Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിനിർത്തൽ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി താലിബാൻ; ഭരണകൂടത്തിനെതിരെ നടത്തുന്ന പോരാട്ടം തുടരും; വിദേശ സൈനികരെ ആക്രമിക്കില്ല; പ്രകോപനമായത് ജയിലുകളിലുള്ള 5000 താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന നിർദ്ദേശം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തള്ളിയത്; അങ്ങനെ ഒരു ഉറപ്പ് സമാധാന ചർച്ചയിൽ ഉണ്ടായിരുന്നില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ്; താലിബാൻ - അമേരിക്ക സമാധാന ഉടമ്പടിയും പ്രതിസന്ധിയിൽ

വെടിനിർത്തൽ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി താലിബാൻ; ഭരണകൂടത്തിനെതിരെ നടത്തുന്ന പോരാട്ടം തുടരും; വിദേശ സൈനികരെ ആക്രമിക്കില്ല; പ്രകോപനമായത് ജയിലുകളിലുള്ള 5000 താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന നിർദ്ദേശം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തള്ളിയത്; അങ്ങനെ ഒരു ഉറപ്പ് സമാധാന ചർച്ചയിൽ ഉണ്ടായിരുന്നില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ്; താലിബാൻ - അമേരിക്ക സമാധാന ഉടമ്പടിയും പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവച്ച സമാധാന ഉടമ്പടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുകയാണെന്ന് താലിബാൻ. അഫ്ഗാനിലെ വെടിനിർത്തലിൽ നിന്നും തങ്ങൾ പിന്മാറുകയാണെന്നും ഭരണകൂടത്തിനെതിരെ നടത്തിയിരുന്ന പോരാട്ടം തുടരുമെന്നുമാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. താലിബാൻ വക്താവായ സബീഹുല്ല മുജാഹിദീന്റേതാണ് ഈ പ്രസ്താവന. വിദേശ സൈനികരെ തങ്ങൾ ആക്രമിക്കില്ലെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. തടവിലിരിക്കുന്ന തങ്ങളുടെ ആൾക്കാരെ മോചിപ്പിക്കാതെ ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും അവർ വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിലെ ജയിലുകളിലുള്ള 5000 താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന നിർദ്ദേശം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തള്ളിയതോടെ വെടിനി്ര്ത്തൽ കരാറിൽനിന്ന് താലിബാൻ പിന്മാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഉടമ്പടി ഒപ്പുവെക്കുമ്പോൾ താലിബാൻ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. അതേസമയം യു.എസ്. സൈന്യത്തെ പിൻവലിക്കൽ ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നരവർഷത്തോളംനീണ്ട ചർച്ചകൾക്കൊടുവിൽ, ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് കഴിഞ്ഞ ദിവസം അമേരിക്കയും താലിബാനും കരാർ ഒപ്പിട്ടത്. 14 മാസംകൊണ്ട് അഫ്ഗാനിസ്താനിൽനിന്ന് യു.എസിന്റെയും നാറ്റോ സഖ്യത്തിന്റെയും മുഴുവൻ സൈനികരെയും പിൻവലിക്കുമെന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ. അഫ്ഗാനെ ഭീകരവാദപ്രവർത്തനത്തിന് ഉപയോഗിക്കില്ലെന്ന് താലിബാനും ഉറപ്പുനൽകി. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഫ്ഗാൻ സർക്കാരും താലിബാനും തുടർചർച്ചകൾ നടത്തണമെന്നും കരാർ വ്യവസ്ഥചെയ്യുന്നു. എന്നാൽ, അഫ്ഗാനിലെ പാവസർക്കാരുമായി ചർച്ചയ്ക്കില്ലെന്നാണ് താലിബാൻ നിലപാട്.

5000 താലിബാൻ തടവുകാരെ വിട്ടയക്കാമെന്ന് അഫ്ഗാൻ സർക്കാൻ ആർക്കും ഉറപ്പുനൽകിയിട്ടില്ലെന്ന് അഷ്റഫ് ഗനി ഞായറാഴ്ച കാബൂളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ തടവുകാരെ വിട്ടയക്കുന്നകാര്യം യു.എസ്. അല്ല തീരുമാനിക്കുന്നതെന്നും അവർ മധ്യസ്ഥർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടവുകാരെ വിട്ടയച്ചാൽ പകരം തങ്ങൾ ബന്ദിയാക്കിയ 1000 പേരെ വിട്ടയക്കാമെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. മാർച്ച് 10-നുമുമ്പ് തടവുകാരുടെ കൈമാറ്റം നടക്കണമെന്നും കരാറിൽ പറയുന്നുണ്ട്.

അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇതോടെ തടവുകാരുടെ കൈമാറ്റം പ്രധാന വെല്ലുവിളിയാവുകയാണ്. പൂർണമായൊരു വെടിനിർത്തൽ വരുന്നതുവരെ ഏഴുദിവസത്തെ 'സമാധാനം' തുടരുമെന്ന് ഗനി അറിയിച്ചു. കരാർ ഒപ്പിടുന്നതോടനുബന്ധിച്ചാണ് ഏഴുദിവസത്തെ സമാധാനത്തിന് ധാരണയായത്. സമാധാനകരാറിനെ ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്തിരുന്നു.അഫ്ഗാനിൽ വലിയ സ്വാധീനമാണ് താലിബാന് ഇപ്പോഴുള്ളത്. 2001-നുശേഷം ഇതാദ്യമായി കൂടുതൽ മേഖലകളുടെ നിയന്ത്രണവും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. ദിനംപ്രതി സർക്കാർ സേനയ്ക്കും സാധാരണക്കാർക്കുംനേരെ ആക്രമണവും നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP