താങ്ക് യു മോദി....താങ്ക് യു ഇന്ത്യ....ഇന്ത്യക്കും മോദിക്കും നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു; ചരിത്രം കുറിച്ചുകൊണ്ട് യുഎന്നിൽ ഫലസ്തീനെ തള്ളി ഇസ്രയേലിനൊപ്പം നിന്ന ഇന്ത്യൻ നിലപാടിൽ അത്ഭുതപ്പെട്ട് ഇസ്ലാമിക ലോകം
June 14, 2019 | 10:27 AM IST | Permalink

മറുനാടൻ ഡെസ്‌ക്
ടെൽ അവീവ്: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരേ ഇസ്രയേലിന് അനുകൂലമായി നിലപാടെടുത്ത് ഇന്ത്യ. ഫലസ്തീൻ സംഘടനയായ ഷഹീദിന് ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ നിരീക്ഷക പദവി അനുവദിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയത്തെ എതിർത്തുകൊണ്ടാണ് ഇന്ത്യ ഇസ്രയേലിന് അനുകൂലമായി നിലകൊണ്ടത്. ഷഹീദ് അതിന് ഹമാസുമായുള്ള ബന്ധം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തിയിരുന്നു.
ആദ്യമായാണ് ഇന്ത്യ ഫലസ്തീനെതിരേ ഇസ്രയേലിന് അനുകൂലമായി നിലപാടെടുക്കുന്നത്. ഇന്ത്യയുടെ നീക്കത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവരികയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.
ചേരിചേരാനയം പിന്തുടരുന്ന ഇന്ത്യ എക്കാലവും പശ്ചിമേഷ്യയിൽ സമാധാനം പുലരണമെന്ന നിലപാടാണ് എടുത്തിരുന്നത്. സ്വതന്ത്ര ഫലസ്തീൻ രാജ്യത്തിന് അനുകൂലമായ നിലപാടാണ് എക്കാലവും സ്വീകരിച്ചിരുന്നത്. ഫലസ്തീൻ പ്രശ്‌നം അന്താരാഷ്ട്ര വേദികളിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് ഇന്ത്യ എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്ന് ആക്ഷേപമുയരുന്നുണ്ട്.
മോദിയും നെതന്യാഹുമായുള്ള സൗഹൃദം ഇസ്രയേൽ-ഫലസ്തീൻ തർക്കത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റിയതായി നേരത്തെയും ആരോപണമുണ്ടായിരുന്നു. ഗസ്സയിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ 2015-ൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുണ്ടായ സാഹചര്യം ഫലസ്തീനെ ബോധ്യപ്പെടുത്തുകയും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് അക്കാര്യം വ്യക്തമാവുകയും ചെയ്തിരുന്നു.
ഷഹീദിനെ നിരീക്ഷക പദവിയിൽ നിയോഗിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ഇന്ത്യക്കുപുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും വോട്ടുചെയ്തു. ചൈന, റഷ്യ, സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായും നിലപാടെടുത്തു. പ്രമേയം 28-14ന് പരാജയപ്പെടുകയും ചെയ്തു.
തീവ്രവാദ സംഘടനയായ ഷഹീദിന് നിരീക്ഷകപദവി ലഭിക്കാതിരിക്കുന്നതിന് ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്ത ഇന്ത്യക്ക് നന്ദി പറയുന്നുവെന്നും ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ മായ കദോഷ് ട്വീറ്റ് ചെയ്തു. ഇതുപോലുള്ള തീവ്രവാദ സംഘടനകൾക്കെതിരേ തുടർന്നും യോജിച്ച് പ്രവർത്തിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
