Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പുകാർക്ക് ഇനി ബ്രിട്ടനിൽ കയറണമെങ്കിൽ വിസ നിർബന്ധം; മറ്റു രാജ്യങ്ങളിലെ ബ്രിട്ടീഷുകാരെ അവിടെ തുടരാൻ അനുവദിച്ചാൽ മാത്രം ബ്രിട്ടനിലുള്ള യൂറോപ്പുകാർക്കും പ്രശ്‌നമുണ്ടാവില്ല; ബ്രക്‌സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ വിട്ട് ബ്രിട്ടൻ സ്വാതന്ത്യം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി തെരേസാ മേ

യൂറോപ്പുകാർക്ക് ഇനി ബ്രിട്ടനിൽ കയറണമെങ്കിൽ വിസ നിർബന്ധം; മറ്റു രാജ്യങ്ങളിലെ ബ്രിട്ടീഷുകാരെ അവിടെ തുടരാൻ അനുവദിച്ചാൽ മാത്രം ബ്രിട്ടനിലുള്ള യൂറോപ്പുകാർക്കും പ്രശ്‌നമുണ്ടാവില്ല; ബ്രക്‌സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ വിട്ട് ബ്രിട്ടൻ സ്വാതന്ത്യം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി തെരേസാ മേ

ഴിഞ്ഞ വർഷം ജൂൺ 23ന് ചരിത്രപ്രസിദ്ധമായ യൂറോപ്യൻ യൂണിയൻ റഫറണ്ടം യുകെയിൽ നടക്കുകയും അതിൽ ഭൂരിഭാഗം ജനങ്ങളും രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനായി അഥവാ ബ്രെക്സിറ്റിന് വേണ്ടി വോട്ടു ചെയ്യുകയും ചെയ്തപ്പോൾ ഇത് പ്രാവർത്തികമാകുമോയെന്ന സംശയമായിരുന്നു ചിലരുടെയെങ്കിലും മനസിലുണ്ടായിരുന്നത്. നേരത്തെ റിമെയിൻ പാളയത്തിലുണ്ടായിരുന്ന തെരേസ മെയ്‌ പ്രധാനമന്ത്രിയായതോടെ ആ സംശയം ബലപ്പെടുകയും ചെയ്തിരുന്നു. അവർ ബ്രെക്സിറ്റ് വോട്ടിനെ തന്ത്രപരമായ ഒതുക്കി ബ്രെക്സിറ്റ് മനഃപൂർവം വൈകിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നായിരുന്നു ലീവ് കാംപയിൻകാർ ഭയപ്പെട്ടിരുന്നത്. എന്നാൽ അതിനെല്ലാമുള്ള മറുപടി ലണ്ടനിലെ ലങ്കാസ്റ്ററിൽ വച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ തന്റെ ഇന്നലത്തെ പ്രസംഗത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ നൽകിയിരിക്കുകയാണ്.

തന്റെ ബ്രെക്സിറ്റ് നയങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രമാണ് തെരേസ ഈ പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മാർച്ച് അവസാനം ആർട്ടിക്കിൾ 50 പ്രകാരം താൻ അനുവർത്തിക്കാനാരംഭിക്കുന്ന ബ്രെക്സിറ്റ് വിലപേശലിന്റെ സംക്ഷിപ്തവിവരണം കൂടിയായിരുന്നു ഈ പ്രസംഗം. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്ക് യുകെയിലേക്ക് വരാൻ വിസ നിർബന്ധമാണെന്നും തുടർന്ന് യൂറോപ്യൻ നിയമങ്ങൾ യുകെയക്ക് ബാധകമല്ലെന്നും തെരേസ പ്രഖ്യാപിച്ചിരിക്കുന്നു. ബ്രെക്സിറ്റിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരെ തുടരാൻ അനുവദിച്ചാൽ ഇവിടുള്ള യൂറോപ്യൻ പൗരന്മാർക്ക് തുടരാമെന്നും അവർ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ അയർലണ്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം കുറയ്ക്കുകയും യൂറോപ്പുമായി പുതിയ കരാറുണ്ടാക്കുകയും ചെയ്യുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിനെ ഉപേക്ഷിച്ച് സ്വതന്ത്രമാകുന്നത് എങ്ങനെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെരേസ മെയ്‌. യൂണിയനുമായുള്ള ചർച്ചകൾക്ക് 12 പോയിന്റുകളുള്ള പദ്ധതിയാണ് താൻ തയ്യാറാക്കിയിരിക്കുന്നതെന്നും തെരേസ ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബ്രെക്സിറ്റ് പ്രാവർത്തികമാകുന്നതോടെ ബ്രിട്ടൻ ഇപ്പോൾ അംഗമായിരിക്കുന്ന യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും മുഴുവനായും വിട്ട് പോരുമെന്ന് തെരേസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിയനുമായുള്ള വ്യാപാര ബന്ധങ്ങളോട് പൂർണമായും വിടപറയില്ലെന്നും പകരം പുതിയ വ്യാപാരക്കരാറുകളിലൂടെ ബ്രസൽസ് ക്ലബുമായുള്ള വ്യാപാരം നിലനിർത്തുന്നതാണ്. യൂണിയനിൽ നിന്നും വിട്ട് പോയാലും യൂറോപ്യൻ കസ്റ്റംസ് യൂണിയന്റെ ഭാഗമായി യുകെയെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും തെരേസ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പുതിയ ഉടമ്പടികളുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇറക്കുമതി തീരുവയിൽ ഇളവ് ലഭിക്കുന്നതിനാണ് കസ്റ്റംസ് യൂണിയനിൽ തുടരുകയെന്ന തന്ത്രം ബ്രെക്സിറ്റിൽ പയറ്റാൻ തെരേസ ആഗ്രഹിക്കുന്നത്. ഈ വർഷം മാർച്ച് അവസാനം ആരംഭിക്കുന്ന ആർട്ടിക്കിൾ 50 അനുസരിച്ചുള്ള ബ്രെക്സിറ്റ് ചർച്ചകൾ പൂർത്തിയാകുന്നതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട കരാറുകൾ ബ്രസൽസുമായി ഔദ്യോഗികമായി ഒപ്പ് വയ്ക്കുന്നതിന് മുമ്പ് കരാർ വ്യവസ്ഥകൾ പാർലിമെന്റിന്റെ ഇരു സഭകളിലും വോട്ടിനിട്ട് അനുമതി നേടുന്നതാണ്.

ബ്രിട്ടൻ ബ്രസൽസ് ക്ലബിനോടും അവിടുത്തെ നിയമങ്ങളോടും ഗുഡ്ബൈ പറഞ്ഞാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൽ നിന്നും ഇവിടേക്ക് വരാനാഗ്രഹിക്കുന്നവർക്ക് നേരെ വാതിൽ പൂർണമായും കൊട്ടിയടക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ളത് പോലെ യാതൊരു നിയന്ത്രണവുമില്ലാത്ത സ്വതന്ത്രസഞ്ചാരം ഇയു പൗരന്മാർക്ക് തുടർന്ന് അനുഭവിക്കാനാവില്ല. അതായത് ബ്രെക്സിറ്റിന് ശേഷവും ഇയു പൗരന്മാർക്ക് യുകെയിലേക്ക് തൊഴിൽ തേടിയും പഠിക്കാനുമെത്താനുള്ള അവസരമുണ്ടാകും. ബ്രെക്സിറ്റിന്റെ അടിസ്ഥാന ഉദ്ദേശ്യങ്ങളെ പ്രാവർത്തികമാക്കാനായി യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിലും ബ്രിട്ടീഷ് പൗരന്മാർക്ക് മറ്റ് ഇയു രാജ്യങ്ങളിലുമുള്ള ഇമിഗ്രേഷൻ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. ബ്രെക്സിറ്റിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരെ തുടരാൻ അനുവദിച്ചാൽ ഇവിടുള്ള യൂറോപ്യൻ പൗരന്മാർക്ക് തുടരാമെന്നുമുള്ള നിബന്ധന ഇതിന്റെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്. ഇത്തരം മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നീക്കുപോക്കുകൾ ഹോം ഓഫീസ് കൈക്കൊള്ളുന്നതാണ്.

യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോരുന്നതിനെ തുടർന്ന് യുകെയുടെ ഭാഗമായി തുടരുന്ന നാല് രാജ്യങ്ങൾക്കിടയിലെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി പൊതുസഞ്ചാരമേഖല സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ അഗാധബന്ധം പരിഗണിച്ചാണിത്. കുടുംബ-സുഹൃദ് ബന്ധങ്ങളുള്ള അനേകമാളുകൾ രണ്ട് രാജ്യങ്ങളിലുമേറെയുള്ളതിനാലാണീ ഇളവ് നടപ്പിലാക്കാനൊരുങ്ങുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമായി നിലകൊള്ളുന്നതിന് യുകെയ്ക്ക് വർഷം തോറും ബില്യൺ കണക്കിന് പൗണ്ട് വിവിധ തരത്തിലുള്ള ഫീസുകളായി നൽകേണ്ടി വരുന്നുവെന്നതാണ് ലീവ് കാംപയിൻകാർ ബ്രെക്സിറ്റ് എത്രയും വേഗം നടപ്പിലാക്കണമെന്നതിനുള്ള പ്രധാന കാരണമായി എടുത്ത് കാട്ടുന്നത്.

ബ്രസൽസ് ക്ലബിനോട് വിടപറയുന്നതിനെ തുടർന്ന് യൂണിയന് നൽകി വരുന്ന ബില്യൺ കണക്കിന് പൗണ്ട് വരുന്ന സംഭാവനകളെല്ലാം അവസാനിപ്പിക്കുമെന്നും തെരേസ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ രഹസ്യാന്വേഷണം, പൊലീസ് വിവരങ്ങൾ തുടങ്ങിയ നിർണായകമായ മേഖലകളിലുള്ള പരസ്പര സഹകരണം ബ്രെകിസ്റ്റിന് ശേഷവും നിലനിർത്തുന്നതാണ്.യൂറോപ്യൻ യൂണിയനുമായി വേർപിരിയുന്ന നടപടിക്ക് അനിശ്ചിതത്വം ഇല്ലാതാക്കുകയാണ് തന്റെ ്ബ്രെക്സിറ്റ് പദ്ധതിയുടെ പ്രധാന പോയിന്റായി തെരേസ ഉയർത്തിക്കാട്ടിയിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളൊന്നും ഇവിടെ വിലപ്പോവില്ലെന്നും അവർ അസന്ദിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.അതായത് തുടർന്ന് ഇവിടേക്കുള്ള നിയമങ്ങൾ വെസ്റ്റ്മിൻസ്റ്റർ, എഡിൻബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നിന്നായിരിക്കും നിർമ്മിക്കപ്പെടുന്നത്.

ബ്രെക്സിറ്റിനെ തുടർന്ന് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ്. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പ്രകാരമുള്ള സംരക്ഷണമായിരിക്കില്ല അത്. മറിച്ച് അതിനായി ഇവിടെ പ്രത്യേക നിയമങ്ങൾ നിർമ്മിച്ചേക്കും. ലോകത്തിൽ ബ്രിട്ടന്റെ പ്രാധാന്യം ഇനിയും വർധിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകൾ വ്യാപകമായി ഉണ്ടാക്കുന്നതാണ്. ബ്രിട്ടൻ ശാസ്ത്രത്തിനും കണ്ടുപിടിത്തങ്ങൾക്കുമുള്ള ഏറ്റവും മികച്ച ഇടമായതിനാൽ ശാസ്ത്ര, ഗവേഷണ, സാങ്കേതിക മേഖലകളിൽ സഹകരിക്കാൻ മറ്റ് യൂറോപ്യൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് തെരേസ പറയുന്നു. ഇതിന് പുറമെ കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനുമെതിരെ ഇയു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയും ചെയ്യും. ബ്രിട്ടന്റെ താൽപര്യങ്ങളും ഇയു അംഗരാജ്യങ്ങളുടെയും യൂണിയൻ സ്ഥാപനങ്ങളുടെയും താൽപര്യങ്ങളും പരമാവധി സംരക്ഷിച്ച് കൊണ്ടുള്ള ഒരു ബ്രെക്സിറ്റ് ഡീലിനാണ് താൻ ഒരുങ്ങുന്നതെന്നും തെരേസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബ്രിട്ടനെ ദ്രോഹിക്കാനുള്ള ഒരു ഡീലുമായിട്ടാണ് ബ്രസൽസ് മുന്നോട്ട് വരുന്നതെങ്കിൽ വിലപേശലിൽ നിന്നും വിട്ട് പോരുമെന്നുള്ള താക്കീതും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP