Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി അതിർത്തി പ്രശ്‌നങ്ങളിൽ ഭായി-ഭായി; ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പുനർനിർണയ കരാരിൽ ഒപ്പുവച്ചു; ഊർജ്ജ മേഖലയിൽ റിലയൻസും അദാനിയും നിക്ഷേപമിറക്കും

ഇനി അതിർത്തി പ്രശ്‌നങ്ങളിൽ ഭായി-ഭായി; ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പുനർനിർണയ കരാരിൽ ഒപ്പുവച്ചു; ഊർജ്ജ മേഖലയിൽ റിലയൻസും അദാനിയും നിക്ഷേപമിറക്കും

ധാക്ക: ബംഗ്ലാദേശുമായുള്ള അതിർത്തി പുനർനിർണയ കരാറിന് അംഗീകാരമായി. ബംഗ്ലാദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കരാറിൽ ഒപ്പുവച്ചു. 41 വർഷത്തെ അതിർത്തി പ്രശ്‌നത്തിനാണ് പരിഹാരമാകുന്ന കരാരാണിത്. ഇതു പ്രകാരം 161 അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് ഏത് പൗരത്വം സ്വീകരിക്കണമെന്ന് സ്വയം തീരുമാനിക്കാം. റെയിൽ പ്രൊജക്ട്, ചരക്കു കടത്ത്, വാണിജ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ 20ഓളം കരാരുകളിൽ ഇരു രാഷ്ട്രങ്ങളും ഒപ്പു വെക്കും.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ രാവിലെയാണ് എത്തിയത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരം ലഭിച്ചു. മോദിയെ വരവേൽക്കാൻ വലിയ സ്വീകരണമാണ് ബംഗ്ലാദേശ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ കട്ടൗട്ടുകൾ നിറഞ്ഞ നഗരം ആവേശഭരിതമാണ്. മോദിയോടൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന എന്നിവരുടെ കട്ടൗട്ടുകളും അണി നിരന്നിട്ടുണ്ട്. ഇരുരാഷ്ട്രങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കാനും സന്ദർശനം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച രാത്രി തന്നെ ബംഗ്ലാദേശിലെത്തിയിരുന്നു.റെയിൽ, റോഡ്, ജലഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം വിപുലമാക്കുക തുടങ്ങിയവയാകും മോദിയുടെ രണ്ടുദിവസത്തെ സന്ദർശനത്തിലെ മുഖ്യ ചർച്ചാവിഷയം. ധാക്ക വഴിയുള്ള കൊൽക്കത്തഅഗർത്തല ബസ് സർവീസും ധാക്ക-ഷില്ലോങ്-ഗുവാഹാട്ടി ബസ് സർവീസും മോദിയും ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കപ്പൽഗതാഗത ഉടമ്പടിയുൾപ്പെടെ വിവിധ കരാറുകൾ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലികളർപ്പിച്ചാണ് മോദിയുടെ സന്ദർശനം തുടങ്ങിയത്. തുടർന്ന് മോദി മുജീബുർ റഹ്മാന്റെ ഓർമകൾ പേറുന്ന ബംഗബന്ധു ദേശീയ മ്യൂസിയം സന്ദർശിച്ചു. 3.15ന് മോദിയും ഷെയ്ക്ക് ഹസീനയും ചേർന്ന് ഗുവാഹത്തി, അഗർത്തല, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഇരുവരും ചർച്ച നടത്തിയതും കരാറുകളിൽ ഒപ്പിട്ടതും. നാളെ രാവിലെ മോദി ദക്ഷേശ്വരി ക്ഷേത്രദർശനം നടത്തും.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 41 വർഷമായി നിലനിൽക്കുന്ന അതിർത്തിത്തർക്കമാണു പരിഹരിക്കുന്നത്. ഈ തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭരണഘടനാഭേദഗതി ബിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയിരുന്നു. മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. 61 ഗ്രാമപ്രദേശങ്ങൾ കൈമാറുന്ന ബംഗ്ലാദേശ് അതിർത്തി പുനർ നിർണയ ബില്ല് അടുത്തിടെ പാർലമെന്റ് പാസാക്കിയിരുന്നു. 1974 മുതലുള്ള അതിർത്തി തർക്കത്തിന് പരിഹാരമാകുന്ന ഈ നിയമപ്രകാരം 110 ഗ്രാമങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കി മാറ്റും. കരാർ നിലവിൽ വരുന്നതോടെ 50000 പേർക്ക് പൗരത്വം ലഭിച്ചേക്കും.

മോദി ബംഗ്ലാദേശിലെത്തിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശ് സർക്കാർവൈദ്യുതി ഏജൻസിയിൽ 32000 കോടി രൂപയുടെ നിക്ഷേപത്തിന് റിലയൻസ് പവറും അദാനി ഗ്രൂപ്പും കരാരിൽ ഒപ്പുവച്ചിരുന്നു. മൂന്നു ബില്ല്യൺ ചെലവിൽ 3,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് റിലയൻസ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡുമായി ഇന്നുണ്ടാക്കിയ കരാർ. പ്രകൃതി വാതകം ഉപയോഗിച്ചാകും പ്ലാന്റ് പ്രവർത്തിക്കുക. 1.5 ബില്യൺ ചെലവിൽ 1,600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കരാറാണ് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയത്.

നാളെ ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി രാമകൃഷ്ണ മിഷനിലും സന്ദർശനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദുമായും ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ബീഗം റോഷൻ എർഷാദ്, മുൻ പ്രധാനമന്ത്രി ഖലീദ സിയ, ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ, വ്യാവസായിക പ്രതിനിധികൾ, ബംഗ്ലാദേശിലെ ഇടതുപാർട്ടി നേതാക്കൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP