Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി നേരിട്ട് അപേക്ഷിച്ചിട്ടും ചൈനീസ് പ്രസിഡന്റ് വഴങ്ങിയില്ല; റഷ്യൻ പ്രസിഡന്റിനും മൗനം; എതിർപ്പിന്റെ ശബ്ദവും കൂടി; ഓടി നടന്ന് ശ്രമിച്ചിട്ടും ഇന്നു മോദിക്ക് വെറും കൈയോടെ മടങ്ങേണ്ടി വരും; അവസാന നിമിഷ മാജിക്കിനായി കിണഞ്ഞ് ശ്രമിച്ച് അമേരിക്കയും ഇന്ത്യയും

മോദി നേരിട്ട് അപേക്ഷിച്ചിട്ടും ചൈനീസ് പ്രസിഡന്റ് വഴങ്ങിയില്ല; റഷ്യൻ പ്രസിഡന്റിനും മൗനം; എതിർപ്പിന്റെ ശബ്ദവും കൂടി; ഓടി നടന്ന് ശ്രമിച്ചിട്ടും ഇന്നു മോദിക്ക് വെറും കൈയോടെ മടങ്ങേണ്ടി വരും; അവസാന നിമിഷ മാജിക്കിനായി കിണഞ്ഞ് ശ്രമിച്ച് അമേരിക്കയും ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

താഷ്‌കന്റ്: ആണവ വിതരണ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയെ അംഗമാക്കുന്നതിനു പിന്തുണ തേടി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ പ്ലീനറി സമ്മേളനം ഇന്നു സമാപിക്കാനിരിക്കേ ഇന്ത്യ പ്രതീക്ഷ കൈവിട്ടിട്ടില്ല. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു പ്രവേശനത്തിനു തടസ്സം. ഇത് മറികടക്കാൻ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയുമായി അമേരിക്കയും രംഗത്തുണ്ട്. ഇന്ത്യയെ അംഗമാക്കാനുള്ള ചരടു വലികൾ അമേരിക്കയും ശക്തമാക്കിയിട്ടുണ്ട്. ഇത് ഫലം കാണുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. റഷ്യയും ഇന്ത്യയുടെ കാര്യത്തിൽ മൗനം തുടരുകയാണ്.

സോളിൽ എൻഎസ്ജിയുടെ പ്ലീനറി സമ്മേളനത്തിൽ ഇന്നലെ ഇന്ത്യയുടെ കാര്യം ചർച്ചചെയ്‌തെങ്കിലും ചൈനയ്ക്കു പുറമേ തുർക്കി, ഓസ്ട്രിയ, ന്യൂസീലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളും എതിർപ്പു പ്രകടിപ്പിച്ചതോടെ കുരുക്കു മുറുകി. ഇതിനിടെ, എൻഎസ്ജി അംഗത്വത്തിനുള്ള ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അപേക്ഷകൾ ഒന്നിച്ചുമാത്രമേ പരിഗണിക്കാവൂ എന്നു പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഇസ്‌ലാമാബാദിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ എതിർക്കുന്നില്ല. എന്നാൽ പാക്കിസ്ഥാന് അംഗത്വം നൽകേണ്ടതില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഈ സാഹചര്യമാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ സോളിലെത്തി ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ തേടി ഒട്ടേറെ സമ്മേളന പ്രതിനിധികളെ കണ്ടിരുന്നു. 48 അംഗരാജ്യങ്ങളിൽനിന്നുള്ള 300 പേരാണു പ്ലീനറിയിൽ പങ്കെടുക്കുന്നത്.

ഉസ്ബക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിലായിരുന്നു മോദി-ചിൻപിങ് കൂടിക്കാഴ്ച. ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കെത്തിയപ്പോഴാണു മോദി ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തിയത്. ഇന്ത്യയുടെ എൻഎസ്ജി അംഗത്വ അപേക്ഷയെ ശരിയായും വസ്തുനിഷ്ഠമായും വിലയിരുത്തണമെന്നു ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ കാര്യം അതിന്റെ ഗുണഫലങ്ങൾ മനസ്സിലാക്കി പരിഗണിക്കണമെന്നും സോളിലെ പ്ലീനറിയിൽ ചൈന അനുകൂല നിലപാടെടുക്കണമെന്നും മോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരുപ് അറിയിച്ചു. എന്നാൽ അനുകൂല പ്രതികരണം ചൈനീസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

കൂടിക്കാഴ്ചയുടെ ഫലത്തെ കുറിച്ച് ഇന്ത്യയ്ക്കും വലിയ പ്രതീക്ഷയില്ല. എന്നാൽ ചൈനയുടെ പ്രതികരണമെന്തായിരുന്നു എന്ന ചോദ്യത്തിനു വികാസ് സ്വരൂപ് വ്യക്തമായ ഉത്തരം നൽകിയില്ല. 'ഇതൊരു സങ്കീർണമായ കാര്യമാണ്. സോളിൽനിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കാം' എന്നായിരുന്നു സ്വരൂപിന്റെ മറുപടി. 50 മിനിറ്റ് നീണ്ട മോദി-ചിൻപിങ് കൂടിക്കാഴ്ചയുടെ ഏറിയ പങ്കും എൻഎസ്ജി ചർച്ചകളായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഷാങ്ഹായ് സംഘത്തിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത ചിൻപിങ്, ഇന്ത്യയുടെ സാന്നിധ്യം അതിനെ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു. നേരത്തേ, ഷി ചിൻപിങ്ങിനെ കണ്ട പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈൻ എൻഎസ്ജി അംഗത്വത്തിൽ വരുത്തുന്ന എന്തു മാറ്റവും ദക്ഷിണേഷ്യയിൽ അശാന്തി കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

പാക്കിസ്ഥാനും ചൈനയും തമ്മിൽ ദൃഢസഹോദര ബന്ധമാണെന്നു ചിൻപിങ്ങും കൂട്ടിച്ചേർത്തു. ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയുടെ തീരുമാനങ്ങൾ ഫലപ്രദമാകുമെന്നു ന്യൂഡൽഹിയിൽനിന്നു താഷ്‌കെന്റിലേക്കു പുറപ്പെടുന്നതിനുമുൻപു മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ ഈ നിലപാടിനെ കണ്ടില്ലെന്ന് നടിക്കാൻ ചൈന തയ്യാറല്ല. അമേരിക്കയുമായി ഇന്ത്യ അടുക്കുന്നതും ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇതു തന്നെയാണ് റഷ്യയുടെ മൗനത്തിനും കാരണം. ചൈനയും റഷ്യയും എതിർപ്പ് തുടർന്നാൽ എൻഎസ്ജിയിൽ ഇന്ത്യയുടെ അംഗത്വം നടക്കില്ലെന്ന് ഉറപ്പാണ്. എല്ലാ അംഗരാജ്യങ്ങളും പിന്തുണച്ചാൽ മാത്രമേ പുതിയ അംഗത്വത്തിന് എൻഎസ്ജിയിൽ പ്രവേശനം ലഭിക്കൂവെന്നതാണ് ഇതിന് കാരണം.

എസ്‌സിഒയിലെ പൂർണ അംഗത്വത്തിലൂടെ ഇന്ത്യയ്ക്കു മറ്റ് അംഗരാജ്യങ്ങളുമായി പ്രതിരോധം, ഭീകരതയ്‌ക്കെതിരായ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വർധിച്ച സഹകരണത്തിന് അവസരം ലഭിക്കും. 2001ൽ സ്ഥാപിതമായ എസ്‌സിഒയിൽ ഇന്ത്യ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ നിരീക്ഷകരായി ഉൾപ്പെടുത്തിയത് 2005ൽ ആണ്. പൂർണ അംഗത്വത്തിനുള്ള തടസ്സങ്ങൾ കഴിഞ്ഞ ജൂലൈയിൽ നീക്കിയതോടെയാണ് ഈ ഉച്ചകോടിയിൽ അംഗത്വ നടപടികളുടെ അടിസ്ഥാനരേഖ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് ഫ്രാൻസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 48 അംഗങ്ങളാണ് എൻഎസ്ജിയിലുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇസ്രയേൽ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് ആണവനിരായുധീകരണ കരാറിൽ ഇനി ഒപ്പുവയ്ക്കാനുള്ള രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP