Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരികൾ ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തുന്ന കല്ലേറിനെ ഫലസ്തീനികൾ ഇസ്രയേലിനോട് നടത്തുന്ന ഇന്റിഫാദയെന്ന പ്രതിരോധത്തോട് താരതമ്യപ്പെടുത്താമോ.? യുഎന്നിൽ ഇന്റിഫാദയെന്ന അറബി പദമെടുത്ത് പ്രയോഗിച്ച് കാശ്മീർ പ്രശ്‌നത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാൻ നവാസ് ഷെരീഫിന്റെ നിഗൂഢ തന്ത്രം

കാശ്മീരികൾ ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തുന്ന കല്ലേറിനെ ഫലസ്തീനികൾ ഇസ്രയേലിനോട് നടത്തുന്ന ഇന്റിഫാദയെന്ന പ്രതിരോധത്തോട് താരതമ്യപ്പെടുത്താമോ.? യുഎന്നിൽ ഇന്റിഫാദയെന്ന അറബി പദമെടുത്ത് പ്രയോഗിച്ച് കാശ്മീർ പ്രശ്‌നത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാൻ നവാസ് ഷെരീഫിന്റെ നിഗൂഢ തന്ത്രം

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കാശ്മീർ വീണ്ടും പുകയുകയാണ്. ഇവിടെയുള്ള ഇന്ത്യൻ സൈന്യത്തെ ചില കാശ്മീരികൾ ശത്രുക്കളായാണ് കരുതുന്നത്. ഇതിനെ തുടർന്ന് ഇവർ ഇന്ത്യൻ സൈനികരെ ആക്രമിക്കുന്നതും സർവസാധാരണമായിത്തീർന്നിരിക്കുന്നു. പലപ്പോഴും ഇവർ ഇന്ത്യൻ മിലിട്ടറിയെ കല്ലെറിഞ്ഞോടിക്കാൻ വരെ ശ്രമിച്ച് വരുന്നുമുണ്ട്. കുറച്ച് വർഷം മുമ്പ് ഫലസ്തീനികൾ ഗസ്സയിലെയും മറ്റും ഇസ്രയേൽ സൈനികരെ തുരത്തിയോടിക്കാൻ പ്രയോഗിച്ച ഈ രീതിയിലുള്ള കല്ലെറിയൽ പ്രയോഗം ഇന്റിഫാദയെന്നാണ് അറിയപ്പെടുന്നത്. ഈ ഒരു അവസരത്തിൽ കാശ്മീരികൾ ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തുന്ന കല്ലേറിനെ ഫലസ്തീനികൾ ഇസ്രയേലിനോട് നടത്തുന്ന ഇന്റിഫാദയെന്ന പ്രതിരോധത്തോട് താരതമ്യപ്പെടുത്താമോ...?എന്നതിനെച്ചൊല്ലിയുള്ള ചർച്ച ഇപ്പോൾ നടന്ന് വരുന്നുണ്ട്. യുഎന്നിൽ ഇന്റിഫാദയെന്ന അറബി പദമെടുത്ത് പ്രയോഗിച്ച് കാശ്മീർ പ്രശ്‌നത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാൻ നവാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച നിഗൂഢതന്ത്രം പയറ്റുകയും ചെയ്തിരുന്നു.

ഇന്റിഫാദ എന്ന അറബി വാക്കിന്റെ അർത്ഥം ' കുടഞ്ഞ് കളയുക' എന്നാണ്. 1987 ഡിസംബറിലാണ് ഈ പ്രയോഗത്തിന് പ്രശസ്തിയേറെ കൈവന്നത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമുള്ള ഇസ്രാലേൽ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെയുള്ള തങ്ങളുടെ കലാപത്തെ വിശദീകരിക്കുന്നതിന് ഫലസ്തീൻ കലാപകാരികൾ ഈ വാക്ക് ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്. 1989ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതനായ എഡ്വാർഡ് ഇന്റിഫാദ ആൻഡ് ഇൻഡിപെൻഡൻസ് എന്നൊരു പ്രബന്ധം രചിച്ചിരുന്നു. ഇസ്രയേലുകാർ ഫലസ്തീൻകാരുടെ ചരിത്രം, ഭൂമി, ദേശീയത്വം തുടങ്ങിയവ കവർന്നെടുക്കുന്നതിനെതിരെയുള്ള ഫലസ്തീൻകാരുടെ പ്രതിഷേധമെന്നായിരുന്നു അദ്ദേഹം ഇതിൽ വിവരിച്ചിരുന്നത്. ഒരു ഇസ്രയേലി ഡ്രൈവർ ഓടിച്ചിരുന്ന കാർ തട്ടി നാല് ഫലസ്തീൻകാർ മരിച്ചതിനെ തുടർന്നായിരുന്നു അപ്പോഴത്തെ കലാപത്തിന് തിരികൊളുത്തപ്പെട്ടിരുന്നത്. ഇതൊരു അപകടമല്ലെന്നും മറിച്ച് കരുതിക്കൂട്ടിയുള്ള വണ്ടി തട്ടിച്ച് കൊലയാണെന്നുമായിരുന്നു ഫലസ്തീൻകാർ ആരോപിച്ചിരുന്നത്.

ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയും ഫലസ്തീൻ ലിബറേൻ ഓർഗനൈസേഷൻ (പിഎൽഒ) ഇതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ കലാപം 1993 വരെ നീണ്ട് നിന്നിരുന്നു. ഈ കലാപത്തെയാണ് പിൽക്കാലത്ത് ആദ്യത്തെ ഇന്റിഫിദാ എന്ന് വളിച്ചിരുന്നത്. തുടർന്ന് ഇത്തരത്തിലുള്ള രണ്ടാമത്തെ കലാപം ആരംഭിച്ചത് 2000ത്തിലായിരുന്നു. ഈ രണ്ട് സമരങ്ങളിലും ഫലസ്തീൻ യുവാക്കളും കൗമാരക്കാരും ഇസ്രാലേൽ സൈനികർക്ക് നേരെ കല്ലുകളും കോൺക്രീറ്റിന്റെ ഭാഗങ്ങളും വലിച്ചെറിയുന്നത് കാണാമായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇന്റിഫിദായുടെ പ്രധാന ആക്രമണപ്രതിഷേധ രീതി ഇത് തന്നെയായിരുന്നു. ഇസ്രയേൽ സൈനികർ സഞ്ചരിച്ചിരുന്ന സായുധ വാഹനങ്ങൾക്ക് നേരെ വരെ ഇത്തരത്തിൽ കല്ലേറ് നടത്തിയിരുന്നു.

എന്നാൽ ഇത്തരത്തിൽ കല്ലുകളും നാടൻ ബോംബുകളും ഇസ്രയേൽ സൈനികർക്ക് നേരെ വലിച്ചെറിയുന്നതിനെ ഫലസ്തീൻകാർ ഒരിക്കലും ഒരു സായുധ പ്രതിരോധമായി കണക്കാക്കിയിരുന്നില്ല. മറിച്ച് കല്ലുകളുമായി കുട്ടികൾ വരെ രംഗത്തിറങ്ങിയതിനെ തങ്ങളുടെ നിസ്സഹായതയുടെ പ്രതീകമായി ലോകത്തിന് മുന്നിൽ ചിത്രീകരിക്കുന്നതിനായിരുന്നു അവർക്ക് താൽപര്യം. തുടർന്ന് തങ്ങളുടെ അടിസ്ഥാന പ്രതിഷേധത്തിന്റെ പ്രതീകമായി ഇതിനെ അന്താരാഷ്ട്രസമൂഹത്തിന് മുന്നിൽ വരച്ചിടാനും ഫലസ്തീൻകാർക്ക് സാധിച്ചിരുന്നു.എന്നാൽ 1988ഓടെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വിരാമമായി.യുഎൻസി നേതാക്കന്മാർ ജയിലിൽ ആകുകയും ഇസ്രയേൽ ഇത്തരം കല്ലേറുകൾക്കെതിരെ സേനയെ ഉപയോഗിച്ച് അതിശക്തമായി തിരിച്ചടിക്കുയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്.

ഇന്ത്യൻ സേനയ്‌ക്കെതിരായ തങ്ങളുടെ പ്രതിഷേധത്തെ വിവരിക്കാൻ ഇന്റിഫിദാ എന്ന പദത്തെ കാശ്മീരികളും വളരെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. കാശ്മീരിലെ ന്യൂ ജനറേഷൻ പ്രതിഷേധക്കാർ ഇന്റിഫിദായുമായി ആദ്യമായി ബന്ധപ്പെടാൻ തുടങ്ങിയത് 2008ലെ അമർനാഥ് ഭൂമി പ്രക്ഷോഭത്തിന്റെ സമയത്തായിരുന്നു. അന്നായിരുന്നു ഇന്ത്യൻ സേനയ്ക്ക് നേരെ കാശ്മീരിൽ ആദ്യമായി കല്ലുകൾ ചീറി വന്നിരുന്നത്. തുടർന്ന് 2010ലെ ഇവിടുത്തെ കലാപവേളകളിലും ഇത്തരം ആക്രമണമാർഗം ഇവർ അവലംബിച്ചിരുന്നു. ഇതാണ് കാശ്മീരിലെ ആദ്യത്തെ ഇന്റിഫിദായെന്ന് അറിയപ്പെടുന്നത്. 2010ൽ നടന്നതും ഇപ്പോൾ ഇന്ത്യൻ സേനയ്‌ക്കെതിരെ ചില കാശ്മീരികൾ നടത്തുന്ന പ്രതിഷേധത്തെയും ഇന്റിഫിദാ ആണെന്ന് ചില ദേശീയ മാദ്ധ്യമങ്ങളും ചില ബുദ്ധിജീവികളും വിവരിക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്റിഫിദായെക്കുറിച്ച് പരാമർശിച്ചിരുന്നു. കാശ്മീർ പ്രശ്‌നത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാക്കിസ്ഥാൻ ഇതാദ്യമായിട്ടായിരുന്നു ഈ വാക്ക് അഭ്യന്തരതലത്തിലുള്ളതോ അന്താരാഷ്ട്ര തലത്തിലുള്ളതോ ആയ ഒരു സദസ്സിന് മുന്നിലോ പ്രയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ പ്രസംഗത്തിനുണ്ട്. ഇന്ത്യൻ സേനയുടെ അടിച്ചമർത്തലുകൾക്കെതിരെ കാശ്മീരികൾ ഈ സമരതന്ത്രം പയറ്റുകയാണെന്നായിരുന്നു ഷെരീഫ് വിവരിച്ചത്. ഇതിലൂടെ ഇന്ത്യയെ ഇസ്രയേലുമായി താരതമ്യപ്പെടുത്താനും ഷെരീഫ് ഇതിലൂടെ ശ്രമം നടത്തിയിരുന്നു. ഫലസ്തീൻകാർ സഹിക്കുന്നത് പോലുള്ള വിഷമാവസ്ഥയാണ് ഇവിടെ കാശ്മീരികളും സഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സൂചന.

രണ്ടിടത്തും മുസ്ലീങ്ങളാണ് ചൂഷണത്തിന് വിധേയമാകുന്നതെന്നും അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.ഇത്തരത്തിൽ കാശ്മീർ പ്രശ്‌നത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഷെരീഫ് ഇന്റിഫിദാ എന്ന വാക്കിനെ തന്ത്രപൂർവം ഈ പ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിലൂടെ ഈ പ്രശ്‌നത്തിൽ കൂടുതൽ ആഗോള ശ്രദ്ധ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്. ഇതിലൂടെ അയൽപക്കത്തുള്ള മുസ്ലിംരാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ നേടിയെടുക്കാനാവുമെന്നും ഷെരീഫ് പ്രത്യാശിക്കുന്നുണ്ട്. ഇന്റിഫിദാ എന്ന അറബിക് വാക്ക് ഉപയോഗിച്ചതിലൂടെ കാശ്മീർ പ്രശ്‌നത്തിന് ഇന്ത്യൻ ഭൂമികയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു സാംസ്‌കാരിക സന്ദർഭം കൈരുത്താനും പാക് പ്രധാനമന്ത്രി നിഗൂഢ തന്ത്രം മെനയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP