Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രക്‌സിറ്റിനു തുണയ്ക്കാത്ത ആരും തന്നോടൊപ്പം വേണ്ടെന്ന ''വെട്ടിനിരത്തൽ'' നിലപാട് ജാവീദിന് വിനയായി; ജൂനിയർ മന്ത്രിമാരെ കൂടെയിരുത്തി ബോറിസിന്റെ ക്യാപ്റ്റൻസിയിൽ സെൽഫ് ഡ്രൈവിങ്; ഭാവി പ്രധാനമന്ത്രി എന്ന് വരെ കരുതപ്പെട്ടിരുന്ന പാക് വംശജൻ പടിയിറങ്ങുമ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ പിടിമുറുക്കിയത് ഇന്ത്യൻ വംശജർ; ബോറിസ് നയിക്കുന്നത് ''രണ്ടാം ഇന്ത്യൻ കാബിനറ്റ്''

ബ്രക്‌സിറ്റിനു തുണയ്ക്കാത്ത ആരും തന്നോടൊപ്പം വേണ്ടെന്ന ''വെട്ടിനിരത്തൽ'' നിലപാട് ജാവീദിന് വിനയായി; ജൂനിയർ മന്ത്രിമാരെ കൂടെയിരുത്തി ബോറിസിന്റെ ക്യാപ്റ്റൻസിയിൽ സെൽഫ് ഡ്രൈവിങ്; ഭാവി പ്രധാനമന്ത്രി എന്ന് വരെ കരുതപ്പെട്ടിരുന്ന പാക് വംശജൻ പടിയിറങ്ങുമ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ പിടിമുറുക്കിയത് ഇന്ത്യൻ വംശജർ; ബോറിസ് നയിക്കുന്നത് ''രണ്ടാം ഇന്ത്യൻ കാബിനറ്റ്''

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പ്രക്രിയയാണ് മന്ത്രിസഭാ ഉടച്ചു വാർക്കൽ വഴി ഇന്നലെ ബോറിസ് ജോൺസൺ പൂർത്തിയാക്കിയത്. ബ്രക്‌സിറ്റിനെ അനുകൂലിക്കാത്തവർ കൺസർവേറ്റിവ് മന്ത്രിസഭയിൽ ആവശ്യം ഇല്ലെന്ന നിലപാട് കാമറോൺ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത് മുതൽ സജീവമായിരുന്നു. ഇത്തരത്തിൽ യൂറോപ്പിന് ഒപ്പം നിൽക്കണമെന്ന് പറഞ്ഞവരും പിന്നീട് ഈ വിഭാഗത്തിൽ നിന്ന് കൂറുമാറിയവരും ഒക്കെ ഓരോന്നായി പാർട്ടി നേതൃ സ്ഥാനത്തു നിന്നും മന്ത്രിക്കസേരകളിൽ നിന്നും പടിപടിയായി വെട്ടിനിരത്തൽ നടപടി നേരിടുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന മന്ത്രിസഭാ ഉടച്ചുവാർക്കലിൽ ഉണ്ടായ ചിലരുടെ പടിയിറക്കവും ചിലരുടെ പടികയറ്റവും.

ആദ്യം യൂറോപ്യൻ പക്ഷത്തു നിൽക്കണം എന്ന് പറയുകയും അവസരം വന്നപ്പോൾ കാലു മാറുകയും ചെയ്ത മുൻ പ്രധാനമന്ത്രി തെരേസ മേ തന്നെ ആയിരുന്നു ബോറിസ് ഉൾപ്പെടെയുള്ള തീവ്ര ബ്രക്‌സിറ്റ് പക്ഷക്കാരുടെ ആദ്യ ഇര. പിന്നീട് ഈ നിരയിൽ വെട്ടിനിരത്തപ്പെട്ടവർ അനേകമാണ്. ജസ്റ്റിസ് സെക്രട്ടറി മൈക്കേൽ ഗോവ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി സ്റ്റീഫൻ ക്രാബ്, ഡിഫൻസ് സെക്രട്ടറി ലിയാം ഫോക്‌സ്, എനർജി സെക്രട്ടറി ആൻഡ്രിയ ലീഡിസം, എന്നിവരുടെ നിരയിലേക്ക് ഒടുവിലായി എത്തിയ പേരായി മാറുകയാണ് സാജിദ് ജാവീദ്.

ആദ്യം ആഭ്യന്തര സെക്രട്ടറിയും പിന്നീട് ധനസെക്രട്ടറിയും ആയി ഉയർന്ന സാജിദ് അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി വരെയായി മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു. ലേബർ പാർട്ടി ലണ്ടൻ മേയർ സാദിഖ് ഖാൻ ഒരു ഭാഗത്തു ഉയർന്നു വരുമ്പോൾ ടോറികളുടെ തുറുപ്പു ചീട്ടാണ് പാക് വംശജനായ സാജിദ് ജാവീദ് എന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യൻ മുഖമായി ബോറിസിന് ഒപ്പം പ്രീതി പട്ടേൽ ഉള്ളപ്പോൾ ഒരു കാരണവശാലും സാജിദിന്റെ കസേര ഇളകിലെന്നായിരുന്നു നിഗമനം.

ഒരു ബാലൻസിങ് ഫാക്ടർ നിലനിർത്താൻ സാജിദ് മന്ത്രിസഭയിൽ ബോറിസിന്റെ വലംകൈയായി കൂടെയുണ്ടാകും എന്നാണ് കരുതപെട്ടത്. എന്നാൽ അപ്രതീക്ഷിതമായ അട്ടിമറിയാണ് ഇന്നലെ സംഭവിച്ചത്. ആർക്കും കാര്യമായ സൂചന പോലും നൽകാതെ ബോറിസ് തന്റെ മന്ത്രിസഭയിലേക്ക് ജൂനിയർ എംപിമാരെ മന്ത്രിസഥാനം നൽകി സ്വീകരിച്ചത് രണ്ടും കൽപ്പിച്ചു തന്നെയാണ്.

തന്റെ കുടിയേറ്റ സാഹചര്യത്തെ പറ്റിയും അടുത്തകാലത്ത് റിഷി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതുതലമുറ കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് താൻ എന്നാണ് റിഷി സൂചിപ്പിച്ചത്. ജീവിതം തേടി കുടിയേറിയ മാതാപിതാക്കളുടെ രണ്ടാം തലമുറയുടെ പ്രതിനിധിയായായാണ് റിഷി സ്വയം വിശേഷിപ്പിക്കുന്നത്. തൻ ഹിന്ദു ആണെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന ബ്രിട്ടന്റെ ധനസെക്രട്ടറി ആഴ്ച അവസാനത്തിൽ അമ്പലത്തിൽ പോകാനും ശ്രമിക്കാറുണ്ട്. ഇന്ത്യൻ ബിസിനസ് ടൈക്കൂൺ നാരായണമൂർത്തിയുടെ മകൾ ഇന്ത്യൻ വധുവായി ഈ യുവ രാഷ്ട്രീയകാരന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അദ്ദേഹത്തിന്റെ ഇന്ത്യൻ വേരുകൾ കൂടുതൽ ആഴത്തിൽ പടരാനും കാരണമായിരിക്കണം.

തുടക്കത്തിൽ റിമൈൻ പക്ഷക്കാരൻ ആയിരുന്ന സാജിദ് ജാവേദ് ബ്രക്‌സിറ്റ് നടപ്പാക്കുമ്പോൾ മന്ത്രിസഭയിൽ കീ റോളിൽ വേണ്ടെന്നു ബോറിസ് തീരുമാനിച്ചിരിക്കണം. വ്യാപാര കരാറുകൾ കീറാമുട്ടിയാകാതിരിക്കാൻ തനിക്കൊപ്പം തോളോട് തോൾ നിൽക്കുന്ന ഒരാൾ ധന സെക്രട്ടറി ആയി കൂടെവേണം എന്ന ബോറിസിന്റെ ചിന്തയാകും സാജിദിന്റെ കസേര തെറിപ്പിച്ചത്. മാത്രമല്ല ഈ കസേരയിലേക്ക് കണ്ടെത്തിയ പകരക്കാരൻ പാർട്ടിയിൽ ജൂനിയർ ആണെന്നതും പ്രസക്തമാണ്. റിഷി രാഷ്ട്രീയം പയറ്റുമ്പോൾ തന്നെ ബോറിസിനൊപ്പം കട്ടക്ക് കൂടെ നിന്നതും ഇപ്പോൾ ഗുണകരമായി.

കാമറോൺ റഫറണ്ടത്തിനു തയാറായപ്പോഴും രാഷ്ട്രീയത്തിൽ വലിയ ശബ്ദം അല്ലാതിരുന്ന റിഷി ബോറിസിന് ഒപ്പമാണ് രംഗത്ത് നിന്നതു. പിന്നീട് തെരേസ മേ പാർലിമെന്റിൽ ബ്രെക്‌സിറ്റ് ബില്ലുകൾ അവതാരിപ്പിച്ചപ്പോഴും ബ്രെക്‌സിറ്റ് നിലപാട് തന്നെയായിരുന്നു റിഷിക്ക്. മാത്രമല്ല കൺസർവെട്ടിവിന്റെ ശക്തമായ കേന്ദ്രമായ റിച്ച്മാൻഡിൽ ജനവിധി തേടിയ ഈ യുവ രാഷ്ട്രീയക്കാരന് മണ്ഡലത്തിലെ 55 ശതമാനം ജനങ്ങളുടെ ഇഷ്ടവും ബ്രെക്‌സിറ്റിനു ഒപ്പമാണ് എന്നതും നിലപാടുകളിൽ കരുത്തായി മാറിയിരിക്കണം.

തൻ തന്റെ സഹോദരങ്ങക്കൊപ്പം ടീനേജ് പ്രായത്തിൽ ഭക്ഷണ ശാലയിൽ ഇരിക്കുമ്പോൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ അഭിമുഖം ഇരുന്നവരിൽ നിന്നും ഉണ്ടായതായും റിഷി ഓർമ്മിക്കുന്നു. ഇത്തരം കാര്യങ്ങൾ എപ്പോഴും സംഭവിക്കണ്ട, ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടായാൽ പോലും ആവശ്യത്തിൽ അധികം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനർത്ഥം ഒരു കുടിയേറ്റക്കാരന്റെ പ്രതിനിധിയായി ജീവിക്കുമ്പോൾ ബ്രിട്ടനിൽ താനും വംശീയത നേരിട്ട് അറിഞ്ഞിട്ടുണ്ട് എന്നാണ് റിഷിയുടെ വാക്കുകൾ തെളിയിക്കുന്നതും. ഇത്തരം കാര്യങ്ങൾ തീർത്തും അരുചികരം ആണെന്നും അദ്ദേഹം തുടരുന്നു.

മന്ത്രിസഭാ ഉടച്ചു വർക്കൽ ഉണ്ടാകുമ്പോൾ അഞ്ചു ജൂനിയർ വനിതാ എംപിമാർക്ക് കസേര നൽകാനുള്ള ബോറിസിന്റെ നീക്കം ഏതാനും ദിവസം മുൻപ് ബ്രിട്ടനിലെ ടാബ്ലോയ്ഡുകൾ ആഘോഷമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തു അമേരിക്കയിൽ നിന്നുള്ള ബിസിനസുകാരി ഉയർത്തിയത് പോലുള്ള സെക്‌സ് ആരോപണം ഭാവിയിൽ സംഭവിക്കാൻ ഇടയുണ്ട് എന്നതായിരുന്നു ടാബ്ലോയ്ഡുകൾ നൽകിയ മുന്നറിയിപ്പ്. ജൂനിയർ മന്ത്രിമാരാകുമ്പോൾ ബോറിസിന്റെ ചൊൽപ്പടിക്ക് നിന്ന് കൊള്ളും എന്നതാണ് ഇതിനു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ന്യായീകരണം.

എന്നാൽ മന്ത്രിസഭയിൽ പ്രീതിക്കൊപ്പം പഞ്ചാബ് വംശജനായ റിഷി സുനക് കൂടി ചേരുമ്പോൾ ബോറിസ് മന്ത്രിസഭയ്ക്ക് രണ്ടാം ഇന്ത്യൻ കാബിനറ്റ് എന്ന വിളിപ്പേര് വീണിരിക്കുകയാണ്. കാരണം പ്രധാനമന്ത്രി കഴിഞ്ഞാൽ ശക്തരായ രണ്ടു മന്ത്രിസ്ഥാനവും ഇന്ത്യൻ വംശജർ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഇതിനു മുൻപ് ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടില്ല. ഭാവി പ്രധാനമന്ത്രി കസേരയിലേക്ക് പോലും ഇന്ത്യൻ വംശജർ എത്തിപ്പെടാം എന്നതിന്റെ സൂചന കൂടിയാണ് ഇതുനൽകുന്നത്. ധനസെക്രട്ടറി ആയി റിഷി സുനാകും ആഭ്യന്തര സെക്രട്ടറി ആയി പ്രീതി പട്ടേലും അധികാരത്തിലിരിക്കുമ്പോൾ വർഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ലോബിയിങ് നടത്തുന്ന പാക്കിസ്ഥാന്റെ ശ്രമവും നിഷ്ഫലമായി മാറും.

അടുത്തിടെയായി ഇന്ത്യ വിരുദ്ധ വികാരം വളർത്തി ലണ്ടൻ തെരുവുകളിൽ പാക് അനുകൂല വിഭാഗം നടത്തുന്ന അഴിഞ്ഞാട്ടവും പാക്കിസ്ഥാന്റെ രാഷ്ട്രീയ അജണ്ട ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇന്ത്യയെ പരമാവധി പ്രകോപിപ്പിക്കുകയും അതുവഴി ഇന്ത്യയും ബ്രിട്ടനും തമ്മിൽ ബ്രക്‌സിറ്റിനു ശേഷം രൂപം കൊള്ളാനിടയുള്ള വ്യാപാര കരാറുകൾ അട്ടിമറിക്കാൻ ഉള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാൻ ശ്രമം എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

ഇത് ശരിവയ്ക്കും വിധം തുടക്കത്തിൽ ശക്തിയായി പാക് നീക്കങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു ഇന്ത്യ പിന്നീട് അതേ സ്വരത്തിൽ പ്രതിഷേധം ഉയർത്താതിരുന്നതും ശ്രദ്ധേയമായി. ഇപ്പോൾ പ്രതിഷേധിക്കാതെ തന്നെ തങ്ങളുടെ സ്വരം ബ്രിട്ടീഷ് നിലപാടുകളിൽ പ്രതിഫലിപ്പിക്കാൻ കഴിയും വിധം ഇന്ത്യൻ ചായ്വുള്ള രണ്ടു പ്രധാന കാബിനറ്റ് മന്ത്രിമാരെ സ്വന്തമാക്കിയ സന്തോഷമാണ് ഇന്ത്യൻ പക്ഷം പങ്കിടുന്നത്. ഇന്ത്യയുടെ ആശങ്കകൾ ലണ്ടൻ ഹൈ കമ്മീഷണർ രുചി ഘനശ്യാം നേരിട്ട് പ്രീതി പട്ടേലിനെ അറിയിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ പ്രകടനം അക്രമാസക്തം ആകാതെ നോക്കാനും ബ്രിട്ടന് സാധിച്ചു. ഇത് ഇന്ത്യക്കും ബ്രിട്ടനും നൽകിയ ആശ്വാസം തീരെ ചെറുതല്ല. എന്നാൽ ബ്രിട്ടന്റെ ശക്തമായ നിലപാട് പാക്കിസ്ഥാൻ രാഷ്ട്രീയത്തിന് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP