Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്യൻ യൂണിയനുമായി കരാറിലൊപ്പിട്ട തെരേസ മേയുടെ മുമ്പിലെ ഏറ്റവും വലിയ കടമ്പ ഡിസംബർ 12ലെ കോമൺസ് വോട്ട്; 90 ടോറി എംപിമാരും ലേബർ പാർട്ടിയും ഐറിഷ് പാർട്ടിയും എതിർക്കുമെന്നറിയിച്ചതോടെ ബ്രെക്സിറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ജിംബ്രാൾട്ടറിന്റെ കാര്യത്തിൽ സ്പെയിനും മീൻപിടിക്കുന്ന കാര്യത്തിൽ ഫ്രാൻസും മുമ്പോട്ടെന്നും സൂചന; ബ്രിട്ടൻ നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്

യൂറോപ്യൻ യൂണിയനുമായി കരാറിലൊപ്പിട്ട തെരേസ മേയുടെ മുമ്പിലെ ഏറ്റവും വലിയ കടമ്പ ഡിസംബർ 12ലെ കോമൺസ് വോട്ട്; 90 ടോറി എംപിമാരും ലേബർ പാർട്ടിയും ഐറിഷ് പാർട്ടിയും എതിർക്കുമെന്നറിയിച്ചതോടെ ബ്രെക്സിറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ജിംബ്രാൾട്ടറിന്റെ കാര്യത്തിൽ സ്പെയിനും മീൻപിടിക്കുന്ന കാര്യത്തിൽ ഫ്രാൻസും മുമ്പോട്ടെന്നും സൂചന; ബ്രിട്ടൻ നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്

മറുനാടൻ മലയാളി ബ്യൂറോ

കാത്ത് കാത്തിരുന്ന ബ്രെക്സിറ്റ് കരാറിൽ യൂറോപ്യൻ യൂണിയനുമായി ഔചചാരികമായി ഒപ്പ് വയ്ക്കാൻ തെരേസയ്ക്ക് ഇന്നലെ സാധിച്ചുവെങ്കിലും ഇനി കോമൺസിൽ കൂടി ആ കരാറിന് അംഗീകാരം നേടേണ്ടതുണ്ട്. എന്നാൽ ഡിസംബർ 12ലെ കോമൺസ് വോട്ടെടുപ്പിൽ ഈ കരാർ അത്ര വേഗം പാസാകില്ലെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

90 ടോറി എംപിമാരും ലേബർ പാർട്ടിയും ഐറിഷ് പാർട്ടിയും ഇതിനെ എതിർക്കുമെന്നറിയിച്ചതോടെ ബ്രെക്സിറ്റിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജിംബ്രാൾട്ടറിന്റെ കാര്യമുയർത്തിപ്പിടിച്ച് സ്പെയിനും യുകെ യൂണിയൻ വിട്ടാലും യുകെയുടെ സമുദ്ര ഭാഗത്ത് തങ്ങൾക്ക് മീൻപിടിക്കുന്ന അവകാശം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസും മുമ്പോട്ട് പോകുന്നത് ബ്രിട്ടന് ബ്രെക്സിറ്റ് വിഷയത്തിൽ വെല്ലുവിളിയുയർത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബ്രിട്ടൻ നേരിടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്.

പിന്തുണയ്ക്കായി കുതിരക്കച്ചവടത്തിനൊരുങ്ങി തെരേസയും സംഘവും

കോമൺസിൽ തങ്ങളുടെ ബ്രെക്സിറ്റ് കരാർ പാസാക്കിയെടുക്കുന്നതിനായി ഇതിനെ എതിർക്കുന്ന എംപിമാരെ പലവിധ വാഗ്ദാനങ്ങൾ നൽകി പാട്ടിലാക്കി എങ്ങനെയെങ്കിലും വോട്ട് നേടിയെടുക്കുന്നതിന് തെരേസയും സംഘവും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ 90 ടോറി എംപിമാരാണ് ഈ കരാറിനെ എതിർക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അനുകൂലിച്ച് വോട്ട് ചെയ്താൽ തങ്ങൾക്ക് പ്രഭുപദവിയും മറ്റ് ചില ആനുകൂല്യങ്ങളും പരിഗണനകളും നൽകാമെന്ന വാഗ്ദാനം വരെ തെരേസ നൽകിയിട്ടുണ്ടെന്നും ഇവരിൽ ചില എംപിമാർ വെളിപ്പെടുത്തുന്നു.

പുതിയ ബ്രെക്സിറ്റ് കരാറിനെ കണ്ണുമടച്ച് അംഗീകരിക്കാനാവാതെ തെരേസയുടെ കാബിനറ്റിലെ മുതിർന്ന മന്ത്രിമാർ പോലും പാട് പെടുന്നുമുണ്ട്.ഇവർ പോലും കരാറിനെതിരെ തിരിയുമോയെന്ന ആശങ്കയും ശക്തമാണ്. പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്ത് ലേബർ നേതാവ് ജെറമി കോർബിന്റെയും മറ്റ് ലേബർ എംപിമാരുടെയും പിന്തുണ നേടിയെടുത്തെങ്കിലും കരാർ പാസാക്കിയെടുക്കാൻ തെരേസ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

തെരേസ സ്വന്തം ഇഷ്ടത്തിന് യുകെയ്ക്ക് ദോഷകരമായതും ഏകപക്ഷീയവുമായ കരാറുണ്ടാക്കിയെന്ന് കോർബിൻ

ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനുമായി തെരേസ ഉണ്ടാക്കിയിരിക്കുന്ന കരാറിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ലേബർ നേതാവ് ജെറമി കോർബിൻ രംഗത്തെത്തി. സ്വന്തം ഇഷ്ടമനുസരിച്ച് മറ്റാരോടും അഭിപ്രായം ചോദിക്കാതെ തെരേസ ഉണ്ടാക്കിയിരിക്കുന്ന കരാർ യുകെക്ക് ദോഷകരമായതാണെന്നും ഏകപക്ഷീയമായതാണെന്നും അതിനാൽ ഇതിനെ പാർലിമെന്റ് വോട്ടെടുപ്പിൽ ശക്തമായി എതിർക്കുമെന്നും ലേബർ നേതാവ് കോർബിൻ മുന്നറിയിപ്പേകുന്നു. തെരേസയുടെ ഡീൽ യുകെയെ ലോകത്തിൽ ഏറ്റവും മോശപ്പെട്ട ഇടമാക്കി മാറ്റുമെന്നാണ് കോർബിൻ ആരോപിക്കുന്നത്.

കോർബിനെ ലൈവിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ച് തെരേസ

ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരിക്കുന്ന കരാർ പാർലിമെന്റിൽ പാസാക്കുന്നതിനായി തെരഞ്ഞെടുപ്പിന് സമാനമായ ക്യാമ്പയിനാണ് തെരേസ നടത്താനൊരുങ്ങുന്നത്. തന്റെ കരാറിനെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷ നേതാവ് ജെറമി കോർബിനെ ഈ വിഷയത്തിൽ ടിവി ലൈവിൽ ചർച്ച നടത്താൻ തെരേസ വെല്ലുവിളിക്കുകയും കോർബിൻ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കരാറുമായി ബന്ധപ്പെട്ട് കോമൺസിൽ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ഈ ചർച്ചയും നടക്കുമെന്നാണ് കോർബിൻ ഉറപ്പേകിയിരിക്കുന്നത്.

ഇതിലും ഭേദം നോ ഡീലെന്ന് ഡിയുപി

നിലവിൽ ബ്രെക്സിറ്റിനായി തെരേസ യൂറോപ്യൻ യൂണിയനിൽ നിന്നും നേടിയെടുത്തിരിക്കുന്ന ഡീലിനേക്കാൾ ഭേദം യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യൂണിയനിൽ നിന്നും വിട്ട് പോവുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഡിയുപി ഡെപ്യൂട്ടി നേതാവായ നിഗെൽ ഡോഡ്സ് രംഗത്തെത്തിയിട്ടുണ്ട്.ഇതിനാൽ ഈ ഡീലിനെ എതിർത്ത് പാർലിമെന്റിൽ വോട്ട് ചെയ്യാനാണ് തങ്ങൾ ഒരുങ്ങുന്നതെന്നും ഡോഡ്സ് മുന്നറിയിപ്പേകുന്നു. കോമൺസിൽ വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ ഡിയുപിയുടെ പിന്തുണയോട് കൂടിയാണ് തെരേസ ഭരിക്കുന്നത്. അതിനാൽ ഐറിഷ് പാർട്ടി കരാറിനെ എതിർക്കുന്നത് തെരേസക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ജിംബ്രാൾട്ടർ വിഷയത്തിൽ വിട്ട് വീഴ്ചയില്ലാതെ സ്പെയിൻ

ബ്രെക്സിറ്റിൽ മിക്കവർക്കും നഷ്ടമാണുണ്ടാകുന്നതെങ്കിലും ജിംബ്രാൾട്ടർ പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് നേട്ടമാണുണ്ടാകാൻ പോകുന്നതെന്ന അവകാശവാദവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് രംഗത്തെത്തി. സെപെയിനിന്റെ ഭാഗമായ ജിംബ്രാൾട്ടർ 1713 മുതൽ ബ്രിട്ടനാണ് കൈവശം വച്ച് കൊണ്ടിരിക്കുന്നത്. ഇത് വിട്ട് കിട്ടാൻ സ്പെയിൻ വളരെക്കാലമായി പലവിധ സമ്മർദം ചെലുത്താൻ തുടങ്ങിയിട്ടും ബ്രിട്ടൻ വഴങ്ങിയിരുന്നില്ല. എന്നാൽ നിലനിൽ ബ്രെക്സിറ്റിന്റെ മറവിൽ ഇതിനായി സ്പെയിൻ നീക്കം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ഈ ആവശ്യത്തിന് മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കന്മാരും ശക്തമായ പിന്തുണയേകുന്നുവെന്നും സാൻചെസ് അവകാശപ്പെടുന്നുണ്ട്.

മീൻപിടിക്കാൻ അനുവദിച്ചില്ലെങ്കിൽ ഐറിഷ് ബാക്ക്സ്റ്റാപ്പിനായി സമ്മർദം ചെലുത്തുമെന്ന് ഫ്രാൻസ്

യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോയാലും തങ്ങളെ യുകെയുടെ സമുദ്ര ഭാഗത്ത് നിന്നും മത്സ്യബന്ധനത്തിന് അനുവദിക്കണമെന്ന നിർണായക ആവശ്യവുമായി ഇന്നലെ യൂറോപ്യൻ യൂണിയൻ സമ്മിറ്റിന് ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ രംഗത്തെത്തിയത് ബ്രെക്സിറ്റിന് കടുത്ത വെല്ലുവിളിയുയർത്തിയിട്ടുണ്ട്. ഫ്രാൻസിന്റെ ആവശ്യം മറ്റ് ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കൂടി ഏറ്റ് പിടിച്ചതോടെ ഈ വിഷയത്തിൽ കാര്യങ്ങൾ തെരേസയുടെ കൈവിട്ട് പോയേക്കാനുള്ള സാധ്യതയ്ക്കും കളമൊരുങ്ങിയിരുന്നു.

അതായത് തങ്ങളുടെ ഈ ആവശ്യം യുകെ അംഗീകരിച്ചില്ലെങ്കിൽ യുകെ-യൂറോപ്യൻ യൂണിയന്റെ അടുത്ത ഘട്ടത്തിൽ യുകെയെ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിലനിർത്താൻ കടുത്ത സമ്മർദം ചെലുത്തുമെന്നാണ് മാർകോൺ ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ ഡീലിന് പിന്തുണയേകുന്നത് ഫ്രാൻസ് നിഷേധിച്ചാൽ യുകെ ബാക്ക്സ്റ്റോപ്പിലേക്ക് പ്രവേശിക്കാൻ നിർബന്ധിതമാവും. ഇതിനെ ബ്രെക്സിറ്റർമാരും യൂണിയനിസ്റ്റുകളും ഡിയുപിയും എതിർക്കുമെന്നുറപ്പാണ്. ഇതോടെ തെരേസ സർക്കാരിന്റെയും ബ്രെക്സിറ്റിന്റെയും ഭാവി തന്നെ അവതാളത്തിലാകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP