Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആൾബലത്തിലും സ്വാധീനത്തിലും വമ്പൻ; ലെബനീസ് പ്രധാനമന്ത്രിയെ വരെ തടവിലാക്കി അടികൊടുത്ത ധൈര്യശാലി; ഖത്തറിനെ ഒതുക്കാൻ സോഷ്യൽ മീഡിയയിലൂടെ ചൂടൻ പ്രചാരണം; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയത് സ്‌കൈപ്പ് കോളിലൂടെ; ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് അലറി വിളിച്ച് ഉഗ്രശാസന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഓപ്പറേഷന്റെ മാസ്റ്റർ ബ്രെയിൻ സൗദ് അൽ ഖഹ്താനി

ആൾബലത്തിലും സ്വാധീനത്തിലും വമ്പൻ; ലെബനീസ് പ്രധാനമന്ത്രിയെ വരെ തടവിലാക്കി അടികൊടുത്ത ധൈര്യശാലി; ഖത്തറിനെ ഒതുക്കാൻ സോഷ്യൽ മീഡിയയിലൂടെ ചൂടൻ പ്രചാരണം; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയത് സ്‌കൈപ്പ് കോളിലൂടെ; ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് അലറി വിളിച്ച് ഉഗ്രശാസന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഓപ്പറേഷന്റെ മാസ്റ്റർ ബ്രെയിൻ സൗദ് അൽ ഖഹ്താനി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവകഥകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഈ മനുഷ്യന് പടിപടിയായി വളർച്ചയായിരുന്നു. സൗദി രാജകുടുംബത്തിലെ സ്വാധീനത്തിലും, ആൾബലത്തിലുമെല്ലാം ഇതിലും പോന്നവൻ വേറെയില്ലായിരുന്നു. എന്നാൽ, വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. ആൾ ഒരുബലിയാടാകുമോയെന്നാണ് കണ്ടറിയേണ്ടത്. പറഞ്ഞുവരുന്നത് സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അടുത്ത അനുയായി സൗദ് അൽ ഖഹ്താനിയെ കുറിച്ചാണ്.

തുർക്കിയിലെ സൗദി കോൺസുലേറ്റിലേക്ക് ഖഷോഗിയെ ക്രൂരമായി ഇല്ലായ്മ ചെയ്യാനുള്ള നിർദ്ദേശങ്ങൾ സ്‌കൈപ്പ് വഴി കൊടുത്തത് ഖഹ്താനിയാണെന്ന സൂചനകൾ പുറത്തുവരുന്നു. ഖഷോഗി സംഭവത്തിന്റെ പേരിൽ എംബിഎസിന്റെ പദവിക്ക് ഇളക്കം തട്ടില്ല. എന്നാൽ സാരമല്ലാത്ത പ്രതിച്ഛായ നഷ്ടം ഉണ്ടായേക്കും. ഈ സാഹചര്യത്തിൽ ഖഹ്താനി ബലിയാടാകുമെന്നാണ് സൂചന.

ജമാൽ ഖഷോഗിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷനെ കുറിച്ച് എംബിഎസിന് ഒരറിവും ഉണ്ടായിരുന്നില്ലെന്നാണ് സൗദി അധികൃതർ പറയുന്നത്. ആദ്യം ഖഷോഗിയുടെ മരണം നിഷേധിച്ച സൗദി പിന്നീട് കോൺസുലേറ്റിൽ നടന്ന തർക്കത്തെ തുടർന്നാണ് സംഭവിക്കരുതാത്തത് സംഭവിച്ചതെന്ന് തിരുത്തി. ഏറ്റവുമൊടുവിൽ ശ്വാസം മുട്ടിയാണ് ഖഷോഗിയുടെ മരണമെന്നും പറഞ്ഞു. എന്നാൽ, ഈ കഥകളൊന്നും തുർക്കി അംഗീകരിക്കുന്നില്ല. തങ്ങളുടെ പക്കൽ ഓഡിയോ രേഖകളുണ്ടെന്ന് തുർക്കി അധികൃതർ പറയുന്നു.

വധം നടപ്പാക്കിയത് സ്‌കൈപ്പ് കോൾവഴി

ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഖഷോഗി ഇസ്താൻബുളിലെ സൗദി കോൺസുലേറ്റിലേക്ക് നടന്നുകയറിയത്. വിവാഹത്തിനായി ചില രേഖകൾ സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. കോൺസുലേറ്റിൽ കടന്നയുടൻ 15 സൗദി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഖഷോഗിയെ വളഞ്ഞു പിടിച്ചു. കോൺസുലേറ്റിലെ ഒരുമുറിയിൽ സ്‌കൈപ്പിൽ ഖഹ്താനി പ്രത്യക്ഷപ്പെട്ടു. ഫോണിൽ ഖഹ്താനി ഖഷോഗിയെ ചീത്ത വിളിക്കാൻ തുടങ്ങി. ഖഷോഗിയും തിരിച്ചടിച്ചു. എന്നാൽ, 15 പേർ ഒന്നിച്ചാക്രമിക്കുമ്പോൾ എന്തുചെയ്യാൻ? ഒരവസരത്തിൽ ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് ഖഹ്താനി അലറുന്നതും കേൾക്കാമെന്ന് തുർക്കി ഇന്റലിജൻസ് പറയുന്നു. എന്നാൽ, ഓഡിയോ ടേപ്പ് ഇതുവരെ പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പുറത്തുവിട്ടിട്ടില്ല.

ആരാണ് ഖഹ്താനി?

കടുത്ത ദേശീയവാദിയാണ് രാജശാസനകൾ കൃത്യമായി നടപ്പിലാക്കുന്ന നാൽപതുകാരനായ ഖഹ്താനി. സോഷ്യൽ മീഡിയയിൽ എംബിഎസിന്റെ പ്രതിച്ഛായ കൂട്ടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ബുദ്ധിരാക്ഷസൻ. ദാരി എന്ന തൂലികാനാമത്തിൽ അദ്ദേഹം ട്വിറ്ററിൽ, രാജകുടുംബത്തിന് സ്തുതികൾ കുറിക്കും. എതിരാളികൾ അറബി നാടോടിക്കഥയിലെ ദാലിം എന്ന കഥാപാത്രമായാണ് വിശേഷിപ്പിക്കുന്നത്. താഴെ തട്ടിൽ നിന്ന് മുകളിലേക്ക് പടവുകൾ ചവിട്ടിക്കയറിയ ഒരുകഥാനായകൻ.

നിയമമാണ് ഖഹ്താനി പഠിച്ചത്. സൗദി വ്യോമസേനയിൽ ക്യാപ്റ്റൻ പദവി സ്വന്തമാക്കി. എംബിഎസിനൊപ്പം ചേർന്ന ശേഷമാണ് ഖഹ്താനിയുടെ വളർച്ച. സോഷ്യൽ മീഡിയയിൽ ഖത്തറിന്റെ സ്വാധീനത്തെ നേരിടുകയായിരുന്നു ആദ്യ ദൗത്യം. രാജകുടുംബത്തെയും എംബിഎസിനെയും വിമർശിക്കുന്നവർക്ക് ചുട്ടമറുപടി നൽകുക, അതായിരുന്നു ദൗത്യം. പ്രാദേശിക പത്രാധിപന്മാരുമായും, പ്രമുഖ മാധ്യമപ്രവർത്തകരുമായും ചേർന്ന് വാട്‌സാപ്പ് ഗ്രൂപ്പ്. കഴിഞ്ഞ വർഷം ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവന്നപ്പോൾ ശക്തമായ ആക്രമണം സോഷ്യൽ മീഡിയയിലൂടെ ഖഹ്താനി അഴിച്ചുവിട്ടു.

ലെബനീസ് പ്രധാനമന്ത്രിയെ തടവിലാക്കി

ലെബനീസ് പ്രധാനമന്ത്രി സാദ് അൽഹഹീരിയെ തടഞ്ഞുവച്ച് മർദ്ദിച്ചതാണ് ഖഹ്താനിയുടെ അധികാരത്തെ ഉദാഹരിക്കാൻ പലരും ചൂണ്ടിക്കാട്ടാറുള്ളത്. സുന്നി മുസ്ലീമും സൗദി ആശ്രിതനുമായ ഹരീരി, ഇറാനെയും ഹിസ്ബുള്ളയെയും വേണ്ട രീതിയിൽ എതിരിടുന്നില്ലെന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ വിലയിരുത്തൽ. ലെബനനിലും, യെമനിലും ഹിസ്ബുള്ള ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയെ അറിയിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും ഹരീരി അതുപാലിച്ചില്ലെന്ന് കണ്ടെത്തിയതാണ് സൗദിയെ ചൊടിപ്പിച്ചത്.

എംബിഎസുമായുള്ള കൂടിക്കാഴ്ചയ്ക്കായി റിയാദിലേക്ക് കെണി ഒരുക്കി ഹരീരിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2017 നവംബർ മൂന്നിന് എത്തിയപ്പോൾ സ്വീകരിക്കാൻ പതിവുപോലെ സൗദി രാജകുമാരന്മാരോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. അടുത്ത ദിവസമാണ് എംബിഎസുമായുള്ള കൂടിക്കാഴ്ച എന്നാണ് ഹരീരിക്ക് കിട്ടിയ അറിയിപ്പ്. ഹരീരി പിറ്റേന്ന് എത്തിയപ്പോൾ, ഖഹ്താനിയും സുരക്ഷാഉദ്യോഗസ്ഥരും കാത്തിരിപ്പുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസഥർ ഹരീരിയെ മർദ്ദിച്ചു. ഇതിന് പിന്നാലെ ഖഹ്താനി ഹരീരിക്ക് നേരെ അലറിവിളിച്ചു. പ്രധാനമന്ത്രി പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇടപെട്ടാണ് ഹരീരിയെ മോചിപ്പിച്ചതെന്ന് പറയുന്നു. സമാന രീതിയിലാണ് ഖഷോഗിയെയും കൈകാര്യം ചെയ്തത്. അത് ദുരന്തമായി കലാശിച്ചുവെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP