Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയ നേതാക്കൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്ത് പാക്കിസ്ഥാൻ സൈന്യം; സൈനിക മേധാവി കമാൻഡർമാരുടെ യോഗം ചേർന്നു; ഭരണസ്തംഭനം ഒഴിവാക്കാൻ പരിഹാരം ഉടൻ കാണണമെന്ന് അന്ത്യശാസനം

രാഷ്ട്രീയ നേതാക്കൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്ത് പാക്കിസ്ഥാൻ സൈന്യം; സൈനിക മേധാവി കമാൻഡർമാരുടെ യോഗം ചേർന്നു; ഭരണസ്തംഭനം ഒഴിവാക്കാൻ പരിഹാരം ഉടൻ കാണണമെന്ന് അന്ത്യശാസനം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ പിടിയിൽ നിന്നും മോചിതരായി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും സുസ്ഥിരമായ ഭരണം എന്നത് പാക്കിസ്ഥാൻ എന്നുമൊരു മരീചികയാണ്. ജനാധിപത്യത്തിത്തിലൂടെ അധികാരത്തിലേറിയവർ പോലും അധികകാലം ഭരണരംഗത്ത് തുടർന്നിട്ടില്ല. പല പ്രധാനമന്ത്രിമാരും അസ്വാഭാവികമായി കൊല്ലപ്പെട്ടു, ചിലർ അന്യരാജ്യങ്ങളിൽ അഭയം തേടി. ഏറ്റവും ഒടുവിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അസ്ഥിരപ്പെടുത്തും വിധം പ്രക്ഷോഭം പാക്കിസ്ഥാനിൽ ശക്തിപ്രാപിക്കുന്നു. നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം ഇസ്ലാമാബാദിന്റെ തെരുവുകളെ അശാന്തമാക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലടിക്കുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്തിരിക്കയാണ് പാക്കിസ്ഥാൻ സൈന്യം.

ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയവർക്കുനേരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ പാക് സൈനിക മേധാവി കമാൻഡർമാരുടെ യോഗം വിളിച്ചുചേർത്തു. മണിക്കൂറുകൾ നീണ്ടു നിന്ന സൈനിക മേധാവികളുടെ യോഗത്തിന് ശേഷം രാഷ്ട്രീയക്കാരോട് താക്കീതിന്റെ ഭാഷയിലാണ് സൈനിക മേധാവി റഹീൽ ഷെരീഫ് സംസാരിച്ചത്. എത്രയും വേഗം രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. ജനാധിപത്യ ഭരണത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപനം സൈനിക മേധാവിയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ സൈന്യം ഇടപെടുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സൈനിക മേധാവി പറഞ്ഞു.

അതിനിടെ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കി. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ചൊവ്വാഴ്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേർത്തയായും റിപ്പോർട്ടുണ്ട്. പ്രതിപക്ഷവുമായി ചർച്ചകൾക്ക് ഒരുക്കമാണെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നവാസ് ഷെരീഫിനും അനധികൃതമായ ഭരണകൂടത്തിനും എതിരേ മരണംവരെ പോരാടുമെന്നു പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരേ പോരാടാൻ എല്ലാ ജനങ്ങളെയും അദ്ദേഹം ആഹ്വാനം ചെയ്തു.

പി.എം.എൻഎൽ. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ എല്ലാ ഉത്തരവുകളും അവഗണിക്കാൻ ഇമ്രാൻ ഖാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട്, അതീവസുരക്ഷയുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കു മുൻ ക്രിക്കറ്റ് താരവും തെഹ്‌രിക്കെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെയും കാനഡ ആസ്ഥാനമായ വിവാദ പുരോഹിതനും പാക്കിസ്ഥാൻ അവാമി തെഹ്‌രിക്ക് (പി.എ.ടി)നേതാവുമായ താഹിർ അൽ ഖ്വാദ്രിയുടെയും നേതൃത്വത്തിലുള്ള സർക്കാർ വിരുദ്ധപ്രക്ഷോഭകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനേത്തുടർന്നായിരുന്നു ഖാന്റെ ആഹ്വാനം.

അതേസമയം, പാർട്ടിയുടെ അനുമതിയില്ലാതെയാണ് പ്രധാനമന്ത്രിയുടെ വസതി വളയാൻ ഇമ്രാൻ ഖാൻ തീരുമാനമെടുത്തതെന്ന് ആരോപിച്ച് പി.ടി.ഐ. അധ്യക്ഷൻ ജാവേദ് ഹഷ്മി രംഗത്തെത്തി. രാജ്യത്തു ജനാധിപത്യം പാളംതെറ്റിയാൽ അതിന് ഉത്തരവാദി ഇമ്രാൻ ഖാൻ ആയിരിക്കുമെന്നും ഹഷ്മി കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെ ഹഷ്മിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ തിരിച്ചടിച്ചു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദേശവുമായി പാക് സർക്കാരും മുന്നോട്ടുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പി.ടി.ഐ, പി.എ.ടി. നേതൃത്വവുമായി ചർച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാൻ ധാരണയായി. 

ഷെരീഫിന്റെ രാജിക്കു സമ്മർദം ചെലുത്താൻ പ്രതിഷേധം അദ്ദേഹത്തിന്റെ വസതിക്കുമുന്നിലേക്കു മാറ്റാൻ ഖാനും ഖ്വാദ്രിയും ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിക്കു പുറത്തും സമീപത്തുള്ള പാർലമെന്റ് മന്ദിരത്തിലും കടന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകഷെല്ലുകളും റബർ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നു. പാർലമെന്റ് മന്ദിരത്തിലെ പുൽത്തകിടിയിൽ പ്രവേശിച്ച നൂറുകണക്കിനു പ്രതിഷേധക്കാരെ സൈന്യം തുരത്തി പ്രധാനഗേറ്റിനു പുറത്താക്കി.

പരുക്കേറ്റ 450 പേരെ പോളിക്ലിനിക്കിലും പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വടികൾ കൈയിലേന്തിയ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 70 പൊലീസുകാർക്കു പരുക്കേറ്റു.

പ്രതിഷേധക്കാർ സമാധാനപരമായാണു മാർച്ച് നടത്തിയതെന്നു ഖാൻ അവകാശപ്പെട്ടു. ജനങ്ങളെ കൊന്നതിനു നവാസ് ഷെരീഫിനും ആഭ്യന്തരമന്ത്രി ചൗധരി നിസാറിനുമെതിരേ എഫ്.ഐ.ആർ. ഫയൽ ചെയ്യുമെന്നു ഖാൻ പറഞ്ഞു. ഷെരീഫ് ഫാസിസ്റ്റാണെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഖാൻ ആരോപിച്ചു. ജനാധിപത്യത്തിൽ സമാധാനപൂർണമായ പ്രതിഷേധം അവകാശമാണ്. ഞങ്ങൾ ഇതു ചെയ്യരുതെന്നു പറയുന്നവർക്കു സ്വാതന്ത്ര്യവും അടിമത്വവും തമ്മിലുള്ള വ്യത്യാസം അറിയില്ലഖാൻ പറഞ്ഞു.
പ്രതിഷേധക്കാരെ ഭയന്നു നവാസ് ഷെരീഫ് ഇപ്പോൾ താമസിക്കുന്ന ലാഹോർ വസതിയിലേക്കുള്ള വഴികൾ സൈന്യം തടഞ്ഞിരിക്കുകയാണ്. നവാസിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫും ഇവിടെയാണു താമസിക്കുന്നത്. വെള്ളിയാഴ്ച തന്റെ പഴ്‌സണൽ സ്റ്റാഫിനൊപ്പം നവാസ് ഷെരീഫ് ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്കു സമരം മാറ്റാനുള്ള തീരുമാനം പാർട്ടിയുടേതല്ലെന്നു പി.ടി.ഐ. അധ്യക്ഷൻ ജാവേദ് ഹഷ്മി പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺസ്റ്റിറ്റിയൂഷൻ അവന്യൂവിലേക്കു സമരം വ്യാപിപ്പിക്കില്ലെന്നും ഇമ്രാൻ ഖാൻ ഉറപ്പുതന്നിരുന്നു. എന്നാൽ, ചിലരുടെ ഇടപെടലിനെത്തുടർന്ന് ഖാൻ തീരുമാനം മാറ്റുകയായിരുന്നു. കൂടിയാലോചനകളുടെ ഫലമെന്താണെന്ന് അറിയും വരെ കാത്തിരിക്കണമെന്ന് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരുന്നെന്നും ഹാഷ്മി പറഞ്ഞു.

പാർട്ടിയിൽ ജനാധിപത്യമില്ലെന്നും ഹഷ്മി ആരോപിച്ചു. ഹാഷ്മിയുടെ നിലപാടിൽ നിരാശയുണ്ടെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. ജാവേദ് ഹഷ്മിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായും അനുയായികളെ അഭിസംബോധന ചെയ്യവേ പി.ടി.ഐ. ചെയർമാൻകൂടിയായ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഖാനും ഖ്വാദ്രിയും ഓഗസ്റ്റ് 14 മുതലാണ് നവാസ് ഷെരീഫ് സർക്കാരിനെതിരേ പ്രതിഷേധം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP