വർഷങ്ങളായി അവർ ഈ പരിപാടി തുടങ്ങിയിട്ട്; ഇനി അത് നടപ്പില്ല; ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങൾ അല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനൂകൂല്യങ്ങൾ പറ്റാനാവില്ലെന്നും ട്രംപ്; അമേരിക്കയുടെ പണം കൂടി ഉപയോഗിച്ച് ഇരുരാഷ്ട്രങ്ങളും ഇനി കൂടുതൽ സമ്പന്നരാവാൻ അനുവദിക്കില്ല; 'ചുങ്ക രാഷ്ട്ര'മെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നു
August 14, 2019 | 06:24 PM IST | Permalink

മറുനാടൻ ഡെസ്‌ക്
പെൻസിൽവാനിയ: ഇനി ഈ പരിപാടി നടപ്പില്ലെന്ന് ഡൊണൾഡ് ട്രംപ്. ഇന്ത്യക്കും ചൈനയ്ക്കുമെതിരെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് അമേരിക്ക. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനുകൂല്യങ്ങൾ പറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇരുരാഷ്ട്രങ്ങളും ഇതിനകം വളർന്നുകഴിഞ്ഞു. വികസ്വര രാഷ്ട്രങ്ങളുടെ ആനുകൂല്യത്തിന്റെ പങ്ക് ഇനി ഇരുരാഷ്ട്രങ്ങളും സ്വീകരിക്കുന്നത് ഉചിതമല്ല. ഇത് ഇനി സംഭവിക്കാൻ താൻ അനുവദിക്കില്ല. ഡബ്ല്യുടിഒ അമേരിക്കയോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും ചൈനയും ഏഷ്യയിലെ രണ്ട് സാമ്പത്തിക ശക്തികളാണ്. ഇരുരാഷ്ട്രങ്ങളും വർഷങ്ങളായി ഞങ്ങളിൽ നിന്ന് നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ്. ഇരുകൂട്ടരും വികസ്വരരാഷ്ട്രങ്ങളെന്ന ഡബ്ല്യുടിഒയുടെ ടാഗ് അമേരിക്കയുടെ താൽപര്യത്തിന് എതിരാണ്. നമ്മൾ ഒഴിച്ചുള്ളവരെല്ലാം വളർന്നുകൊണ്ടിരിക്കുകയാണ്. ഇനി അതനുവദിക്കില്ല, ട്രംപ് പറഞ്ഞു. വികസ്വര രാഷ്ട്ര പദവി എങ്ങനെയാണ് ഡബ്ല്യുടിഒ അനുവദിക്കുന്നതെന്ന് നിർവചിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് യുഎസ് പ്രസിഡന്റ് തന്റെ നിലപാട് കടുപ്പിച്ചത്. ചൈന, തുർക്കി. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ട്രംപിന്റെ നീക്കം പുതിയതല്ല. ആഗോള വ്യാപാര നിയമം ഈ രാഷ്ട്രങ്ങളോട് അനുകൂലസമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് ട്രംപിന്റെ നിലപാട്.
'അമേരിക്ക ആദ്യം' നയത്തിന്റെ വക്താവായ ട്രംപ് ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ചുങ്കം ചുമത്തുന്നതിന് ശക്തമായി വിമർശിക്കുന്ന നേതാവാണ്. ഇന്ത്യയെ ചുങ്ക രാജാവ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിക്കുന്നത് പോലും. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം കടുക്കുന്നതിനിടയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയാണ് ട്രംപ് കരുനീക്കങ്ങൾ ശക്തമാക്കിയത്. ഇതിനോട് ചൈനയും ശക്തമായി പ്രതികരിച്ചു.
ഡബ്ല്യുടിഒയു നിയമത്തിലെ പഴുതുകൾ ഏതെങ്കിലും വികസിത രാഷ്ട്രങ്ങൾ മുതലെടുക്കാൻ ശിക്ഷാനടപടികൾക്ക് തുടക്കമിടാൻ വേണ്ടി അമേരിക്കൻ ട്രേഡ് റെപ്രസെന്റേന്റീവിനെ ട്രംപ് ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും നൽകി വരുന്ന സാമ്പത്തിക ഇളവുകൾ നിർത്തലാക്കണമെന്ന് ട്രംപ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഇളവുകൾ നൽകേണ്ടതില്ലെന്നും കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞു.
ചൈന വലിയ സാമ്പത്തിക ശക്തിയായി മാറാൻ അനുവദിച്ചത് ഡബ്ല്യുടിഒയുടെ നയങ്ങളാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇത് ഭ്രാന്തൻ ഏർപ്പാടാണെന്നും ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണ് എന്നും ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഡബ്ല്യുടിഒയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയാണ്. ലോക വ്യാപാരത്തിൽ യുഎസ് അനീതി നേരിടുകയാണെന്നും ഇതിന് ഉത്തരവാദി ഡബ്ല്യുടിഒ ആണെന്നുമാണ് ട്രംപിന്റെ പരാതിയും ആരോപണവും. താൻ വിചാരിച്ചാൽ ഡബ്ല്യുടിഒയ്ക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
