സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാൻ നരേന്ദ്ര മോദിയുടെ ചടുല നീക്കം; ഈ മാസം അവസാനത്തോടെ സൗദി അറേബ്യ സന്ദർശിക്കും; റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും മോദി പങ്കെടുക്കും; മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തും; ഇന്ത്യയിൽ 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച സൗദിക്ക് മുന്നിൽ കൂടുതൽ വാതായനങ്ങൾ തുറക്കും; കാശ്മീരും ചർച്ചാ വിഷയമാകും
October 05, 2019 | 02:34 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സൗദി അറേബ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാൻ ഇന്ത്യൻ നീക്കം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.
റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്ര മോദി പങ്കെടുത്തേക്കും. നേരത്തെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തിയിരുന്നു. സൗദി അറേബ്യയിലെ ഭരണാധികാരികളുമായി ഡോവൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ മാസം അവസാനം നടക്കുന്ന മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഡോവൽ സൗദിയിലെത്തിയെതെന്നാണ് റിപ്പോർട്ട്. 2016ലാണ് നരേന്ദ്ര മോദി അവസാനമായി സൗദി അറേബ്യയിൽ സന്ദർശനം നടത്തിയത്.
കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച വിശദീകരണമാകും പ്രധാനമായും മോദി സൗദി നേതൃത്വങ്ങളെ അറിയിക്കുക. കൂടാതെ റിയാദിൽ വ്യവസായികളുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. ഇന്ത്യയിൽ 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. ഇതിന്റെ തുടർ ചർച്ചകളും നടക്കും. സൗദി ഇന്ത്യ ബന്ധത്തിൽ വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കശ്മീരിൻ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നീക്കത്തിന് മുന്നിൽ നിന്നത് അജിത് ഡോവലായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്. ഇദ്ദേഹം തന്നെയാണ് സൗദിയിലെത്തി കശ്മീർ വിഷയം ആദ്യം വിശദീകരിച്ചത്. 2016ലാണ് മോദി ആദ്യമായി സൗദിയിലേക്ക് പോയത്. അന്ന് അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ള സൗദിയുടെ പരമോന്നത പുരസ്കാരം അന്ന് മോദിക്ക് നൽകി ആദരിച്ചിരുന്നു. സൗദി-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ ഏറെ സഹായകമായിരുന്നു മോദിയുടെ പ്രഥമ സൗദി സന്ദർശനം.
ഈ വർഷം ഫെബ്രുവരിയിൽ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയിരുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കും എന്ന അജണ്ടയിലാണ് അന്ന് ചർച്ചകൾ ഡൽഹിയിൽ നടന്നതും നേതാക്കൾ പിരിഞ്ഞതും. മോദിയുടെ രണ്ടാം സൗദി സന്ദർശനത്തിനിടെ ഇതിന്റെ തുടർചർച്ചകളുണ്ടായേക്കും. സൗദി അറേബ്യ ഇന്ത്യയിൽ 10000 കോടി ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എണ്ണശുദ്ധീകരണം, ഊർജം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് ഇന്ത്യയിൽ നിക്ഷേപമിറക്കുക. സൗദി അരാംകോയും ഇന്ത്യയിലെ റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളും സംയുക്തമായിട്ടാണ് നിക്ഷേപങ്ങൾക്ക് ചുക്കാൻ പിടിക്കുക.
അജിത് ഡോവലിന്റെ സന്ദർശനത്തോടെ കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന് ബോധ്യമായിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. കശ്മീർ വിഷയത്തിൽ സൗദി അറേബ്യയെ സ്വാധീനിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമം ഊർജിതമാക്കിയിരിക്കെയാണ് ഇന്ത്യ മറുതന്ത്രം പയറ്റിയത്. ചൊവ്വാഴ്ചയാണ് അജിത് ഡോവൽ സൗദിയിലേക്ക് തിരിച്ചത്. റിയാദിലെത്തിയ അദ്ദേഹം ബുധനാഴ്ച സൗദി കിരീടവകാശിയുമായി ചർച്ച നടത്തി. കശ്മീർ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ച ഇരുവരുടെയും ചർച്ച രണ്ടുമണിക്കൂർ നീണ്ടു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അൽ ഐബാനുമായും ഡോവൽ ചർച്ച നടത്തി.
കശ്മീർ വിഷയത്തിൽ സൗദിയെയും യുഎഇയെയും സ്വാധീനിക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയെ തള്ളാതെയാണ് മുസ്ലിം രാജ്യങ്ങളെല്ലാം കശ്മീർ വിഷയത്തിൽ നിലപാടെടുത്തത്. കശ്മീരിൽ ഇന്ത്യ നടപ്പാക്കുന്നത് അവരുടെ നയം മാത്രമാണ് എന്നാണ് യുഎഇ അഭിപ്രായപ്പെട്ടത്. കശ്മീർ മുസ്ലിംകളെ ഇന്ത്യ പീഡിപ്പിക്കില്ലെന്ന് കരുതുന്നു എന്നാണ് ഇറാൻ പ്രതികരിച്ചത്.
