Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾക്ക് കൊള്ളാവുന്നതൊന്നും പറയാനില്ലെങ്കിൽ നാവടക്കിക്കൂടേ? കൊള്ള തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങുമെന്ന കുപ്രസിദ്ധ ഡയലോഗ് ട്രംപ് എടുത്ത് വീശിയതോടെ കിടിലൻ മറുപടിയുമായി ഹൂസ്റ്റൺ പൊലീസ് മേധാവി ആർട് അക്വെടേ; സിഎൻഎൻ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റിന് ഉപദേശം നൽകിയ അക്വെടേയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഇതൊക്കെ ഇന്ത്യയിൽ നടക്കുമോയെന്നും ചിലർക്ക് സംശയം

നിങ്ങൾക്ക് കൊള്ളാവുന്നതൊന്നും പറയാനില്ലെങ്കിൽ നാവടക്കിക്കൂടേ? കൊള്ള തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങുമെന്ന കുപ്രസിദ്ധ ഡയലോഗ് ട്രംപ് എടുത്ത് വീശിയതോടെ കിടിലൻ മറുപടിയുമായി ഹൂസ്റ്റൺ പൊലീസ് മേധാവി ആർട് അക്വെടേ; സിഎൻഎൻ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റിന് ഉപദേശം നൽകിയ അക്വെടേയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഇതൊക്കെ ഇന്ത്യയിൽ നടക്കുമോയെന്നും ചിലർക്ക് സംശയം

മറുനാടൻ ഡെസ്‌ക്‌

 ഹൂസ്റ്റൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന് പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നതോടെ യുഎസിലാകെ പ്രതിഷേധം കൊണ്ട് ശ്വാസം മുട്ടുകയാണ്. ആറ് ദിവസം പിന്നിട്ടിട്ടും തീവെപ്പും കൊള്ളയും വ്യാപകമാണ്. 40 നഗരങ്ങളിൽ കർഫ്യു തുടരുന്നു. 75 ലധികം നഗരങ്ങളിൽ പ്രക്ഷോഭം നിയന്ത്രണാതീതമായി. വൈറ്റ് ഹൗസിന് അടുത്ത് പ്രതിഷേധം രൂക്ഷമായതോടെ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഭൂഗർഭ അറയിലേക്ക് മാറ്റേണ്ട് സ്ഥിതി വരെയുണ്ടായി. ഗവർണർമാർ വകയ്ക്ക് കൊള്ളാത്തവരാണെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ. കൊള്ള തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങുമെന്ന് കുപ്രസിദ്ധ ഡയലോഗും ട്രംപ് പാസാക്കി. ഈ സമയത്ത് ടെക്‌സാസ് സംസ്ഥാനത്തെ ഹൂസറ്റൺ നഗരത്തിലെ പൊലീസ് മേധാവി ട്രംപിന് ഒരു ഉപദേശവുമായി രംഗത്ത് വന്നു. സിഎൻഎൻ അഭിമുഖത്തിലെ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയ കൊണ്ടാടുകയാണ്.

ആർട് അക്വെടേയുടെ കമന്റ് ഇങ്ങനെ:' രാജ്യത്തെ പൊലീസ് മേധാവികൾക്ക് വേണ്ടി ഞാൻ ഇത് അമേരിക്കൻ പ്രസിഡന്റിനോട് പറയട്ടെ... നിങ്ങൾക്ക് കൊള്ളാവുന്നതൊന്നും പറയാനില്ലെങ്കിൽ വാപൂട്ടി ഇരുന്നുകൂടേ', സിഎൻഎന്നിന്റെ ക്രിസ്‌ത്യേൻ അമൻപോറിനോട് സംസാരിക്കുമ്പോഴാണ് എടുത്തടിച്ചത് പോലെയുള്ള അക്വെടേയുടെ വിമർശനം.

രാജ്യത്തെ പ്രക്ഷോഭം തന്റെ എതിരാളികൾ മുതലെടുക്കുകയാണെന്നാണ് ട്രംപ് ഗവർണർമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പറഞ്ഞത്. നാഷണൽ ഗാർഡുകൾ പ്രക്ഷോഭകരെ അടിച്ചമർത്തണമെന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം. ആധിപത്യം സ്ഥാപിച്ചില്ലെങ്കിൽ സമയം പാഴാക്കുകയാണ്. അവർ നിങ്ങളെ തര പറ്റിക്കും. ട്രംപിന്റെ പൊതുഉപദേശം ഇതാണ്. ഇതിനൊക്കെയാണ് ആർട് അക്വെടേയുടെ ഉപദേശരൂപത്തിലുള്ള മറുപടി.

20 കളിൽ എത്തിയ യുവതീയയുവാക്കളുടെ ജീവൻ വച്ച് പന്താടുകയാണ് ട്രംപെന്നും അക്വെടോ ആരോപിച്ചു. ഇത് ആധിപത്യത്തിന്റെ വിഷയമല്ല. ജനങ്ങളുടെ മനസും ഹൃദയവും കീഴടക്കുകയാണ് വേണ്ടത്. അതുകൊണ്ട് കാരുണ്യം ദൗർബല്യമായി തെറ്റിദ്ധരിക്കേണ്ട. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കാൻ അറിവില്ലായ്മ മേൽക്കൈ നേടാൻ പാടില്ല, അക്വെടോ പറഞ്ഞു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിലെ ഡയലോഗും അദ്ദേഹം ഉദ്ധരിച്ചു: നിങ്ങൾക്ക് ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കൂ..

ഏതായാലും സോഷ്യൽ മീഡിയയ്ക്ക് അക്വെടോയുടെ വാക്കുകൾ ഉത്സവമായി. ട്വീറ്റുകളുടെ ആഘോഷം തന്നെ.

യുഎസിൽ രോഷം കത്തിപ്പടരുന്നു

ആറ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പൊലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോർജ്ജ് ഫ്‌ളോയിഡ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമാവുകയാണ്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്രാപിക്കുമ്പോൾ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്റെ പേടിസ്വപ്നമാവുകയാണ്.

വ്യാജരേഖ ചമച്ചു എന്ന കേസിൽ സംശയിക്കപ്പെടുന്ന ജോർജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ യുവാവ് കഴിഞ്ഞ ദിവസം വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവൻ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയർത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയിൽ റോഡിൽ കിടക്കുന്ന ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്‌ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവർക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.

എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയിൽ ഈ പൊലീസുകാരനെ കണ്ട മറ്റൊരു കറുത്തവർഗ്ഗക്കാരനായ യുവാവും ഇയാൾക്കെതിരെ പരാതിയുമായി എത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥൻ വളരെ അടുത്തുനിന്ന് തന്റെ നേർക്ക് രണ്ടുതവണ വെടിയുതിർത്തു എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്.

വീഡിയോ പുറത്തുവന്ന ഉടൻ തന്നെ പ്രതിഷേധം ഇരമ്പാൻ തുടങ്ങിയിരുന്നു. കുറ്റവാളിയായ പൊലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസിൽ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം. ഇന്നലെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലും ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധക്കാരെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

ജോർജ്ജ് ഫ്‌ളൊയ്ഡ് സംഭവം അപലപനീയമാണെന്ന് പറയുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിക്കുന്നതിയാണ് ഊന്നൽ കൊടുക്കുന്നത്. മരണമടഞ്ഞ ജോർജ്ജ് ഫ്‌ളോയിഡിന്റെ ഓർമ്മകളോട് അക്രമികളായ പ്രതിഷേധക്കാർ നീതികാട്ടിയില്ലെന്ന് ആരോപിക്കുമ്പോൾ തന്നെ, എന്തിന്റെ പേരിലായാലും അക്രമത്തെ മഹത്വവത്ക്കരിക്കരുതെന്നും പറഞ്ഞു.

ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ജോർജ്ജ് ഫ്‌ളോയ്ഡ്

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവർക്ക് കണ്ടിരിക്കാനാകില്ല. എന്നാൽ, അതിലും ഹൃദസ്പർശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ ആംഗിളിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാൻ അനുവദിക്കണമെന്നും ഫ്‌ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേൾക്കാം.

ഈ വീഡിയോയിൽ മൂന്ന് പൊലീസുകാരെയാണ് ഫ്‌ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയർ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാൻ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്‌ളോയിഡിനോഡ് ആ നരാധമന്മാർ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയിൽ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാൻ ഡെറെക് ഷോവിൻ എന്ന ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുമുണ്ട്.

ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഫ്‌ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോൾ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലൻസിലെ ജീവനക്കാർ പറഞ്ഞു.ഡെറെക് ഷോവിൻ, തോമസ് ലേയ്ൻ, ടൗ താവോ, അലക്‌സാൻഡർ കുയെങ്ങ് എന്നീ നാല് പൊലീസുകാരാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരെ നാല് പേരെയും പൊലീസിൽ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP