Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമാനനിമിഷങ്ങളിൽ തലയെടുപ്പോടെ; ഒരുദിവസം നീണ്ട നാടകങ്ങൾക്ക് ശേഷം റിയൽ ഹീറോ ഇന്ത്യൻ മണ്ണിൽ; ഉറച്ച ചുവടുകളോടെ നെഞ്ചുവിരിച്ച് അഭിനന്ദൻ വർത്തമൻ; മൂന്നുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വിങ് കമാൻഡറെ പാക്കിസ്ഥാൻ വാഗാ അതിർത്തിയിൽ കൈമാറി; കൈമാറ്റ സമയം അയൽരാജ്യം മാറ്റിയത് രണ്ടുവട്ടം; ക്ഷമയോടെ വൻജനാവലിയുടെ കാത്തിരിപ്പ് നീണ്ടത് നടപടിക്രമങ്ങൾ വൈകിയതോടെ; ഭാംഗ്ര നൃത്തം ചവുട്ടിയും മധുരം വിളമ്പിയും വരവേറ്റ് ഇന്ത്യൻ ജനത; എങ്ങും ഭാരത് മാതാ കീ ജയ് വിളികൾ

അഭിമാനനിമിഷങ്ങളിൽ തലയെടുപ്പോടെ; ഒരുദിവസം നീണ്ട നാടകങ്ങൾക്ക് ശേഷം റിയൽ ഹീറോ ഇന്ത്യൻ മണ്ണിൽ; ഉറച്ച ചുവടുകളോടെ നെഞ്ചുവിരിച്ച് അഭിനന്ദൻ വർത്തമൻ; മൂന്നുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വിങ് കമാൻഡറെ പാക്കിസ്ഥാൻ വാഗാ അതിർത്തിയിൽ കൈമാറി; കൈമാറ്റ സമയം അയൽരാജ്യം മാറ്റിയത് രണ്ടുവട്ടം; ക്ഷമയോടെ വൻജനാവലിയുടെ കാത്തിരിപ്പ് നീണ്ടത് നടപടിക്രമങ്ങൾ വൈകിയതോടെ;  ഭാംഗ്ര നൃത്തം ചവുട്ടിയും മധുരം വിളമ്പിയും വരവേറ്റ് ഇന്ത്യൻ ജനത; എങ്ങും ഭാരത് മാതാ കീ ജയ് വിളികൾ

മറുനാടൻ മലയാളി ബ്യൂറോ

വാഗാ: 130 കോടി ഇന്ത്യാക്കാർക്ക് അഭിമാനനിമിഷങ്ങൾ പകർന്ന് മിഗ് 21 പറപ്പിച്ച് പാക്കിസ്ഥാനെതിരെ ധീരമായി പോരാടിയ വീരപുത്രൻ മടങ്ങിയെത്തി.

മൂന്നുദിവസത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ വാഗാ അതിർത്തിയിൽ എത്തിച്ചു. രാത്രി 9 മണിയോടെയാണ് അഭിനന്ദനെ പാക് അധികൃതർ വാഗ അതിർത്തിയിൽ കൈമാറിയത്. നടപടിക്രമങ്ങൾ നീണ്ടതോടെ, മുൻനിശ്ചയിച്ചത് പോലെയുള്ള സമയക്രമം പാലിക്കാനായില്ല. മൂന്നുമണിയോടെ അഭിനവിനെ കൈമാറുമെന്ന് നേരത്തെ പാക്കിസ്ഥാൻ അറിയിച്ചിരുന്നുവെങ്കിലും രണ്ടുവട്ടം സമയം മാറ്റിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ 9 മണിയോടെയാണ് ഇതിനുള്ള നടപടികൾ പൂർത്തിയായത്.
പാക്കിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ അഭിനന്ദനെ സ്വീകരിച്ചു. എയർ വൈസ് മാർഷൽമാരും കുടുംബാംഗങ്ങളും വാഗ അതിർത്തിയിൽ അഭിനന്ദനെ സ്വീകരിച്ചു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു.

അഭിനന്ദൻ മാധ്യമങ്ങളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എയർവൈസ് മാർഷൽ ആർ.ജി.കെ.കപൂറാണ് സംസാരിച്ചത്. വിമാനാപകടത്തിൽ പെട്ട വ്യക്തിയായതുകൊണ്ട് തന്നെ വിശദമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. കൈക്കും മുതുകിനുമൊക്കെ പരിക്കുകൾ പറ്റിയ സാഹചര്യത്തിലാണ് പരിശോധന അനിവാര്യമായത്. അമൃത് സറിലേക്ക് കൊണ്ടുപോയ അഭിനന്ദനെ വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. ശനിയാഴ്ച അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക് സൈനിക വിമാനത്തിലാണ് റാവൽ പിണ്ടിയിൽ നിന്ന് അഭിനന്ദനെ ലാഹോറിലെത്തിച്ചത്. ലഹോറിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ കൈമാറ്റരേഖയിൽ ഒപ്പുവച്ചു.

അഭിനന്ദൻ ലാഹോറിലാണുള്ളതെന്ന് 8.30 യോടെ ദ് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ റോയിറ്റേഴ്‌സ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഇന്ത്യൻ, പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് അഭിനന്ദനെ വാഗയിൽ എത്തിച്ചതായും പറഞ്ഞു. 

വാഗാ അതിർത്തിയിൽ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിക്കാൻ തയ്യാറായി നിന്നു.അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു. പൊതു ജനങ്ങൾക്ക് വാഗാ അതിർത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വൻ ജനാവലിയാണ്‌ അഭിനന്ദൻ വർത്തമനെ കാത്ത് എത്തിയിരുന്നത്. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിർത്തിയിലെ ഇന്നത്തെ പതാകയിറക്കൽ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു.

സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയിൽ വർദ്ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ കഴിഞ്ഞദിവസം ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാനുമേലുള്ള ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിന്റെ ഫലമായാണ് വളരെ വേഗം തന്നെ അഭിനന്ദന് മോചനത്തിനുള്ള വഴി തുറന്നത്. അഭിനന്ദനുമായി പാക് സൈന്യം ലാഹോറിലേക്ക് തിരിച്ചു കഴിഞ്ഞു.പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് അഭിനന്ദനെ എത്തിച്ചത്. 

ഏതാനും കിലോമീറ്റർ ദൂരം മാത്രമേ ലാഹോറിൽ നിന്ന് വാഗാ അതിർത്തിയിലേക്കുള്ളൂ.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ് അടക്കമുള്ളവർ അഭിനന്ദനെ സ്വീകരിക്കാൻ വാഗയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ബുധനാഴ്ചയാണ് അഭിനന്ദനെ പാക്കിസ്ഥാൻ പിടികൂടിയത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം വെടിവെച്ചു വീഴ്‌ത്തിയതിനു പിന്നാലെയാണ് അദ്ദേഹം പിടിയിലായത്. അഭിനന്ദൻ പറപ്പിച്ചിരുന്ന മിഗ്21 ബൈസൺ പോർവിമാനം പാക് അധീനകാശ്മീരിൽ തകർന്നുവീണതിനെ തുടർന്നായിരുന്നു ഇത്.

. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളായിരുന്നു. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാക്കിസ്ഥാൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി. റെസായി കത്ര മേഖലയിലെ വൈഷ്ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു.

അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം, മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചത്.

അഭിനന്ദൻ ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചാണ് അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് എത്തിയത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിന്മുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാക്കിസ്ഥാൻ മാധ്യമങ്ങൾക്കുപാേലും ഈ ധീരതയെ പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്‌ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.

ലോകത്തിന്റെ മുഴുവൻ വീരപുത്രനായാണ് അഭിനന്ദൻ വർത്തമാൻ ഭാരതത്തിലേക്ക് തിരികെ എത്തിയത്. അഭിനന്ദന്റെ മടങ്ങിവരവ് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചിടത്തോളം ആവേശം വിതറുന്ന കാര്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP