Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ വസ്ത്രമണിഞ്ഞ് സിക്കുകാരുടെ ആരാധനാലയം കയറിയിറങ്ങി ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി; അമേരിക്ക കൊത്തിയെടുത്ത കച്ചവടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിച്ച് നിക്ക് ക്ലെഗ് ഇന്ത്യയിൽ

ഇന്ത്യൻ വസ്ത്രമണിഞ്ഞ് സിക്കുകാരുടെ ആരാധനാലയം കയറിയിറങ്ങി ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി; അമേരിക്ക കൊത്തിയെടുത്ത കച്ചവടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിച്ച് നിക്ക് ക്ലെഗ് ഇന്ത്യയിൽ

ച്ചവടത്തിൽ നല്ലൊരു ഡീൽ ഉറപ്പിക്കാൻ എന്തു വേഷം കെട്ടാനും ആരും തയ്യാറാകുന്ന കാലമാണിത്. നയതന്ത്രബന്ധങ്ങളുടെ അപ്പോസ്തലനായ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിനോളം ഈ തന്ത്രങ്ങൾ അറിയാവുന്നവർ ഇപ്പോൾ ബ്രിട്ടനിൽ ഉണ്ടോ എന്ന് സംശയമാണ്. വ്യാപാരദൗത്യവുമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ സന്ദർനത്തിനെത്തി ക്ലെഗ് ഏതു വേഷം കെട്ടിയും ഇന്ത്യയെ കൈയിലെടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിരിക്കാം ദൽഹിയിലെ സിക്ക് ആരാധനാലയത്തിൽ സിക്കുകാരുടെ വേഷമണിഞ്ഞ് അദ്ദേഹം സന്ദർശനം നടത്തിയത്. അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ വ്യാപാരക്കരാറുകളിൽ കുറച്ചെങ്കിലും ബ്രിട്ടന് വേണ്ടി വാങ്ങിയെടുക്കുകയാണ് ക്ലെഗിന്റെ ഇപ്പോഴത്തെ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യമെന്നറിയുന്നു.

ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ വെറും ഒമ്പത് മാസം മാത്രമുള്ളപ്പോഴാണ് ക്ലെഗിന്റെ ഈ സന്ദർശനം. തന്റെ പാർട്ടി ഇപ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുകയാണെന്ന് ക്ലെഗ് പറഞ്ഞു. ലൈംഗികാരോപണത്തെ തുടർന്ന് ലോർഡ് റെന്നാർഡിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരക്കരാറുകൾ ഉറപ്പിക്കാനുള്ള ഏറ്റവും പുതിയ സന്ദർശനമാണ് ക്ലെഗ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്ലെഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ഇന്ത്യയുടെ സാമ്പത്തികവളർച്ചക്കായി നിക്ഷേപം നടത്താനുള്ള താൽപര്യമറിയിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് പൗണ്ടുകളുടെ ബിസിനസ് കരാറുകളിൽ ഒപ്പു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലെഗിന്റെ പുതിയ ഇന്ത്യ ബിസിനസ്സ് അഡൈ്വസറായ ലോർഡ് ദോലകിയയടക്കമുള്ള 40 ശക്തരായ പ്രതിനിധിസംഘങ്ങൾക്കൊപ്പമാണ് ക്ലെഗ് സന്ദർശനം നടത്തുന്നത്. ദൽഹി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ വ്യാപാരക്കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. 

2010ൽ കാമറോണിന്റെ നേതൃത്ത്വത്തിൽ ബ്രിട്ടനിൽ കൂട്ടുകക്ഷിഭരണം അധികാരത്തിലെത്തിയ ശേഷം സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾ ഇന്ത്യയുമായി ഒരു പുതിയബന്ധം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടേക്ക് തുടരെത്തുടരെ സന്ദർശനം നടത്താറുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുകയെന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ചാൻസലർ ജോർജ് ഒസ്‌ബോണും തുടർന്ന് ഫോറിൻ സെക്രട്ടറി വില്യം ഹേഗും ജൂലൈയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. അതിന് പുറമെ പ്രധാനമന്ത്രിയായതിന് ശേഷം സാക്ഷാൽ ഡേവിഡ് കാമറോൺ മൂന്ന് പ്രാവശ്യം ഇന്ത്യ സന്ദർശിച്ചിരുന്നു. മോദി പ്രധാനമന്ത്രിയായതിന് ശേഷം ക്ലെഗ് ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി വ്യാപാരദൗത്യവുമായി ഇന്ത്യയിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ക്ലെഗ് പറഞ്ഞത്. നിശ്ചലാവസ്ഥയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുകയും തൊഴിലവസരങ്ങളും വ്യാപാരവും വർധിപ്പിക്കുകയും സമൃദ്ധിയുണ്ടാക്കുയുമാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് മോദി പറഞ്ഞതായി ക്ലെഗ് വെളിപ്പെടുത്തുന്നു.

ഇന്ത്യയും ബ്രിട്ടനുമായി പ്രതിവർഷം 16 ബില്യൺ പൗണ്ടിന്റെ വ്യാപാരം നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ മറ്റേത് രാജ്യത്ത് നിക്ഷേപിക്കുന്നതിനേക്കാളും ഇന്ത്യ ബ്രിട്ടനിലാണ് നിക്ഷേപിക്കുന്നത്. ജി20 രാജ്യങ്ങളിൽ ബ്രിട്ടനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത്. ഇതിന് പുറമെ ഇന്ത്യയുമായി ചരിത്രപരമായ സാസ്‌കാരിബന്ധം ബ്രിട്ടനുണ്ടെന്നും ക്ലെഗ് പറഞ്ഞു. ബ്രിട്ടനിലെ വിവിധ മേഖലകൾ പുഷ്ടിപ്പെട്ടത് ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തിലൂടെയാണെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി പറഞ്ഞു.

യുകെയും ഇന്ത്യയും തമ്മിലുള്ള എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അങ്ങോട്ടുമിങ്ങോട്ടും പോയി പഠിക്കുന്നുണ്ടെന്നും ക്ലഗ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഊർജമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എനർജി സെക്രട്ടറി എഡ് ഡേവി ബുധനാഴ്ച ഹൈദരാബാദിലേക്ക് പോകുന്നുണ്ട്. 

2013 നവംബർ 14നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഏറ്റവും അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ വൻ പ്രതിനിധിസംഘവുമായി ഇവിടെയെത്തിയ കാമറോണിന് തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാനായിരുന്നില്ല. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടികൾ ഉറപ്പിച്ച് കയററുമതിയിലൂടെ കൂടുതൽ വരുമാനം ഉറപ്പിക്കു എന്ന ലക്ഷ്യത്തിന് ഇന്ത്യ വഴങ്ങാത്തതിനാലായിരുന്നു പ്രൊട്ടോക്കോൾ മര്യാദകൾ പോലും നോക്കാതെ കാമറോൺ തുടരെത്തുടരെ ഇവിടെയെത്തിയത്. സാധാരണ ഒരു രാജ്യത്തിന്റെ തലവൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയാൽ ആതിഥേയ രാജ്യത്തു നിന്നും അതെ കാറ്റഗറിയിൽ ഉള്ള ഭരണസാരഥി മറുരാജ്യം സന്ദർശിക്കുകയെന്ന പ്രോട്ടോക്കോൾ ആണ് ഇന്ത്യ സൗകര്യപൂർവം രണ്ടുവട്ടം മറന്നത്.

തന്റെ സന്ദർശനവേളയിൽ ഇന്ത്യൻ ജനമനസ്സിൽ ഇടം നേടാൻ വേണ്ടി എന്തും ചെയ്യാൻ കാമറോൺ സന്നദ്ധനായിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കാലത്തെ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായ ജാലിയൻ വാലാബാഗിൽ പോലും സന്ദർശനം നടത്താൻ അദ്ദേഹം തയ്യാറായി അമൃതസറിൽ സന്ദർശനം നടത്തവെ സിഖ്കാരുടെ ആരാധാനാലയമായ സുവർണക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചിരുന്നു. അതേ പാതയാണ് ഇപ്പോൾ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗും പിന്തുടരുന്നത്.ക്ലെഗിന്റെ സന്ദർശനത്തോടെ വ്യാപാര ലക്ഷ്യങ്ങളിൽ ചിലതെങ്കിലും സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയാണ് ബ്രിട്ടൻ ഇപ്പോൾ പുലർത്തുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP