Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ

ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. അയൽക്കാരുമായുള്ള വ്യാപാരം നിർത്തി വയ്ക്കുന്നതിന് പുറമേ നയതന്ത്രസഹകരണം കുറയ്ക്കും. ഇതോടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുകയാണ്. പാക് ഹൈക്കീഷണറെ പുറത്താക്കുന്നതിന് പുറമേ, ന്യൂഡൽഹിയിലെ പാക് അംബസഡറെയും പാക്കിസ്ഥാൻ പിൻവലിക്കും, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പാക് പ്രതിരോധ മന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് ഇമ്രാൻ ഖാൻ ജാഗ്രതാ നിർദ്ദേശവും നൽകി. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടെന്നും ഇമ്രാൻ നിർദ്ദേശിച്ചതായാണ് വിവരം. ജമ്മു കശ്മീർ വിഷയം, സുരക്ഷാ സമിതി അടക്കം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും, നിയമവിരുദ്ധവുമായ നീക്കമെന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.

ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനത്തിൽ കശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കും. ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കശ്മീർ താഴ് വരയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ എവ്വാ നയതന്ത്രചാനലുകളും സജീവമാക്കാനും പാക് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഉന്നത സൈനിക ജനറൽമാരുടെ യോഗത്തിനും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനും ശേഷമാണ് പാക് ദേശീയ സുരക്ഷാസമിതി യോഗം ചേർന്നത്. ഈയാഴ്ച സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.

ഞായറാഴ്ച സമിതിയുടെ യോഗം മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തിയിരുന്നു. സിവിൽ-മിലിട്ടറി മേഖലയിലെ ഉന്നത നേതാക്കളുടെ കൂട്ടായ്മയാണ് ദേശീയ സുരക്ഷാ സമിതി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്യാറുള്ളത്.പഠാൻകോട്ട് ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാൻ ഭാഗകമായി അടച്ചു. സെപ്റ്റംബർ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാൻ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്.ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കുമായി തുറന്നത്.ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ വിഷയം അന്താരാഷ്ട്രസമൂഹത്തിന് മുമ്പാകെ ഉന്നയിച്ച് സഹതാപം തേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തുടക്കത്തിലേ പാളിയിരുന്നു.. ഇന്ത്യയുടെ നടപടിയെ അപലപിക്കാനോ, ശാസിക്കാനോ ഒന്നും അമേരിക്ക തയ്യാറായില്ല. കശ്മീരിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ അറസ്റ്റ ചെയ്തതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകതയിലുമാണ് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടാഗസ് ഊന്നിയത്. നിയന്ത്രണരേഖയിൽ സമാധാനവും സ്ഥിരതയും പരിപാലിക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി മോർഗൻ ഒട്ടാഗസ് അറിയിച്ചു. പാക്കിസ്ഥാനെ കുറിച്ച് ഒരുപരാമർശവും പ്രസ്താവനയിൽ ഉണ്ടായതുമില്ല. നാലുവരി പ്രസ്താവനയിലെങ്ങും ഇന്ത്യയെ അപലപിക്കുന്ന ഒരുവാചകവുമില്ലെന്നതും പാക്കിസ്ഥാന് തിരിച്ചടി തന്നെ. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതടക്കമുള്ള നടപടികളുടെ വിവരം മോദി സർക്കാർ ട്രംപ് ഭരണകൂടത്തെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ പരോക്ഷമായി ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കുക കൂടിയാണ് അമേരിക്ക.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നത്. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയത് അനധികൃത നടപടിയെന്നും അത് തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ആരായുമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. അമിത്ഷാ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത് മണിക്കൂറുകൾക്കകമാണ് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കിയത്. ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം കശ്മീർ പ്രശ്‌നത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യ പുറത്തുകാട്ടുന്ന ജനാധിപത്യ മുഖം വെളിച്ചത്തായി കഴിഞ്ഞു. ഇന്ത്യയുടെ തീരുമാനത്തോട് കശ്മീരി നേതൃത്വം യോജിക്കുന്നില്ല. കശ്മീർ പ്രശ്‌നം വീണ്ടും ഇന്ത്യ കുത്തിപ്പൊക്കിയിരിക്കുകയാണ്, ഖുറേഷി പറഞ്ഞു. ജമ്മു കശ്മീർ തർക്ക പ്രദേശമാണെന്നും ഇവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കശ്മീർ അന്താരാഷ്ട്ര അംഗീകൃത തർക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കിൽ തർക്ക ഭൂമിയിൽ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങൾക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതൊരു അന്താരാഷ്ട്ര തർക്കമാണെന്നിരിക്കെ, അനധികൃത നടപടി ചെറുക്കാൻ സാധ്യമായ മാർഗ്ഗങ്ങളെല്ലാം നോക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

തങ്ങളുടെ നയങ്ങൾ ഫലപ്രദമാണെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ, അവർ ഗവർണറുടെ ഭരണം അടിച്ചേൽപ്പിക്കുകയോ, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ രാഷ്ട്രീയം കളിക്കുകയോ ചെയ്യുമായിരുന്നില്ല, ഖുറേഷി, ഡോൺ ന്യൂസ് ടിവിയോട് പറഞ്ഞു. ലഖാക്കിനെയും കശ്മീരിനെയും കേന്ദ്രഭരണപ്രദേശമാക്കാൻ തീരുമാനിച്ചതോടെ, അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നാണ് അർഥം. നേരത്തെ അവരെ പിന്തുണച്ചിരുന്ന കശ്മീരികൾ ജയിലിലോ, വീട്ട് തടങ്കലിലോ ആണ്. ഇന്ന് ഒരിക്കൽ കൂടി ഇന്ത്യ കശ്മീർ പ്രശ്‌നം പുനരുജ്ജീവിപ്പിക്കുകയും, അന്താരാഷ്ട്രവൽകരിക്കുകയും ചെയ്തു. ഇത് പ്രശ്‌നം പരിഹരിക്കില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുകയേ ഉള്ളു, ഖുറേഷി പറഞ്ഞു. പ്രശ്‌നം അവർക്ക് ഒരിക്കലും അടിച്ചമർത്താനാകില്ല. എന്തൊരു അപകടകരമായ കളിയാണ് കളിച്ചതെന്ന് സമയം തെളിയിക്കും. ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര സമൂഹം മുഴുവൻ അപലപിക്കേണ്ടെതാണെന്നും ഖുറേഷി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരതയുടെ അന്ത്യത്തിന് ഇത് വഴിയൊരുക്കുമെന്ന് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. . ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP