Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ അവസാനിച്ചത് മെയ്‌ 8 ന് ജർമ്മനിയുടെ പതനത്തോടെ; കൊറോണക്കാലത്ത് വിക്ടറി ഇൻ യൂറോപ്പ് ദിനത്തിൽ ബർലിന് അവധി നൽകി ജർമ്മനി; രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ലോക ക്രമത്തിൽ കൊറോണാനന്തരകാലഘട്ടം വരുത്താൻ പോകുന്ന മാറ്റങ്ങൾ ഈ ദിവസം ചർച്ചയാകുമ്പോൾ

രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ അവസാനിച്ചത് മെയ്‌ 8 ന് ജർമ്മനിയുടെ പതനത്തോടെ; കൊറോണക്കാലത്ത് വിക്ടറി ഇൻ യൂറോപ്പ് ദിനത്തിൽ ബർലിന് അവധി നൽകി ജർമ്മനി; രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ലോക ക്രമത്തിൽ കൊറോണാനന്തരകാലഘട്ടം വരുത്താൻ പോകുന്ന മാറ്റങ്ങൾ ഈ ദിവസം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

1945 മെയ്‌ 8 ന് ജർമ്മനിയുടെ കീഴടങ്ങൾ സഖ്യകക്ഷികൾ അംഗീകരിച്ചതോടെയാണ് യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത്. ലോകമഹായുദ്ധം പൂർണ്ണമായും അവസാനിക്കുവാൻ ജപ്പാന്റെ കീഴടങ്ങൽ വരെ പിന്നെയും കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.അതുകൊണ്ട് തന്നെ വി ഇ ദിനം അഥവാ വിക്ടറി ഇൻ യൂറോപ്പ് ദിനം എന്നറിയപ്പെടുന്ന മെയ്‌ 8 ന് ജർമ്മനിയുടെ, പ്രത്യേകിച്ച് ബർലിന്റെ ചരിത്രത്തിൽ അതീവ പ്രാധാന്യമുണ്ട്.

ലോക മഹായുദ്ധശേഷമുള്ള ചില വർഷങ്ങളിൽ പശ്ചിമ ജർമ്മനിയിലെ ചില ഭാഗങ്ങളിൽ മെയ്‌ 8 രാജ്യത്തിനേറ്റ പരാജയത്തിന്റെ ദിവസമായി ആചരിക്കുക പതിവായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെ കീഴിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവർക്കും അവരുടെ പുതിയ തലമുറകൾക്കും ഇത് വിമോചനത്തിന്റെ ദിവസമായിരുന്നു. അതുപോലെ തന്നെ അന്ന് കിഴക്കൻ ജർമ്മനിയി മെയ്‌ 8 ആഘോഷിച്ചിരുന്നത് നാസിപട്ടാളത്തിൽ നിന്നും ചുവപ്പ് സൈന്യം ജർമ്മനിയെ മോചിപ്പിച്ച ദിവസമായിട്ടായിരുന്നു.

എന്നാൽ ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം ഈ ദിവസത്തിന് അത്ര വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. ചില തെരുവു നാടകങ്ങളും മറ്റുമായി അവിടവിടങ്ങളിൽ ഈ ദിവസം ആഘോഷിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ ഇത് ഒരു പൊതു അവധി ദിവസമൊന്നുമല്ലായിരുന്നു. പുതിയ തലമുറക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നായി ഉയർന്നിരുന്നു. പ്രത്യേകിച്ചും നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ യഹൂദരുടെ ആരാധനാലയങ്ങൾക്ക് നേരെ അതീവ വലതുപക്ഷക്കാർ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം. എന്നാൽ തീവ്ര വലതുപക്ഷ നിലപാടുകൾ ഉള്ള ജർമ്മനിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എ എഫ് ഡി ഇതിനെ ശക്തമായി എതിർത്തിരുന്നു.

പലർക്കും ഇത് വിമോചന ദിനമായി തോന്നുമെങ്കിലും, ആത്യന്തികമായി ജർമ്മനി ഒരു യുദ്ധത്തിൽ പരാജയപ്പെടുകയും ജർമ്മൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നഷ്ടപ്പെടുകയും ചെയ്ത ദിവസമാണ് ഇതെന്നാണ് അവരുടെ വാദം. ഈ സാഹചര്യത്തിലാണ് മുൻപെങ്ങുമില്ലാത്തവൈധം വി ഇ ദിനം ആഘോഷിക്കുവാൻ ബർലിന് അവധി നൽകി ചാൻസലർ ഉത്തരവിറക്കിയത്.മ്യുസിയങ്ങളിലും തെരുവുകളിലും മുൻപ് നടന്നിരുന്ന പരിപാടികൾ കൊറോണ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ റദ്ദ് ചെയ്തെങ്കിലും ഓൺലൈനിൽ പലവിധത്തിലുള്ള പരിപാടികളും സംഘടിപ്പിക്കും.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള പതിവിൽ വലിയൊരു മാറ്റം വരുത്തിയ ജർമ്മനിയുടെ നടപടിയാണ് കൊറോണാനന്തരകാലത്തെ ലോകക്രമത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ജപ്പാനിൽ ആണവായുധം പരീക്ഷിച്ച് ലോകയുദ്ധത്തിന് അവസാനം കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്ക മേൽക്കൈ നേടി. ഇതുതന്നെയായിരുന്നു ഡോളർ അന്താരാഷ്ട്ര കറൻസിയായി അംഗീകരിക്കപ്പെടാനുള്ള കാരണവും. അന്ന് ആണവായുധം കൈവശമുള്ള ഒരേയൊരു രാഷ്ട്രം അമേരിക്ക മാത്രമായിരുന്നു.

എങ്കിലും റഷ്യാക്കാരും അതിവേഗം മത്സരത്തിനൊരുങ്ങി. കിഴക്കൻ യൂറോപ്പിന്റെ നിയന്ത്രണം അവരുടെ കൈയിലായതോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും ശക്തി പ്രാപിച്ചു. ഇതായിരുന്നു നാറ്റോ പോലുള്ള പാശ്ചാത്യരാജ്യങ്ങളുടെ പല സഖ്യങ്ങൾക്കും കാരണമായത്. അതിർത്തി സംരക്ഷണം മാത്രം ലാക്കാക്കിയുള്ള ഒരു സഖ്യമായിരുന്നില്ല ഇത് മറിച്ച്, പാശ്ചാത്യ മൂല്യങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു.

ലോകാനന്തര കാലഘട്ടത്തിലെ വളർച്ചയുടെ കാലമായിരുന്ന 50 കളിലും 60 കളിലും വ്യക്തമായ, എന്നാൽ എഴുതപ്പെടാത്ത ചില നിയമങ്ങൾ ലോകക്രമത്തെ നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രകാരനായ മൈക്കിൾ ക്ലാർക്ക് പറയുന്നു. എന്നാൽ അന്നത്തെ രാഷ്ട്രീയ അടിത്തറകൾ ഒക്കെ ഇളകിയ ഈ സാഹചര്യത്തിൽ ആ നിയമങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നാറ്റോക്കകത്തുതന്നെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇതിനുദാഹരണമാണ്. മാത്രമല്ല, സഖ്യകക്ഷികളായ ടർക്കി, ഹംഗറി എന്നിവിടങ്ങളിൽ നിലവിൽ വന്ന ഏകാധിപത്യ ഭരണസംവിധാനങ്ങളൂം പഴയ ലോകക്രമത്തിലെ മാറുന്ന രാഷ്ട്രീയ അടിത്തറകൾക്ക് ഉദാഹരണമാണ്. ഇതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെ, പ്രത്യേകിച്ച് അമേരിക്കയെ ആശങ്കയിലാഴ്‌ത്തിക്കൊണ്ട് ചൈന ഒരു സാമ്പത്തിക ശക്തിയായി വളർന്ന് വരുന്നത്. ഇനിയുള്ള കാലങ്ങളിൽ ഏഷ്യയിലും വിദൂരപൂർവ്വ ദേശങ്ങളിലുമായിരിക്കും ആഗോള വിപണി കേന്ദ്രീകരിക്കപ്പെടുക എന്നതും ഇക്കാര്യത്തിൽ അമേരിക്കയെ കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നു.

എന്നാൽ ചൈന ഒരു പുതിയ ഭീഷണി അല്ലെന്നതാണ് വസ്തുത. യു എൻ സെക്യുരിറ്റി കൗൺസിലിന്റെ ആരംഭം മുതൽ അതിലെ ഒരു സ്ഥിരാംഗമായിരുന്നു ചൈന. കമ്മ്യുണിസ്റ്റ് ഭരണം നിലവിൽ വരുന്നതിന് മുൻപുള്ള ചൈനയെ, പൂർവ്വാർദ്ധഗോളത്തിലെ യൂറോപ്യൻ കോളനികൾക്ക് തുല്യമായാണ് അമേരിക്ക കണക്കാക്കിയിരുന്നത്. പുതിയ ലോകത്തിൽ ഒരു ശക്തിയായി വളരുവാൻ ഇടയുള്ള ചൈന തങ്ങളുടെ വരുതിയിലാകുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടിയിരുന്നു.

എന്നാൽ 1949 ലെ ചൈനീസ് വിപ്ലവവും തുടർന്ന് കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതും അമേരിക്കയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുകയായിരുന്നു. മാത്രമല്ല, ചൈന സാങ്കേതികമായി മുന്നേറുമെന്ന് അമേരിക്ക ഒരിക്കലും ചിന്തിച്ചിരുന്നില്ല. ശത്രുപാളയത്തിൽ എത്തി എന്നതുമാത്രമല്ല, ചൈന അതിവേഗം സാങ്കേതിക രംഗത്ത് വളർച്ച നേടിയതും അമേരിക്കയെ ആശങ്കപ്പെടുത്തി.

ഇപ്പോൾ ലോകത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വസിക്കുന്നത് ഇന്ത്യ, ചൈന, ദക്ഷിണ പൂർവ്വ ഏഷ്യ എന്നിവയെ ചേർത്ത് വരയ്ക്കാവുന്ന ഒരു സാങ്കല്പിക വൃത്തത്തിലാണ്. ഈ ഒരേയൊരു ലളിതമായ സംഗതിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ നൂറ്റാണ്ടിലെ ലോകക്രമം രൂപീകരിക്കപ്പെടുക. കൊറോണാനന്തരകാലഘട്ടത്തിൽ ഏഷ്യക്ക് ലോക ക്രമത്തിൽ പ്രാധാന്യമേറും എന്നുതന്നെയാണ് മൈക്കൽ ക്ലാർക്ക് പറയുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ മഹാവ്യാധി ചൈനക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളു എന്നും അദ്ദേഹം പറയുന്നു. ചൈനയുടെ നഷ്ടം ഇന്ത്യയെപ്പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് നേട്ടമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP