Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആധുനിക വാദിയായ ഇമ്രാൻഖാൻ വിജയിച്ചു എന്നു മാത്രമല്ല, എല്ലാ ഭീകരരെയും കണ്ടം വഴി ഓടിക്കാനും ഇക്കുറി പാക്കിസ്ഥാൻ ജനത ഒരുമിച്ചു; കാശ്മീർ ഭീകര പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്ന ഹാഫിസ് സയീദിന്റെ മകനും മരുമകനും ഉൾപ്പെടെ മത്സരിക്കാൻ ഇറങ്ങിയ നൂറോളം ഭീകരരെ തോൽപ്പിച്ചോടിച്ച് പാക് ജനത

ആധുനിക വാദിയായ ഇമ്രാൻഖാൻ വിജയിച്ചു എന്നു മാത്രമല്ല, എല്ലാ ഭീകരരെയും കണ്ടം വഴി ഓടിക്കാനും ഇക്കുറി പാക്കിസ്ഥാൻ ജനത ഒരുമിച്ചു; കാശ്മീർ ഭീകര പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്ന ഹാഫിസ് സയീദിന്റെ മകനും മരുമകനും ഉൾപ്പെടെ മത്സരിക്കാൻ ഇറങ്ങിയ നൂറോളം ഭീകരരെ തോൽപ്പിച്ചോടിച്ച് പാക് ജനത

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാരമ്പര്യവാദികളായി രണ്ട് പ്രമുഖ പാർട്ടികളെ തോൽപ്പിച്ചാണ് ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) വിജയക്കൊടി നാട്ടിയത്. ഇംറാൻ നയിച്ച പാക്കിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി 114 സീറ്റുകൾ ഉറപ്പാക്കിയാണ് പുതിയ പാർട്ടിയുടെ വിജയം. ഇതിനൊപ്പം പാക് ജനത ഭീകരതക്കെതിരെ കൂടി എഴുതിയ വിധിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. തീവ്രവാദികൾ രാഷ്ട്രീയ തണലിൽ മത്സരിച്ചെങ്കിലും അവർക്ക് വിജയം നേടാൻ സാധിച്ചില്ല.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സായിദും മരുമകൻ ഖാലിദ് വലീദും അടക്കം പാക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയ ഭീകര തീവ്രവാദ സംഘടനകളുടെ സ്ഥാനാർത്ഥികൾക്കു ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി നാനൂറിലേറെ സ്ഥാനാർത്ഥികളാണു മൽസരിച്ചത്. ആരും ജയിച്ചില്ല. ലഹോറിൽനിന്ന് 200 കിലോമീറ്റർ അകലെ സായിദിന്റെ ജന്മനാടായ സർഗോദയിൽനിന്നാണു ഭീകരനേതാവിന്റെ മകൻ മൽസരിച്ചത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് രൂപീകരിച്ച രാഷ്ട്രീയകക്ഷി മില്ലി മുസ്ലിം ലീഗിന് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നിഷേധിച്ചിരുന്നു. തുടർന്നു മറ്റൊരു ചെറുകക്ഷിയുടെ പേരിലാണു ഭീകരനേതാവിന്റെ അനുയായികൾ മൽസരിച്ചത്. ഭീകര പട്ടികയിൽനിന്നു പേരു നീക്കംചെയ്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിച്ച മൗലാന മുഹമ്മദ് അഹ്മദ് ലുധിയാൻവിക്ക് 45,000 വോട്ട് ലഭിച്ചു.

ഇസ്ലാമാബാദ്ന്മ ഭരണകക്ഷി നേതാക്കൾ അടക്കം പാക്കിസ്ഥാനിൽ ഒട്ടേറെ പ്രമുഖ നേതാക്കൾക്കു തിരഞ്ഞെടുപ്പു പരാജയം. മുൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി മൽസരിച്ച രണ്ടിടത്തും തോറ്റു. അഴിമതിക്കേസിൽ നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ് അബ്ബാസി പ്രധാനമന്ത്രിയായത്.

കറാച്ചി, സ്വാത്, ലഹോർ എന്നിവിടങ്ങളിലായി മൂന്നു സീറ്റിൽ മൽസരിച്ച പിഎംഎൽഎൻ പ്രസിഡന്റും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹ്ബാസ് ഷരീഫ് കറാച്ചിയിലും സ്വാതിലും പിടിഐ സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടു. ലഹോറിൽ അദ്ദേഹം ലീഡ് ചെയ്യുന്നുവെന്നാണു വിവരം. മൂന്നുവട്ടം പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്നു. അതേസമയം, മൽസരിച്ച അഞ്ചു സീറ്റിലും പിടിഐ അധ്യക്ഷൻ ഇമ്രാൻ ഖാൻ വിജയിച്ചു.

മതകക്ഷികളുടെ മുന്നണിയായ മുത്തഹിദ മജ്ലിസെ അമൽ (എംഎംഎ) അധ്യക്ഷൻ മൗലാന ഫസ്ലുർ റഹ്മാൻ, ജമാഅത്തെ ഇസ്ലാമി മേധാവി സിറാജുൽ ഹഖ് എന്നിവരും തോറ്റു. മുൻ ആഭ്യന്തരമന്ത്രിയും വിമത പിഎംഎൽഎൻ നേതാവുമായ ചൗധരി നിസാർ അലി ഖാനും മൽസരിച്ച രണ്ടു സീറ്റിലും തോറ്റു. പിപിപി മേധാവി ബിലാവൽ ഭൂട്ടോ സർദാരി ഖൈബർ പഖ്തൂൺഖ്വയിൽ പരാജയപ്പെട്ടെങ്കിലും സ്വന്തം നാടായ സിന്ധിൽ മുന്നേറുന്നുണ്ട്. നവാസ് ഷരീഫിന്റെ വിശ്വസ്തനും പഞ്ചാബ് മുൻ നിയമമന്ത്രിയുമായ റാണാ സനാലുള്ള ഫൈസാബാദിൽ പിടിഐ സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടു. പിഎംഎൽഎൻ ശക്തികേന്ദ്രമായിരുന്നു ഫൈസാബാദ്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വേണ്ടെന്ന് ഇമ്രാൻഖാൻ

പ്രധാനമന്ത്രിയായാൽ ഔദ്യോഗിക വസതിയിൽ താമസിക്കില്ലെന്ന് തഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. ''പ്രധാനമന്ത്രിയുടെ ആഡംബര വസതി വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലുള്ള പൊതുഇടമാക്കി മാറ്റും. സമൂഹത്തിന്റെ മുകൾത്തട്ടിൽ നിന്നുതന്നെ പരിഷ്‌കാരം തുടങ്ങണം. അതിന്റെ ഭാഗമായാണിത്. ലളിതമായ ജീവിതമാണ് താൻ ഇഷ്ടപ്പെടുന്നത്.

അധികാരത്തിലേറിയാൽ എല്ലാവരും വാഗ്ദാനങ്ങൾ മറക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. എന്റെ കാര്യത്തിൽ അതു സംഭവിക്കില്ല. സർക്കാറുകളുടെ പതനവും അഴിമതി നിറഞ്ഞ ഭരണവും കണ്ടുമടുത്താണ് 22 വർഷം മുമ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങിയത് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഞങ്ങളുടെ മുൻഗാമി മുഹമ്മദലി ജിന്ന സ്വപ്നം കണ്ട പാക്കിസ്ഥാനായി രാജ്യത്തെ മാറ്റിയെടുക്കണം'' -ഖാൻ കൂട്ടിച്ചേർത്തു. അതിനിടെ ഇംറാൻ ഖാന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചതായി റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വസതിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അതും നീക്കിയിട്ടുണ്ട്.

ഇമ്രാനെ പുകഴ്‌ത്തി പാക് മാധ്യമങ്ങൾ

പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഇംറാൻ ഖാനെയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) യെയും വാഴ്‌ത്തി പാക് മാധ്യമങ്ങൾ. ഇംറാന്റെ വിജയം സുപ്രധാനമായ രാഷ്ട്രീയ രൂപാന്തരത്തിലൂടെ മറ്റെല്ലാ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് രാജ്യത്തെ സമാധാനപരമായ ജനാധിപത്യ രാജ്യമെന്ന് അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് മുഖ്യ പാർട്ടികൾ ആരോപിക്കുന്നുണ്ടെങ്കിലും ജനഹിതം അംഗീകരിക്കണമെന്ന മട്ടിലാണ് ദി എക്സ്‌പ്രസ് ട്രിബ്യൂണൽ മുഖപ്രസംഗം എഴുതിയത്. പാക്കിസ്ഥാന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത നായകനായ ഇംറാന്റെ വിജയത്തെ ക്രിക്കറ്റ് കളിയിൽ മത്സരത്തിലെ താരത്തിന് നൽകുന്ന പുരസ്‌കാരമായ 'മാൻ ഓഫ് ദ മാച്ച്' എന്ന തലക്കെട്ടാണ് ദി നാഷൻ നൽകിയത്. 'ഇംറാൻ ബൗൾസ് ആൾ ഔട്ട്' എന്നായിരുന്നു ദ ന്യൂസിന്റെ തലക്കെട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP