Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാൾമാർട്ട് വെടിവെപ്പിന് തൊട്ടുപിന്നാലെ ഒഹായയിൽ ഒരു മിനിറ്റുകൊണ്ട് കൊന്നുകളഞ്ഞത് ഒമ്പതുപേരെ; ഒരു വർഷത്തിനിടെ നടക്കുന്നത് 250-ാമത്തെ വെടിവെപ്പ് കൊലപാതകം; ട്രംപിന്റെ വാക്കുകൾ ആവേശമായി ഉൾക്കൊണ്ട് വലതുവംശീയവാദികൾ തെരുവിൽ ഇറങ്ങിയതോടെ കറുത്തവർഗക്കാർക്കും ഏഷ്യക്കാർക്കും സുരക്ഷയില്ല; ഏറ്റവും വലിയ വംശീയവാദി പ്രസിഡന്റായാൽ എന്തുസംഭവിക്കുമെന്ന് അമേരിക്ക തന്നെ സാക്ഷി; കുടിയേറ്റത്തിന്റെ അമേരിക്കൻ സംസ്‌കാരം ട്രംപ് മറക്കുമ്പോൾ സംഭവിക്കുന്നത്

വാൾമാർട്ട് വെടിവെപ്പിന് തൊട്ടുപിന്നാലെ ഒഹായയിൽ ഒരു മിനിറ്റുകൊണ്ട് കൊന്നുകളഞ്ഞത് ഒമ്പതുപേരെ; ഒരു വർഷത്തിനിടെ നടക്കുന്നത് 250-ാമത്തെ വെടിവെപ്പ് കൊലപാതകം; ട്രംപിന്റെ വാക്കുകൾ ആവേശമായി ഉൾക്കൊണ്ട് വലതുവംശീയവാദികൾ തെരുവിൽ ഇറങ്ങിയതോടെ കറുത്തവർഗക്കാർക്കും ഏഷ്യക്കാർക്കും സുരക്ഷയില്ല; ഏറ്റവും വലിയ വംശീയവാദി പ്രസിഡന്റായാൽ എന്തുസംഭവിക്കുമെന്ന് അമേരിക്ക തന്നെ സാക്ഷി; കുടിയേറ്റത്തിന്റെ അമേരിക്കൻ സംസ്‌കാരം ട്രംപ് മറക്കുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: സ്‌കൂൾ വിദ്യാർത്ഥികൾപോലും തോക്കെടുത്ത് നിരപരാധികൾക്കുനേരെ വെടിയുതിർക്കുന്ന അത്യസാധാരണമായ സാഹചര്യമാണ് അമേരിക്കയിൽ. ഇക്കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ രണ്ടിടത്തായി 30 നിരപരാധികളുടെ ജീവനാണ് ഇങ്ങനെ വെടിയുണ്ടകൾ അപഹരിച്ചത്. ടെക്‌സസിലെ എൽപാസോയിലുള്ള സീലോ വിസ്റ്റ മാളിലുള്ള വാൾമാർട്ട് സ്‌റ്റോറിൽ 20 പേരുടെ ജീവൻ പൊലിഞ്ഞ് മണിക്കൂറുകൾക്കകം, ഒഹായോയിലെ ഡേടണിൽ വെടിയേറ്റ് മരിച്ചത് ഒമ്പതുപേരും മരണത്തിന് കീഴടങ്ങി. എൽപാസോയിലെ അക്രമി കീഴടങ്ങിയപ്പോൾ, ഡേടണിലെ അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്‌ത്തുകയായിരുന്നു.

വലതുവംശീയവാദികൾ മുമ്പെന്നത്തെക്കാളും രൂക്ഷമായി അക്രമത്തിലേക്ക തിരിയുന്നതിന്റെ സൂചനകളായാണ് ഈ വെടിവെപ്പുകൾ വിലയിരുത്ത്െപ്പടുന്നത്. കടുത്ത കുടിയേറ്റവിരുദ്ധ മനോഭാവമുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളും മറ്റും അക്രമികൾക്ക് ഉത്തേജനമാകുന്നുണ്ടെന്നും വിമർശനമുയരുന്നുണ്ട്. കറുത്തവർഗക്കാരും ഏഷ്യൻ വംശജരുമാണ് അക്രമികളുടെ പ്രധാന ഉന്നം. അന്യനാട്ടുകാർ അവരുടെ നാട്ടിലേക്ക് മടങ്ങണമെന്ന മണ്ണിന്റെ മക്കൾവാദമാണ് വംശീയവാദികൾ ഉയർത്തുന്നത്.

ഇക്കൊല്ലം അമേരിക്കയിൽ തോക്കുപയോഗിച്ച് നടക്കുന്ന 249-ാമത്തെ കൂട്ടക്കൊലയായിരുന്നു എൽപാസോയിലേത്. തൊട്ടുപിന്നാലെ ഡേടണിൽ നടന്നത് 250-ാമത്തെയും. പാട്രിക് ക്രൂഷ്യസ് എന്ന 21-കാരനാണ് എൽപാസോയിലെ വാൾവാർട്ട് സ്‌റ്റോറിൽ വംശീയവിദ്വേഷം തീർക്കുന്നതിന് എ.കെ.47 മാതൃകയിലുള്ള യന്ത്രത്തോക്കുമായി നരനായാട്ട് നടത്തിയത്. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ കൂട്ടക്കുരുതി നടത്തിയ കൊലയാളി തന്റെ ആക്രമണ ദൗത്യം പ്രഖ്യാപിച്ച ഓൺലൈൻ ഫോറത്തിൽ, പാട്രിക് കൂഷ്യസും തന്റെ ദൗത്യം പ്രഖ്യാപിച്ചിരുന്നു.

കൂട്ടക്കൊലയ്ക്ക് 20 മിനിറ്റ് മുമ്പായിരുന്നു പാട്രിക്കിന്റെ യുദ്ധപ്രഖ്യാപനം വന്നത്. കുടിയേറ്റക്കാർക്കെതിരായ യുദ്ധമാണിതെന്നായിരുന്നു ഇയാളുടെ വാക്കുകൾ. ടെക്‌സസ് നഗരം ഹിസ്പാനിക്കുകൾ തട്ടിയെടുത്തെന്നും അമേരിക്കയിലെ തൊഴിലവസരങ്ങൾ മുഴുവൻ കുടിയേറ്റക്കാർ തട്ടിയെടുക്കുന്നെന്നും ഇതിലിയാൾ സൂചിപ്പിക്കുന്നു. മെക്‌സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരെ പ്രതിരോധിക്കാൻ ഡൊണാൾഡ് ട്രംപ് മതിൽ പണിയുന്നതിനെ സ്വാഗതം ചെയ്ത പാട്രിക് കൂഷ്യസ്, ക്രൈസ്റ്റ് ചർച്ചിൽ അമ്പതിലേറെപ്പേരെ വെടിവെച്ചുകൊന്ന കൊലയാളിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിസ്പാനിക്കുകളുടെ കേന്ദ്രമായ എൽപാസോയാണ് ഇയാൾ ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരിൽ ആറ് മെക്‌സിക്കോക്കാരുമുണ്ട്. സ്പാനിഷ് വംശജർ കൂടുതലുള്ള പ്രദേശമാണിത്. വെടിവെപ്പ് നടന്ന പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് വലതുവംശീയതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടുവയസ്സുള്ള കുട്ടിമുതൽ 82 വയസ്സായ ആൾവരെയുണ്ട്. 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങളുടെയും വെടിവെപ്പിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

നിശാക്ലബ്ബുകളും ആർട്ട് ഗാലറികളുമൊക്കെയുള്ള ഡേടണിലെ തിരക്കേറിയ ഭാഗത്താണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഇവിടെ മുഖംമൂടി ധരിച്ച അക്രമി ഒരുമിനിറ്റിനുള്ളിലാണ് ഒമ്പതുപേരെ വെടിവെച്ചുവീഴ്‌ത്തിയത്. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉടൻതന്നെ അക്രമിയെ വെടിവെച്ചുവീഴ്‌ത്തിയിരുന്നില്ലെങ്കിൽ മരണസംഖ്യ ക്രമാതീതമായി ഉയരുമായിരുന്നുവെന്ന് ഡേടൺ മേയർ എൽ നാനി പറഞ്ഞു. കോണർ ബെറ്റ്‌സ് എന്ന 24-കാരനാണ് ഇവിടെ വെടിവെപ്പ് നടത്തിയതെന്നാണ് കരുതുന്നത്.

ഡേടണിലെ നെഡ് പെപ്പേഴ്‌സ് ബാറിന് സമീപത്താണ് ഇയാൾ വെടിവെപ്പ് നടത്തിയത്. കറുത്തവസ്ത്രമണിഞ്ഞ വെള്ളക്കാരനാണ് കൂട്ടക്കൊല നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളുടെ സഹോദരിയെയും കാമുകനെയും ഒരു കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബെറ്റ്‌സ് ഇവരുമായി ബാറിന് സമീപത്തെത്തുകയും അവരെ കൊലപ്പെടുത്തിയശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഒരുമിനിറ്റിനുള്ളിൽത്തന്നെ ഇയാളെ പൊലീസ് വെടിവെച്ച് കൊന്നതുകൊണ്ടാണ് ദുരന്തത്തിന്റെ വലുപ്പം കുറഞ്ഞത്.

അക്രമങ്ങളെ പ്രസിഡന്റ് ട്രംപ് ശക്തമായ ഭാഷയിൽ അപലപിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണിതെ്‌നും നിരപരാധികളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സസ് ഗവർണർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷന്റെയും ഭീകരവിരുദ്ധ അന്വേഷണ ഏജൻസികളുടെയും നേതൃത്വത്തിലാണ് രണ്ട് സംഭവങ്ങളും അന്വേഷിക്കുന്നത്.

പെട്ടെന്ന് ചൂടാവുന്ന, മെക്‌സിക്കൻ കുടിയേറ്റക്കാരോട് കടുത്ത ശത്രുതാമനോഭാവം പുലർത്തുന്നയാളാണ് എൽപാസോയിൽ കൂട്ടക്കൊല നടത്തിയ പാട്രിക് ക്രൂഷ്യസെന്ന് അയാളോട് അടുപ്പമുള്ളവർ പറയുന്നു. അമേരിക്കൻ-മെക്‌സിക്കൻ അതിർത്തിയിൽ ഇരുവശത്തുമുള്ളവർ ഷോപ്പിങ്ങിനായെത്തുന്ന സീലോ വിസ്റ്റ മാൾ തന്നെ ഇയാൾ ആക്രമണത്തിനായി തിരഞ്ഞെടുത്തത് മെക്‌സിക്കോക്കാരെയും സ്പാനിഷ് വംശജരെയും ഉന്നമിട്ടാണെന്ന് വ്യക്തമാണ്. പാട്രിക് ക്രൂഷ്യസിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് എൽപാസോ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസ് വ്യക്തമാക്കി.

ട്രംപ് പ്രചരിപ്പിക്കുന്ന വലതുവംശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളാണ് ഈ വെടിവെപ്പുകളെന്ന് ടെക്‌സസിൽനിന്നുള്ള മുൻ കോൺഗ്രസംഗം ബെറ്റോ ഒ റൂർക്കെ പറഞ്ഞു. അമേരിക്കയിൽ ഇപ്പോൾ നടക്കുന്നത് വെള്ളക്കാരുടെ ദേശീയ തീവ്രവാദമാണെന്ന് ഡമോക്രാറ്റുകൾ ആരോപിക്കുന്നു. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപിനെതിരേയുള്ള ആയുധമായി എതിരാളികൾ ഈ കൂട്ടക്കൊലകളെ മാറ്റുമെന്നുറപ്പാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധമനോഭാവമാണ് കൊലയാളികൾക്കുമെന്ന് അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP