റോയൽ നേവിക്കെതിരെയുള്ള വിമർശനങ്ങളും പരിഹാസങ്ങളും ശക്തമാകുന്നു. ഇത്തരത്തിൽ ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാതെ ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് കടുത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ ഇറാനെ പേടിച്ച് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ചാണ് നിരവധി കപ്പൽ കമ്പനികൾ ഗൾഫിലൂടെ കപ്പലോടിക്കുന്നതെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തിട്ടും ഇത്രയും ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും നാണം കെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇറാനോട് ഏറ്റ് മുട്ടിയാൽ വമ്പൻ പണിയെന്ന് സായിപ്പന്മാർ തിരിച്ചറിഞ്ഞതിനാലാണ് ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. സമീപവർഷങ്ങളിലായി കടുത്ത തോതിൽ ചെലവ് ചുരുക്കൽ നയം നടപ്പിലാക്കിയതിനാലാണ് ബ്രിട്ടീഷ് നേവിക്ക് ഇറാനെ ചോദ്യം ചെയ്യാൻ കരുത്തില്ലാതെ പോയതെന്ന് ആരോപിച്ച് മുൻ അഡ്‌മിറലുകൾളും വിവിധ രാഷ്ട്രീയ നേതാക്കളും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

ചെലവ് ചുരുക്കൽ കാരണം ബ്രിട്ടീഷ് നേവിക്ക് നിലവിൽ പടക്കപ്പലുകളുടെ കടുത്ത അപര്യാപ്തയുണ്ടെന്നാണ് മുൻ ഫസ്റ്റ് സീ ലോർഡായ ആദം വെസ്റ്റ് പറയുന്നത്. ബ്രിട്ടീഷ് താൽപര്യങ്ങളെ കാക്കുന്നതിന് നേവി പര്യാപ്തമല്ലാത്ത വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നുവെന്നാണ് ഡിഫെൻസ് മിനിസ്റ്ററായ ടോബിയാസ് എൽവുഡ് സമ്മതിക്കുന്നത്.എന്നാൽ അടുത്ത പ്രധാനമന്ത്രിയായി ചുതലയേൽക്കാൻ പോകുന്ന ബോറിസ് ജോൺസൻ ഈ പ്രശ്നത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടന്റെ ഓയിൽ ടാങ്കർ ഒമാൻ സമുദ്ര ഭാഗത്ത് കൂടെ സഞ്ചരിക്കുമ്പോൾ ഇറാൻ വെള്ളിയാഴ്ച പിടിച്ചെടുത്തിട്ടും അതിനെതിരെ ബ്രിട്ടൻ ചെറുവിരൽ അനക്കാത്തതിനെ തുടർന്നാണ് ഇത് സംബന്ധിച്ച വിമർശനം ശക്തമായിരിക്കുന്നത്.

ബ്രിട്ടന്റെ നേവി 2005 മുതൽ നാശത്തിന്റെ വക്കിലാണെന്നാണ് റിട്ടയേർഡ് കമാൻഡർ ഓഫ് യുകെ മാരിടൈം ഫോഴ്സസായ റിയർ അഡ്‌മിറൽ അലെക്സ് ബർട്ടൻ ഇന്നലെ ആരോപിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് ആഗോളതലത്തിൽ ബ്രിട്ടന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിന് സാധിക്കാതെ പോയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിക്കുന്നു.1982ൽ റോയൽ നേവിയിൽ നാല് എയർക്രാഫ്റ്റ് കാരിയറുകളുണ്ടായിരുന്നുവെങ്കിൽ 2008ൽ അത് രണ്ടായും 2019ൽ അത് ഒന്നായുമാണ് ചുരുങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ ഫ്രിഗേറ്റുകളുടെ കാര്യത്തിൽ ഇത് ഇക്കാലത്തിനിടെ 47ൽ നിന്നും 17ഉം 13ഉമായാണ് ചുരുങ്ങിയിരിക്കുന്നത്. സബ്മറൈനുകളാവട്ടെ 16ൽ നിന്നും 13ഉം 10മായും ചുരുങ്ങിയിരിക്കുന്നു.

ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകൾക്ക് ഇറാൻ ഭീഷണിയായ സാഹചര്യത്തിൽ അപകടം ഒഴിവാക്കുന്നതിനായി ഗൾഫിലൂടെ കപ്പലോടിക്കുമ്പോൾ കപ്പൽ കമ്പനികൾ ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനയുടെ കൊടി കെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിപ്പിങ് റിസ്‌ക് മാനേജ്മെന്റ് കമ്പനിയായ ഡ്രൈയാഡ് ഗ്ലോബലിന്റെ തലവനായ ഫിൽ ഡയാകോൺ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ ബ്രിട്ടന്റെ സ്റ്റെനെ ഇംപെറോ എന്ന കപ്പൽ റാഞ്ചിയതിനെ തുടർന്നാണീ മുൻ കരുതൽ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കുന്നു.

സ്റ്റെന ഇംപേരോ പിടിച്ചെടുത്ത ഇറാനിയൻ മറീനുകൾ, കപ്പലിൽ ഇറാന്റെ പതാക സ്ഥാപിച്ചിരുന്നു. കപ്പൽ കീഴടക്കുന്ന ദൃശ്യം പുറത്തുവിട്ട ഇറാൻ, അതിൽ അധീശത്വം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് പതാകയും സ്ഥാപിച്ചത് കപ്പലിൽ ഇറാനിയൻ സായുധ സേന പട്രോളിങ് നടത്തുന്നതും ദൃശ്യങ്ങളിലുണ്ട് ബന്ദർ അബ്ബാസ് തുറമുഖത്തിലാണ് കപ്പലുള്ളതെന്നാണ് സൂചന. 18 ഇന്ത്യക്കാരടക്കമുള്ള 23 ജീവനക്കാരും സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് കപ്പൽ ഇറാന്റെ മറീനുകൾ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. സ്റ്റെന ഇംപേരോ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽനിന്ന് ഇറാന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്റ്റെന ഇംപേരോയിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ, ചെറിയ കപ്പലുകൾ ഉപയോഗിച്ച് വളയുകയും ഹെലിക്കോപ്ടറിലെത്തി കപ്പലിലേക്കിറങ്ങി അത് കീഴടക്കുകയാണാണ് ഇറാൻ ചെയ്തത്.

സ്റ്റെന ഇംപേരോയുടെ ക്യാപ്റ്റന് ഇറാനിയൻ കപ്പലിൽനിന്നുള്ള സന്ദേശമാണ് ആദ്യം. കപ്പലിന്റെ ദിശ എത്രയും പെട്ടെന്ന് മാറ്റണമെന്നും അനുസരിച്ചാൽ സുരക്ഷിതരായി മുന്നോട്ടുപോകാമെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മറുപടിയെന്നോണം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്റോസിൽനിന്ന് സ്റ്റെന ഇംപേരോയ്ക്ക് സന്ദേശം ലഭിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗത മേഖലയിൽക്കൂടിയാണ് നിങ്ങൾ പോകുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ആരും തടയില്ലെന്ന് യുദ്ധക്കപ്പലിൽനിന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് മറുപടിയായി ഇറാനിയൻ കപ്പൽ സന്ദേശം നൽകുന്നു. കപ്പലിന് യാതൊരു വെല്ലുവിളിയുമില്ല. സുരക്ഷാകാരണങ്ങളാൽ അതിൽ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സന്ദേശം. എന്നാൽ, ഇത് അംഗീകരിക്കനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും മോൺട്റോസിൽനിന്ന് സന്ദേശം പോകുന്നു. സ്റ്റെന ഇംപേരോയിൽ നിയമവിരുദ്ധമായി ഇറങ്ങാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്നും യുദ്ധക്കപ്പൽ ആവശ്യപ്പെടുന്നു.

എന്നാൽ, നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ കപ്പലിനെ സമീപിക്കുകയും അതിൽനിന്ന് സൈനികർ താഴേക്കിറങ്ങുകയുമാണ് ചെയ്തത്. പിന്നീട് കപ്പലിലെ ഇറാൻ തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മേഖലയിലുള്ള ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് മോൺട്റോസ്. സംഭവം നടക്കുമ്പോൾ സ്റ്റെന ഇംപേരോയിൽനിന്ന് ഒരുമണിക്കൂർ അകലെയായിരുന്നു യുദ്ധക്കപ്പലെന്നും അതുകൊണ്ടാണ് ഇടെപടെനാവാതിരുന്നതെന്നും പ്രതിരോധ സെക്രട്ടറി പെന്നി മൗർഡന്റ് പറഞ്ഞു. പ്രശ്നത്തിൽ നിയമപരമായാണ് ഇറാൻ ഇടപെട്ടതെന്നും സമുദ്രാതിർത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. സംഘർഷത്തിലേക്ക് ബ്രിട്ടനെക്കൂടി വലിച്ചിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ബന്ദർ അബ്ബാസിലുള്ള കപ്പലിലെ 23 ജീവനക്കാരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയുമാണ് കഴിയുന്നതെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം 18 പേരാണ് കപ്പലിൽ ഇന്ത്യക്കാരായുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP