Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപം വരും; ഇരുരാജ്യങ്ങളും തമ്മിൽ 24 കരാറുകളിൽ ഒപ്പുവച്ചു; ചൈനീസ് പ്രധാനമന്ത്രിയുമൊത്ത് 'സെൽഫി'യെടുത്ത് സൗഹൃദം പങ്കിട്ട് നരേന്ദ്ര മോദി

ഇന്ത്യ  ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപം വരും; ഇരുരാജ്യങ്ങളും തമ്മിൽ 24 കരാറുകളിൽ ഒപ്പുവച്ചു; ചൈനീസ് പ്രധാനമന്ത്രിയുമൊത്ത് 'സെൽഫി'യെടുത്ത് സൗഹൃദം പങ്കിട്ട് നരേന്ദ്ര മോദി

ബെയ്ജിങ്: മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നൽകാത്ത ഊഷ്മള സ്വീകരണം നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കിയ ചൈന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധും കൂടുതൽ ദൃഢമാക്കി. അടുത്ത നൂറ്റാണ്ടിനെ നയിക്കുക ഇന്ത്യയും ചൈനയും ആണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ ചൈനീസ് സന്ദർശനം. ഇന്ത്യ - ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് മോദിയുടെ പരാമർശം.

തനിക്ക് നൽകിയ സ്വീകരണത്തിന് ചെനീസ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച മോദി പാരമ്പര്യവും പ്രൗഢിയുമുള്ള നഗരമാണ് സിയാനെന്ന് അഭിപ്രായപ്പെട്ടു. 1400 വർഷങ്ങൾക്ക് മുൻപ് ഹുയാൻ സാംഗ് ഗുജറാത്ത് സന്ദർശിച്ചത് പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. പരസ്പര സഹകരണത്തിനുള്ള 24 കരാറുകളിലും ഇന്ത്യയും ചൈനയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലി കെ ചിയാങ്ങും ബീജിംഗിൽ നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കുശേഷമാണ് കരാറുകളിൽ ഒപ്പുവച്ചത്. ചൈനീസ്  പ്രധാനമന്ത്രി ഒപ്പം നിന്ന് സെൽഫിയെടുത്താണ് മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചത്.

ഇന്ത്യയിലെ വിവിധ മേഖലകളിൽ 10 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ചൈന അറിയിച്ചു. തെക്കു പടിഞ്ഞാറ് ചൈനയിലെ ചെങ്ദുവിൽ ഇന്ത്യയും തമിഴ്‌നാട്ടിലെ ചെന്നൈയിൽ ചൈനയും കോൺസുലേറ്റ് തുടങ്ങും. തൊഴിൽ വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ മഹാത്മ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ ഡെവലപ്പ്‌മെന്റ് സ്ഥാപിക്കും. വ്യാപാര സഹകരണത്തിന് കൂടിയാലോചനാ സംവിധാനം രൂപീകരിക്കാനും കരാറായി. ധാതുഫഖനനം, ബഹിരാകാശം, റെയിൽവേ, വിനോദ സഞ്ചാരം, നീതി അയോഗ്, വാർത്താവിനിമയം, ഭൂകമ്പ ശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്രം എന്നീ മേഖലകളിൽ പരസ്പര സഹകരണം. ഇന്ത്യയിലെ നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയുമായി സഹകരിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ചെന്നൈയിൽ ചൈനയ്ക്ക് പുതിയ കോൺസുലേറ്റ് ഓഫീസ് തുറക്കാമെന്ന് ചൈന ചർച്ചയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണം വളർത്തണമെന്ന് മോദി ചർച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ പരസ്പര വിശ്വാസവും സഹകരണവും വളർത്തണം മോദി പറഞ്ഞു. മേഖലയിൽ സമാനമായ വെല്ലുവിളിയാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്നും മോദി പറഞ്ഞു.

ഭാരത ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിരവധി സങ്കീർണതകളുണ്ടെങ്കിലും അതെല്ലാം മറന്ന് മുന്നോട്ട് പോകേണ്ട ചരിത്രപരമായ കർത്തവ്യം ഇരുരാജ്യങ്ങൾക്കും നിറവേറ്റേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പുരോഗതി ഉണ്ടാവുമെന്ന് തന്നെയാണ് ചർച്ചകളിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പൂർണതോതിലെത്തിക്കുന്നതിന് തടസ്സമായിട്ടുള്ള ചില പ്രശ്‌നങ്ങളിൽ എടുത്തിട്ടുള്ള നിലപാട് ചൈന പുനഃ പരിശോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിൽ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളാണ് ഭാരതം ചൈനയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതിർത്തിപ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഷാങ് ഹായിയിൽ ഗാന്ധിയൻ പഠനകേന്ദ്രവും കുന്മിംഗിൽ യോഗപഠന കേന്ദ്രവും ആരംഭിക്കാൻ ധാരണയായിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേയും ചിന്തകന്മാരുടെ ഒരു സമിതിയും രൂപവത്കരിക്കും. കൈലാസ മനസരോവർ സന്ദർശിക്കുന്നവർക്കായി നാഥുല ചുരം വഴിയുള്ള യാത്ര ഈ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് മോദി പറഞ്ഞു. പരസ്പര സുഹൃദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെംഗ്ഡുവിൽ ഭാരതം ഓഫീസ് തുറക്കും.

ഭീകരവാദം ഇരു രാജ്യങ്ങൾക്കും ഭീഷണിയാണെന്നും മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ അശാന്തി ഇരുവരേയും ബാധിക്കും. അഫ്ഗാനിലെ സമാധാനം ഇരു രാജ്യങ്ങൾക്കും അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്രരംഗങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ടുപോവുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. ഇരു രാജ്യങ്ങളിലേയും ഭരണാധികാരികൾ കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തുന്നത് പരസ്പര സഹകരണം വർദ്ധിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്റിന്റെ നിർദ്ദേശം സ്വീകരിച്ച് പ്രധാനമന്ത്രി ലീ കെക്യാംഗിനെ ഭാരതത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നാളെ ഷാംങ്ഹായിലെത്തുന്ന പ്രധാനമന്ത്രി ചൈനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.

ബീജിംഗിൽ ചൈനീസ് വിദ്യാർത്ഥികളുമായി സംവദിക്കാനും മോദി സമയം കണ്ടെത്തി. കുട്ടികൾക്കൊപ്പം നിന്നും അദ്ദേഹം ചിത്രങ്ങൾ എടുത്തു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP