Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനാവില്ലെന്ന് തീർത്തുപറഞ്ഞ് യുഎൻ സെക്യരിറ്റി കൗൺസിൽ; പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടും ഒന്നും മിണ്ടാതെ ചൈന; ഐക്യരാഷ്ട്രസഭയെ പിടിച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താനുള്ള പാക് നീക്കം മുളയിലേ പൊളിച്ച് ഇന്ത്യ; ഇൻഡോ-പാക് തർക്കം തീർക്കാൻ ഉണ്ടാക്കിയ യുഎൻ പ്രഖ്യാപനത്തിനുശേഷം ആറുവർഷം കഴിഞ്ഞുണ്ടാക്കിയ ആർട്ടിക്കിൾ 370-ൽ ഇടപെടാൻ യുഎന്നിന് എന്തധികാരമെന്ന ചോദ്യം അപ്പാടെ അംഗീകരിച്ച് രക്ഷാസമിതി; പാക്കിസ്ഥാന് ഉണ്ടായത് വമ്പൻ തിരിച്ചടി തന്നെ

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനാവില്ലെന്ന് തീർത്തുപറഞ്ഞ് യുഎൻ സെക്യരിറ്റി കൗൺസിൽ; പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടും ഒന്നും മിണ്ടാതെ ചൈന; ഐക്യരാഷ്ട്രസഭയെ പിടിച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താനുള്ള പാക് നീക്കം മുളയിലേ പൊളിച്ച് ഇന്ത്യ; ഇൻഡോ-പാക് തർക്കം തീർക്കാൻ ഉണ്ടാക്കിയ യുഎൻ പ്രഖ്യാപനത്തിനുശേഷം ആറുവർഷം കഴിഞ്ഞുണ്ടാക്കിയ ആർട്ടിക്കിൾ 370-ൽ ഇടപെടാൻ യുഎന്നിന് എന്തധികാരമെന്ന ചോദ്യം അപ്പാടെ അംഗീകരിച്ച് രക്ഷാസമിതി; പാക്കിസ്ഥാന് ഉണ്ടായത് വമ്പൻ തിരിച്ചടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടി തങ്ങൾക്കനുകൂലമായി ഉപയോഗിക്കാമെന്നായിരുന്നു പാക്കിസ്ഥാന്റെ കണക്കുകൂട്ടൽ. ജമ്മു കശ്മീരിനെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനും പുറത്തുനിന്നുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും നയതന്ത്ര തലത്തിൽ ശക്തമായ സമ്മർദമാണ് പാക്കിസ്ഥാൻ പ്രയോഗിച്ചത്. എന്നാൽ, വിഷയത്തിൽ പാക്കിസ്ഥാന് തൊട്ടതെല്ലാം പിഴയ്ക്കുന്ന അനുഭവമാണ് നേരിടേണ്ടിവന്നത്.

370-ാം വകുപ്പ് പിൻവലിച്ചതും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും അവയിലിടപെടാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ രക്ഷാസമിതി വ്യക്തമാക്കി. സഖ്യരാജ്യമായ ചൈനയിൽനിന്ന് ഇക്കാര്യത്തിൽ വലിയ പിന്തുണ ലഭിക്കുമെന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുമുണ്ടായില്ല. അങ്ങനെ, ജമ്മുകശ്മീരിനെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പാക് ശ്രമത്തിന് തുടക്കത്തിലേ ഇരട്ടപ്രഹരമേറ്റു.

കശമീർ പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ നൽകിയ കത്ത് യു.എൻ. രക്ഷാസമിതി തള്ളുകയായിരുന്നു. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയം കൂടിയാണിത്. ഓഗസ്റ്റ് ആറിനാണ് രക്ഷാസമിതി പ്രസിഡന്റുകൂടിയായ പോളണ്ടിന്റെ ജോവാന്ന റൊനേക്കയ്ക്കും യുഎൻ. ജനറൽ അസംബ്ലി പ്രസിഡന്റ് മരിയ ഫെർണാണ്ട എസ്‌പിനോസ ഗാർസെസിനും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി കത്തുനൽകിയത്. ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യ ഇപ്പോൾ കൈക്കൊണ്ട നടപടികൾ പിൻവലിപ്പിക്കുന്നതിന് യുഎൻ ഇടപെടണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.

ഇന്ത്യ കശ്മീരിൽ അനധികൃത കൂട്ടിച്ചേർക്കൽ നടത്തിയെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ഇത് 1948-ലെ യുഎൻ പ്രമേയത്തിനെതിരാണെന്നും അവർ വാദിച്ചു. എന്നാൽ, ജമ്മു കശ്മീരിൽ വിഷയത്തിൽ യുഎൻ പ്രമേയമുണ്ടായി ആറുവർഷത്തിനുശേഷമാണ് ഇന്ത്യൻ ഭരണഘടനയിൽ 370-ാം വകുപ്പ് വന്നതെന്ന് ഇന്ത്യ അറിയിച്ചു. പ്രമേയത്തെ ഇന്ത്യ ധിക്കരിച്ചിട്ടില്ലെന്നും കശ്മീരിന്റെ തൽസ്ഥിതിക്ക് മാറ്റമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതേത്തുടർന്നാണ് രക്ഷാസമിതി പാക്കിസ്ഥാന്റെ ആവശ്യം പൂർണമായി തള്ളിയത്.

ജമ്മു കശ്മീർ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകുന്ന 1972-ലെ സിംല കരാർ നിലവിലുണ്ടെന്നും രക്ഷാസമിതി ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ശ്രമിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസിന്റെ വക്താവ് പറഞ്ഞു.

കശ്മീർ പ്രശ്‌നത്തിൽ ഇടപെടാമെന്ന് സൂചന നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരുന്ന പാക്കിസ്ഥാൻ, 370-ാം വകുപ്പ് നീക്കിയ പ്രശ്‌നം അമേരിക്കയ്ക്ക് മുുന്നിലും ഉന്നയിച്ചിരുന്നു. എന്നാൽ, കശ്മീരിനെപ്പറ്റിയുള്ള നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഇടപെടില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയതോടെ അവിടെയും തിരിച്ചടി നേരിട്ടു. ഉഭയകക്ഷി ചർച്ചകളാണ് പ്രശ്‌നപരിഹാരത്തിന് വേണ്ടതെന്നും വക്താവ് പറഞ്ഞു. മാത്രമല്ല, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡപ്യൂട്ടി സെക്രട്ടറി സള്ളിവൻ ഇന്ത്യയിലെത്തുന്നതും പാക്കിസ്ഥാന് ക്ഷീണമായി.

കശ്മീർ പ്രശ്‌നത്തിൽ ചൈനയിൽനിന്നും അനുകൂല ഇടപെടലുണ്ടാകുമെന്നും പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ചൈന സന്ദർശിച്ചതും അതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, ഇന്ത്യയെയും പാക്കിസ്ഥാനെയും സുഹൃത്തുക്കളായ അയൽക്കാരായാണ് കാണുന്നതെന്ന് വ്യക്തമാക്കിയ ചൈന, പ്രശ്‌നം സിംല കരാറിന്റെയും യുഎൻ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ പരിഹരിക്കാൻ ഉപദേശിച്ചതോടെ, പാക്കിസ്ഥാന് ആ പ്രതീക്ഷയും അസ്ഥാനത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP