Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി നിരോധിച്ചിട്ടും ആയിരങ്ങൾ പോളിങ് ബൂത്തിലേക്ക്; സ്‌പെയിനിൽ നിന്നും വേർപെട്ട് പുതിയ രാജ്യം ഉണ്ടാക്കാൻ ഇന്ന് കാറ്റലോണിയക്കാർ ബലം പ്രയോഗിച്ച് റഫറണ്ടം നടത്തും; ബാർസലോണ തലസ്ഥാനമായി പുതിയ രാജ്യം പിറക്കുമോ...?

കോടതി നിരോധിച്ചിട്ടും ആയിരങ്ങൾ പോളിങ് ബൂത്തിലേക്ക്; സ്‌പെയിനിൽ നിന്നും വേർപെട്ട് പുതിയ രാജ്യം ഉണ്ടാക്കാൻ ഇന്ന് കാറ്റലോണിയക്കാർ ബലം പ്രയോഗിച്ച് റഫറണ്ടം നടത്തും; ബാർസലോണ തലസ്ഥാനമായി പുതിയ രാജ്യം പിറക്കുമോ...?

സ്‌പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയ വേറെ രാജ്യമാകാൻ ശ്രമിക്കുന്നത് യൂറോപ്യൻ യൂണിയന് ബ്രെക്‌സിറ്റിനേക്കാൾ ശക്തമായ തലവേദനയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. ബാർസലോണ തലസ്ഥാനമാക്കി പുതിയ രാജ്യം രൂപീകരിക്കുന്നതിനായുള്ള റഫറണ്ടം നടത്തുന്നത് കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ന് ആയിരങ്ങളാണ് റഫറണ്ടത്തിൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലേക്ക് നീങ്ങുന്നത്. അതായത് കാറ്റലോണിയക്കാർ ഇന്ന് ബലം പ്രയോഗിച്ച് റഫറണ്ടം നടത്തുകയാണ്. സ്‌പെയിനിനെ സംബന്ധിച്ചിടത്തോളം കാറ്റലോണിയ എന്ന പ്രദേശം നിർണായകമാണ്.

സ്പാനിഷ് ജനസംഖ്യയുടെ വെറും 16 ശതമാനം പേർ അഥവാ 7.5 മില്യൺ പേരാണിവിടെ വസിക്കുന്നത്. എന്നാൽ സ്‌പെയിനിന്റെ മൊത്തം ജിഡിപിയുടെ 20 ശതമാനത്തിനടുത്ത് ഈ പ്രദേശത്ത് നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സ്‌പെയിനിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായ കാറ്റലോണിയ വേറിട്ട് പോകുന്നത് കടുത്ത ഭീഷണിയാണ് സ്‌പെയിനിനുണ്ടാക്കുന്നതെന്ന് ചുരുക്കം. സ്‌പെയിനിൽ നിന്നും വേറിട്ട് പോയി കാറ്റലോണിയ പ്രത്യേക രാജ്യമാകണോ എന്ന വിഷയത്തെ മുൻനിർത്തിയാണ് ഇന്ന് ഇവിടെ റഫറണ്ടം നടക്കുന്നത്.

സ്പാനിഷ് കോടതികൾ ഈ റഫറണ്ടത്തെ നിരോധിക്കുകയും ജനം പോളിങ് ബൂത്തുകളിലേക്കെത്തുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അധികൃതർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ന് ജനം റഫറണ്ടത്തിൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കാറ്റലോണിയ വേർപെട്ട് പ്രത്യേക രാജ്യമായാൽ അതിന്റെ പ്രത്യാഘാതം സ്‌പെയിനിന് മാത്രമല്ല മറിച്ച് യൂറോപ്യൻ യൂണിയന് ആകമാനമാണുണ്ടാവുകയെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുമുണ്ട്. 1992ൽ ഒളിമ്പിക്‌സ് നടന്ന ബാർസലോണയായിരിക്കും പുതിയ രാജ്യത്തിന്റെ തലസ്ഥാനമെന്നാണ് സൂചന.

ഒളിമ്പിക്‌സ് നടന്നതോടെ ഈ നഗരം ലോകനിലവാരത്തിലേക്കുയർന്നിരുന്നു. കാറ്റലോണിയ രാജ്യമായാൽ അതിന് സാമ്പത്തിക അടിസ്ഥാനത്തിൽ ഡെന്മാർക്കിനും ഫിൻലാൻഡിനും ഇടയിലായിരിക്കും സ്ഥാനമുണ്ടായിരിക്കുകയെന്നും റിപ്പോർട്ടുണ്ട്. ബാർസലോണയിലെ തുറമുഖമാകട്ടെ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ തുറമുഖവുമാണ്. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ക്രൂയിസ് ഷിപ്പ് ഡെസ്റ്റിനേഷനുമാണിത്. സ്‌പെയിനിലേക്കെത്തുന്ന നിക്ഷേപത്തിന്റെ മൂന്നിലൊന്നും ആകർഷിക്കുന്നത് കാറ്റലോണിയ ആണ്. ഇതിന് പുറമെ സ്‌പെയിൻ നടത്തുന്ന കയറ്റുമതിയുടെ മൂന്നിലൊന്നും ഉൽപാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്.

കാറ്റലോണിയ ഇല്ലാതെ ജർമനി, ഫ്രാൻസ്, ഇറ്റലി എന്നിവയ്ക്ക് ശേഷം സ്‌പെയിനിന് യൂറോസോണിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥായായി തുടരാനാവുമെങ്കിലും സ്‌പെയിനിന്റെ ശക്തമായ സാമ്പത്തിക അടിത്തറ ഇളകുമെന്നുറപ്പാണ്. സ്‌കോട്ട്‌ലൻഡ് യുകെയിലെ ജിഡിപിയുടെ വെറും 7.5 ശതമാനമാണ് സംഭാവന ചെയ്യുന്നത്. അതിനാൽ സ്‌കോട്ട്‌ലൻഡ് റഫറണ്ടത്തിലൂടെ യുകെയിൽ നിന്നും വേറിട്ട് പോകുന്നതിനേക്കാൾ പ്രത്യാഘാതമായിരിക്കും കാറ്റലോണിയ സ്‌പെയിനിൽ നിന്നും വിട്ട് പോകുന്നതിനെ തുടർന്നുണ്ടാകുന്നത്.

ഇന്നത്തെ റഫറണ്ടത്തിനായി കാറ്റലോണിയയിലെ 160ൽ അധികം സ്‌കൂളുകളിലെ പോളിങ് ബൂത്തുകൾ തുറന്നിടാനും ആളുകളെ വോട്ടിനായി എത്തിക്കാനുമായി ആക്ടിവിസ്റ്റുകൾ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. സ്വതന്ത്ര റഫറണ്ടം നടത്തുന്നതിന് ഇവിടുത്തെ അധികാരികൾ നിരോധനം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആക്ടിവിസ്റ്റുകൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാറ്റലോണിയയിലെ 2315 സ്‌കൂളുകളിലാണ് പോളിങ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ 1300 എണ്ണത്തിൽ പൊലീസ് സന്ദർശനം നടത്തിയിരുന്നു. ആയിരക്കണക്കിന് പേർ ഇന്നത്തെ റഫറണ്ടത്തിൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.

വോട്ടെടുപ്പിനെതിരെ ഒരു വിഭാഗം ഇന്നലെ വൈകുന്നേരം ബാർസലോണയിൽ പ്രകടനം നടത്തിയിരുന്നു. കാറ്റലോണിയ വേറെ രാജ്യമാകുന്നതിന് പകരം സ്‌പെയിനിന്റെ ഐക്യം കാത്ത് സൂക്ഷിക്കണമെന്നാണ് റാലിക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. റഫറണ്ടം തടയുന്നതിനായി സ്‌പെയിൻ ആയിരക്കണക്കിന് പൊലീസുകാരെയാണ് കാറ്റലോണിയയിലേക്ക് അയച്ചിട്ടുള്ളത്. റഫറണ്ടത്തെ സ്‌പെയിനിലെ കോൺസ്റ്റിറ്റിയൂഷണൽ കോടതി നിയവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. കാററലോണിയ റീജിയണൽ പൊലീസ് സേനയും മൊസോസ് ഡി എസ്‌ക്വാഡ്രയും പൊലീസിനെ സഹായിക്കാൻ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP