Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ റഷ്യയ്ക്ക് പറ്റിയ കൂട്ടാളികളെ കിട്ടി; വിശ്വാസമില്ലാത്ത അമേരിക്കയെ ഉപേക്ഷിച്ച് ഫ്രാൻസുമായി ചേർന്ന് പോരാട്ടം കടുപ്പിച്ചു; ഫ്രാൻസിന്റെ യുദ്ധക്കപ്പലുകളിൽനിന്ന് പറന്നുയർന്നത് റഷ്യൻ യുദ്ധവിമാനങ്ങൾ; പാരീസ് ആക്രമിച്ച് ഐസിസ് സ്വയം പണി വാങ്ങിയത് ഇങ്ങനെ

ഒടുവിൽ റഷ്യയ്ക്ക് പറ്റിയ കൂട്ടാളികളെ കിട്ടി; വിശ്വാസമില്ലാത്ത അമേരിക്കയെ ഉപേക്ഷിച്ച് ഫ്രാൻസുമായി ചേർന്ന് പോരാട്ടം കടുപ്പിച്ചു; ഫ്രാൻസിന്റെ യുദ്ധക്കപ്പലുകളിൽനിന്ന് പറന്നുയർന്നത് റഷ്യൻ യുദ്ധവിമാനങ്ങൾ; പാരീസ് ആക്രമിച്ച് ഐസിസ് സ്വയം പണി വാങ്ങിയത് ഇങ്ങനെ

ദമാസ്‌ക്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്‌ക്കെതിരെ തനിച്ച് കടുത്ത പോരാട്ടം നടത്തിയ റഷ്യയ്ക്ക് ഒടുവിൽ പറ്റിയെ കൂട്ടാളികളെ കിട്ടി. ഭീകരാക്രമണത്തിന് വിധേയരായ ഫ്രാൻസാണ് റഷ്യയുമായി ചേർന്ന് ഐസിസിനെതിരായ പോരാട്ടം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്തും റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനും ധാരണയിലെത്തുകയും ചെയ്തു. ഐസിസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനും സിറിയയിൽ സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളിൽ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഐസിസിനെതിരെ പോരാട്ടം നടത്താൻ അമേരിക്കയും നാറ്റോയും മടിച്ചുനിന്നപ്പോഴും റഷ്യ മാത്രമാണ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നത്. റഷ്യയുടെ നിരന്തരമായ വ്യോമാക്രമണങ്ങളിൽ സിറിയയിലെ ഐസിസ് താവളങ്ങൾ ഒന്നൊന്നായി തകരുകയും ഭീകരർ പലായനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഒക്ടോബർ 31-ന് റഷ്യൻ വിമാനത്തിൽ ഭീകരർ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ 224 പേർ മരിച്ചു. ഇതേത്തുടർന്നും റഷ്യ വ്യോമാക്രമണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രമണത്തിൽ 129 പേരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് ഐസിസിനെതിരായ പോരാട്ടത്തിൽ റഷ്യയുമായി സഹകരിക്കാൻ ഫ്രാൻസ് തീരുമാനിച്ചത്. റഷ്യൻ നാവിക സേനയോട് ഫ്രഞ്ച് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കാൻ പുട്ടിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൂസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയ റഷ്യ ഐസിസിന്റെ സിറിയയിലെ അനൗദ്യോഗിക തലസ്ഥാനമായ റഖയിൽ കനത്ത നാശം വിതച്ചു.

ഫ്രാൻസും പ്രതികാര നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ജെറ്റ് വിമാനങ്ങൾ നട്തിയ ആക്രമണത്തിൽ ഐസിസിന്റെ കമാൻഡ് സെന്ററും ഒരു റിക്രൂട്ട്‌മെന്റ് ബേസും പൂർണമായും തകർന്നു. റഷ്യയുടെ മിസൈൽ വാഹക യുദ്ധക്കപ്പലായ മോസ്‌ക്വയാകും ഫ്രഞ്ച് സേനയ്‌ക്കൊപ്പം ചേർന്ന് ഐസിസിനെതിരെ യുദ്ധം കടുപ്പിക്കുക. മെഡിറ്ററേനിയൻ കടലിലാണ് മോസ്‌ക്വ ഇപ്പോൾ.

ഇന്നലെ മാത്രം 34 തവണയാണ് റഷ്യ റഖയ്ക്കുമേൽ മിസൈൽ ആക്രമണം നടത്തിയത്. പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളായ ടു-160, ടു-95, ടു-22 എന്നിവയും റഷ്യ വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് വ്യോമസേനയ്ക്ക് മോസ്‌ക്വയുമായി ചേർന്ന് പ്രവർത്തിക്കാനും പുട്ടിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സിറിയൻ പ്രസിഡന്റ് ബാഷറിനെ അനുകൂലിക്കുന്ന റഷ്യ, സിറിയയിൽനിന്ന് ഐസിസിനെ ഉന്മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്.

റഖയിലും അലെപ്പോയിലും ഇഡ്‌ലിബിലുമുള്ള ഐസിസ് കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോഗ്ലു പറഞ്ഞു. റഷ്യയിൽനിന്ന് തൊടുത്ത ദീർഘദൂര മിസൈലുകൾ അലെപ്പോയിലെയും ഇഡ്‌ലിബിലെയും ലക്ഷ്യങ്ങളിൽ പതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സിറിയയിൽ ഐസിസിനെതിരെ ആക്രമണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും റഷ്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാതിരുന്ന അമേരിക്കയുടെ നിലപാടുകൾക്കേറ്റ തിരിച്ചടിയായും റഷ്യ-ഫ്രാൻസ് സംയുക്ത നീക്കം വിലയിരുത്തപ്പെടുന്നു.

അതേസമയം രാജ്യത്തിന് അകത്തുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യാനും ഫ്രാൻസ് ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. ആക്രമണ പരമ്പരയുമായി ബന്ധമുള്ളവർക്കായി ചൊവ്വാഴ്ച രാജ്യത്തുടനീളം റെയ്ഡ് നടത്തിയ സർക്കാർ സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണവും തുടർന്നു. ഫ്രഞ്ച് യുദ്ധവിമാനങ്ങൾ റാഖയിലെ ഐ.എസിന്റെ പരിശീലനകേന്ദ്രവും മറ്റൊരു പ്രധാന കേന്ദ്രവും തകർത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ രണ്ടാം വട്ടമാണ് ഇവിടെ ഫ്രഞ്ച് വിമാനങ്ങൾ ആക്രമണം നടത്തുന്നത്. 10 റാഫേൽ, മിറാഷ് 2000 വിമാനങ്ങൾ ഒരേ സമയം ഈ കേന്ദ്രങ്ങൾക്കുമേൽ 16 ബോംബുകളാണ് വർഷിച്ചത്.

അതിനിടെ, ഐ.എസിനെതിരെയുള്ള പോരാട്ടത്തിൽ ഫ്രാൻസ് യൂറോപ്യൻ യൂനിയന്റെ സഹായം തേടി. 28 അംഗ യൂറോപ്യൻ യൂനിയൻ ഫ്രാൻസിന്റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അംഗരാജ്യങ്ങൾ എന്തുതരത്തിലുള്ള സഹായമാണ് ചെയ്യുകയെന്ന് വ്യക്തമല്ല. യൂറോപ്പിനു പുറത്ത് സൈനിക നീക്കങ്ങളിൽ സഹകരിക്കുന്നതിൽ ജർമനിയുൾപ്പെടെ പല രാജ്യങ്ങളും നേരത്തേ വിമുഖത പ്രകടിപ്പിച്ചിരുന്നു.

പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലാഹ് അബ്ദുസ്സലാമിനുവേണ്ടി തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ, അക്രമിസംഘം ഉപയോഗിച്ചതെന്നു കരുതുന്ന ബെൽജിയം രജിസ്‌ട്രേഷനിലുള്ള ഒരു കാർ കൂടി അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്. മൂന്നു മാസത്തേക്കുകൂടി അടിയന്തരാവസ്ഥ നീട്ടണമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി 8500ഓളം പൊലീസ്, നീതിന്യായ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കുമെന്നും ഫ്രാങ്‌സ്വ ഓലൻഡ് പറഞ്ഞു.

അതേസമയം ഈജിപ്തിൽ തകർന്നുവീണ റഷ്യൻ വിമാനം തകർത്തത്് ഐസിസ് ആണെന്ന് റഷ്യയും വ്യക്തമാക്കി. ഐസിസ് തീവ്രവാദികൾക്കെതിരെ ഇക്കാര്യം മുൻനിർത്തി റഷ്യ പോരാട്ടം ശക്തമാക്കുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബർ 31ന് ഈജിപ്തിലെ ശറമുൽശൈഖിൽനിന്ന് വിനോദ സഞ്ചാരികളുമായി പുറപ്പെട്ട മെടോ ജെറ്റ് എയർബസ് എ321 വിമാനം 'വിദേശ നിർമ്മിത' സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തകർത്തതെന്നും ഒരു കിലോ ടി.എൻ.ടി സ്‌ഫോടനശേഷിയാണ് ഇതിനുണ്ടായിരുന്നതെന്നും റഷ്യൻ സുരക്ഷാ വിഭാഗം (ഫെഡറൽ സെക്യൂരിറ്റി സർവീസ്) മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് പ്രസിഡന്റ് പുടിനെ അറിയിച്ചു. അതൊരു ഭീകരാക്രമണമായിരുന്നുവെന്ന് സംശയരഹിതമായി പറയാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നിൽ പ്രവർത്തിച്ച ക്രിമിനലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് കോടി യു.എസ് ഡോളർ (325 കോടി രൂപ) പാരിതോഷികമായി നൽകുമെന്നും ഫെഡറൽ സെക്യൂരിറ്റി സർവീസ് പ്രഖ്യാപിച്ചു. ഈ കണ്ണീർ നമ്മുടെ ഹൃദയങ്ങളിൽനിന്നും ആത്മാവിൽനിന്നും തുടച്ചുകളയില്‌ളെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടത്തെി ശിക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിക്കില്‌ളെന്നും പുടിൻ പ്രഖ്യാപിച്ചു. എവിടെപ്പോയൊളിച്ചാലും അവർക്കായി തിരച്ചിൽ നടത്തും. ലോകത്തിന്റെ ഏതുഭാഗത്തൊളിച്ചാലും അവരെ കണ്ടത്തെി ശിക്ഷിക്കും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP