Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയും ബിജെപിയും വീണ്ടും അധികാരത്തിൽ എത്തണമെന്ന്; മോദി ജയിച്ചാൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കി ഇമ്രാൻഖാന്റെ അഭിമുഖം; മോദിക്ക് ഒരു വോട്ട് നൽകുന്നത് പാക്കിസ്ഥാന് വോട്ട് ചെയ്യുന്നതിനു സമം; മോദി ഇമ്രാന്റെ അടുത്ത സുഹൃത്തെന്ന രഹസ്യം പുറത്തായെന്ന് പറഞ്ഞ് കിട്ടിയ അവസരം ബിജെപിക്ക് എതിരായ ട്രോളാക്കി കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും

പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയും ബിജെപിയും വീണ്ടും അധികാരത്തിൽ എത്തണമെന്ന്; മോദി ജയിച്ചാൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കി ഇമ്രാൻഖാന്റെ അഭിമുഖം; മോദിക്ക് ഒരു വോട്ട് നൽകുന്നത് പാക്കിസ്ഥാന് വോട്ട് ചെയ്യുന്നതിനു സമം; മോദി ഇമ്രാന്റെ അടുത്ത സുഹൃത്തെന്ന രഹസ്യം പുറത്തായെന്ന് പറഞ്ഞ് കിട്ടിയ അവസരം ബിജെപിക്ക് എതിരായ ട്രോളാക്കി കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: അതിവൈകാരികതയും ദേശീയതയും ഉയർത്തിക്കാട്ടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുപിടുത്തം പുരോഗമിക്കുന്നത്. പാക്കിസ്ഥാനെ ശത്രുപക്ഷത്തു നിർത്തി പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ സാഹചര്യം പരമാവധി മുതലെടുക്കുകയാണ് മോദി. ഏറ്റവും ഒടുവിൽ പുൽവാമയിൽ രക്തസാക്ഷികളായവരുടെ പേരിൽ പോലും മോദി വോട്ടു ചോദിച്ചു. ഇങ്ങനെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായി വന്ന ഘട്ടമാണ് ഉണ്ടായത്.

ഇതിനിടെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ വലതുപക്ഷത്തു നിന്നുള്ള തിരിച്ചടി ഭയന്ന് കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ധാരണ തേടാൻ സാധ്യതയില്ല. എന്നാൽ ബിജെപിയാണ് ജയിക്കുന്നതെങ്കിൽ ചില ധാരണകളിലെത്താൻ സാധിക്കും- വിദേശ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ.

ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. മുസ്‌ലിം എന്ന സ്വത്വം ആക്രമിക്കപ്പെടുകയാണ്. മുമ്പ് തനിക്കറിയാവുന്ന ഇന്ത്യൻ മുസ്‌ലിംകളെല്ലാം അവരുടെ സാഹചര്യങ്ങളിൽ സന്തോഷവാന്മാരായിരുന്നു. എന്നാൽ ഇന്ന് അവർ തീവ്ര ഹിന്ദു ദേശീയതയുടെ ഭയപ്പാടിലാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ മോദിയും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ഭയവും തീവ്ര ദേശീയതയും പ്രചരിപ്പിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന ബിജെപിയുടെ വാദം തെരഞ്ഞെടുപ്പ് തന്ത്രമാണ്. - ഇമ്രാൻ പരഞ്ഞു.

പാക്കിസ്ഥാൻ കേന്ദ്രമാക്കി കശ്മീരിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നശിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അതിനായി പാക് സൈന്യത്തിന് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും പാക്സ്ഥാൻ പ്രധാനമന്ത്രി അറിയിച്ചു. കശ്മീർ രാഷ്ട്രീയ അസ്ഥിരതയിലാണെന്നും എന്നാൽ അതിന് സൈനിക നടപടിയിലുടെ പരിഹാരം കാണാനാകില്ലെന്നും ഇമ്രാൻ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ അതിർത്തി കടക്കുന്നത് സൈന്യം അടിച്ചമർത്തുന്നത് വഴി കശ്മീരികൾ ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്രാന്റെ പ്രസ്താവന പുറത്തു വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പ്രതികരണവുമായി രംഗത്തെത്തി. പാക്കിസ്ഥാൻ മോദിയുമായി ഔദ്യോഗികമായി സഖ്യം ചേർന്നിരിക്കുന്നു. മോദിക്ക് ഒരു വോട്ട് നൽകുന്നത് പാക്കിസ്ഥാന് വോട്ട് ചെയ്യുന്നതിനു സമമാണ്. മോദിജി, ആദ്യം നവാസ് ശരീഫും ഇപ്പോൾ ഇംറാൻ ഖാനും നിങ്ങളുടെ സുഹൃത്തുക്കളാണ്. രഹസ്യം പുറത്തതായിരിക്കുന്നു - കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ട്വീറ്റ് ചെയ്തു.

എന്തുകൊണ്ടണ് മോദി ജയിക്കണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത് പാക്കിസ്ഥാനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തോട് പറയണം. മോദി ജയിക്കുകയാണെങ്കിൽ പാക്കിസ്ഥാൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് എല്ലാ ഇന്ത്യക്കാർക്കും മനസിലായിരിക്കുന്നു -ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. പാകിതാനും അവരുടെ വക്താക്കൾക്കുമാണ് ബിജെപിയെ തോൽപ്പിക്കേണ്ടത് എന്നായിരുന്നു മോദി ഇതുവരെ പറഞ്ഞു നടന്നത്. എന്നാൽ ഇംറാൻ ഖാൻ മോദിക്ക് രണ്ടാമതൊരു അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. - കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.

ഇമ്രാൻ ഖാനെ പുകഴ്‌ത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ ബിജെപിക്കാർ ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. 'ഭക്തർ തല ചൊറിയുകയും ഇമ്രാൻ ഖാനെ പുകഴ്‌ത്തണോ വേണ്ടയോ എന്ന് ആശങ്കപ്പെടുകയുമാണ്'- മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP