Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസിന്റെ സുരക്ഷിത താവളങ്ങൾ തകർക്കണം; ഓരോ രാജ്യവും അവശ്യമായ നടപടിയെടുക്കണം; പാരീസ് ആക്രമണത്തിൽ കണ്ണ് തുറന്ന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം; ഇന്ന് ലോക ശക്തികൾ ഭീകരതയ്ക്ക് എതിരെ ഒറ്റക്കെട്ട്

ഐസിസിന്റെ സുരക്ഷിത താവളങ്ങൾ തകർക്കണം; ഓരോ രാജ്യവും അവശ്യമായ നടപടിയെടുക്കണം; പാരീസ് ആക്രമണത്തിൽ കണ്ണ് തുറന്ന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം; ഇന്ന് ലോക ശക്തികൾ ഭീകരതയ്ക്ക് എതിരെ ഒറ്റക്കെട്ട്

യുണൈറ്റഡ് നേഷൻസ്: ഭീകര സംഘടനയായ ഐസിസിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐസിസിനെതിരെ പൊരുതാൻ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസാണ് അവതരിപ്പിച്ചത്. അംഗങ്ങൾ ഏകകണ്ഠമായാണ് ഇത് അംഗീകരിച്ചത്. പാരിസിൽ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പരയെ തുടർന്നാണ് ഇത്.

224 പേരുടെ ജീവനെടുത്ത റഷ്യൻ വിമാനാപകടത്തിനും 37 പേർ കൊല്ലപ്പെട്ട ലെബനനിലെ ബോംബ് സ്‌ഫോടനത്തിനും ഉത്തരവാദികൾ ഐസിസാണ്്. ടുണീഷ്യയിലും തുർക്കിയിലും അംഗാരയിലുമുൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ ഐ.എസ് ആക്രമണങ്ങൾ നടത്തി. ലോകത്തിന് ഭീഷണിയായി മാറിയ ഐസിസിന്റെ സുരക്ഷിത താവളങ്ങൾ തകർക്കാൻ ഓരോ രാജ്യവും ആവശ്യമായ നടപടികളെടുക്കണമെന്നാണ് രക്ഷാസമിതി ആവശ്യപ്പെട്ടത്. ഇതോടെ സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്ന് ഉറപ്പായി. റഷ്യയും ഫ്രാൻസും ചേർന്നാണ് സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

ഭീകരാക്രമണം തടയാൻ രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നും യു.എൻ പ്രമേയം ആവശ്യപ്പെടുന്നു. പാരിസ് ആക്രമണത്തിന് പിന്നാലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിലയിരുത്തലിനേത്തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് യു.എൻ അംഗരാജ്യങ്ങൾ ഐസിസിനെതിരരെ നടപടി ശക്തമാക്കുന്നത്. പാരിസ് ആക്രമണത്തിൽ പങ്കാളികളായവരിൽ പ്രമുഖർ ബ്രസ്സൽസിൽ നിന്നുള്ളവരാണ്. ആക്രമണ സംഘത്തിലെ രക്ഷപ്പെട്ട ഒരാളായ ലാ അബ്ദെലസാം തിരിച്ച് ബ്രസൽസിലെത്തിയേക്കാമെന്നും കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു.

നിലവിലെ സാഹചര്യത്തിൽ ഐസിസിനെതിരെ യോജിച്ച പോരാട്ടമാണ് യുഎൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഏകോപനവും യുഎൻ ഏറ്റെടുത്തേക്കും. ഐസിസിന്റെ ശക്തികേന്ദ്രമായ സിറിയയിൽ ആഞ്ഞടിക്കാനാണ് തീരുമാനം. ഇതിനുള്ള രൂപരേഖ ഉടൻ തയ്യാറാകും. റഷ്യയും അമേരിക്കയും ഇംഗ്ലണ്ടും ഒരുമിച്ച് ഐസിസിനെ നേരിടാൻ തീരുമാനിച്ചിരുന്നു. അതിന്റെ ചുവടു പടിച്ചാണ് പ്രമേയവും. സിറിയയിലെ പ്രശ്‌ന പരിഹാരത്തിനും യുഎൻ ഇടപെടും.

അതിനിടെ പാരിസിൽ സ്‌ഫോടനം നടത്തിയവർക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വനിതാ ചാവേർ സ്വയം പൊട്ടിത്തെറിച്ചതല്ലെന്നും റിപ്പോർട്ടുണ്ട്. ഇവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്നും അവർ കീഴടങ്ങാൻ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP