Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നയതന്ത്ര ഒറ്റപ്പെടുത്തൽ മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും; ഐസിസ് വിരുദ്ധ പോരാട്ടത്തേയും ബാധിക്കും; ഒടുവിൽ അമേരിക്കയ്ക്ക് നല്ല ബുദ്ധി; ഖത്തറിനെതിരായ ഉപരോധം മയപ്പെടുത്താൻ യുഎസ് വിദേശകാര്യ സെക്രട്ടറി; ട്രംപ് ഭരണകൂടം മലക്കം മറിയുമ്പോൾ വെട്ടിലാകുന്നത് സൗദിയും സഖ്യരാജ്യങ്ങളും

നയതന്ത്ര ഒറ്റപ്പെടുത്തൽ മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും; ഐസിസ് വിരുദ്ധ പോരാട്ടത്തേയും ബാധിക്കും; ഒടുവിൽ അമേരിക്കയ്ക്ക് നല്ല ബുദ്ധി; ഖത്തറിനെതിരായ ഉപരോധം മയപ്പെടുത്താൻ യുഎസ് വിദേശകാര്യ സെക്രട്ടറി; ട്രംപ് ഭരണകൂടം മലക്കം മറിയുമ്പോൾ വെട്ടിലാകുന്നത് സൗദിയും സഖ്യരാജ്യങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഖത്തറുമായുള്ള ഗൾഫ് രാജ്യങ്ങളുടെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക. ഇത് കടുത്ത മാനുഷീക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലെഴ്സൺ പറഞ്ഞു. ഇത്തരം നടപടികൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ച ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി, ടില്ലേഴ്സണുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നത്.

ഇതോടെ ഖത്തറിലെ പ്രതിസന്ധി ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന് അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്റൈനോടും ഈജിപ്തിനോടും ആവശ്യപ്പെടുന്നു. നയതന്ത്ര ഒറ്റപ്പെടുത്തൽ മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. ഇത് ഭക്ഷ്യ ക്ഷാമത്തിനും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തകരുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുവാനും സാധ്യതയുണ്ട്. ഇതിന് പുറമെ മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഈ രാജ്യങ്ങൾ തയാറാവുമെന്നാണ് പ്രതീക്ഷയെന്നും ടില്ലെവ്സൺ പറഞ്ഞു.

ഖത്തർ തീവ്രവാദത്തിന്റെ ഉന്നതനിലവാരത്തിലുള്ള സ്‌പോൺസറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഐസിസിനെതിരെ 11,000 യുഎസ് സൈന്യം ഖത്തറിൽ വിന്യസിച്ചിട്ടുണ്ട്. ഏതായാലും അമേരിക്കയുടെ പരസ്യ പ്രസ്താവനയോടെ കാര്യങ്ങൾ ഖത്തറിന്റെ വഴിയിലെത്തുമെന്ന് ഉറപ്പാവുകയാണ്. സൗദി അറേബ്യ അടക്കമുള്ള ചില അറബ് രാജ്യങ്ങൾ തീവ്രവാദബന്ധം ആരോപിച്ച് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച ശേഷവും മാറ്റവുമില്ലാതെ തുടരുകയായിരുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ കുവൈറ്റ് രാജാവ് നടത്തിയ ശ്രമങ്ങളും എങ്ങുമെത്താതെ പോയി. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി നേതാക്കളുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കിൽ ചർച്ചകൾക്കായി വൈറ്റ് ഹൗസിൽ വേദിയൊരുക്കാമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ ഖത്തർ എയർവേസ് ഓഫിസുകൾ അടച്ചതിനുപിന്നാലെ ബഹ്‌റൈനിൽ അവരുടെ വെബ്‌സൈറ്റിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ മുതൽ ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഖത്തറുമായുള്ള ബന്ധം പൂർണമായി വിഛേദിച്ചതുമുതൽ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ പൗരന്മാർ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും അവരുടെ നയതന്ത്രകാര്യാലയം പൂട്ടുകയും ചെയ്തിരുന്നു. ഖത്തർ എയർവേസ് വഴി ടിക്കറ്റ് എടുത്തവർ അടിയന്തരമായി അവരുടെ ഓഫിസിലെത്തിയോ വെബ്‌സൈറ്റ് വഴിയോ ഇത് റദ്ദാക്കണമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയുടെ മലക്കം മറിയിൽ എത്തുന്നത്. അമേരിക്കയ്ക്ക് വേണ്ടിയായിരുന്നു ഖത്തറിനെതിരെ സൗദിയും മറ്റ് രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയത്. ഇക്കാര്യം തന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട് ട്രംപ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിൽ തുടരുന്ന ഉപരോധം കൂടുതൽ ശക്തമാക്കിയതിനു പിന്നാലെ കടുത്ത നീക്കങ്ങളുമായി സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ. സൗദിയെ കൂടാതെ ബഹ്റൈൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദത്തെ സഹായിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശക്തമായ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടയിലാണ് കൂടുതൽ ആശങ്കയിലാക്കി സൗദിയുടെ നേതൃത്വത്തിലുള്ള പുതിയ നടപടി. ഇതിനെ ഖത്തർ വിമർശിക്കുകയും ചെയ്തു. തീവ്രവാദത്തിന്റെ പേരിൽ നേരത്തെ ആരോപണം നേരിടുന്ന സംഘടനക്ക് പുറമെ ഇതുവരെ എവിടെയും പരാമർശിക്കാത്ത വ്യക്തികളെയും സംഘടനകളെയും പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ആശങ്ക ഉയർത്തുന്നത്. ഇതൊന്നും അംഗീകരിക്കില്ലെന്ന് ഖത്തറും പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പട്ടിക അടിസ്ഥാന രഹിതമാണെന്ന് ഖത്തർ സർക്കാർ പ്രതികരിച്ചു. വ്യാജ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി. ഇത്തരമൊരു പട്ടിക പുറത്തുവിട്ടതിലൂടെ ഖത്തറിനെ ഇല്ലാതാക്കാനുള്ള ഘട്ടം ഘട്ടമായ ശ്രമമാണ് നടത്തുന്നതെന്ന് ഖത്തർ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനും പ്രതികരിച്ചു. 59 വ്യക്തികളും ഖത്തറുമായി ബന്ധപ്പെട്ട 12 സംഘടനകളുമാണ് തീവ്രവാദ സഹായത്തിന് പണം നൽക്കുന്നതെന്ന് ഉയർത്തിക്കാട്ടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ഖത്തർ രാജകുടുംബാംഗങ്ങൾ, യൂസഫ് അൽ ഖറദാവി എന്നിവരും ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റിയടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഖത്തറിനു പുറമെ ബഹറൈനിലെ ഏതാനും സംഘടനകളും പട്ടികയിലുണ്ട്.

വിവിധ രാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനത്തിന് പണം നൽകുന്നതിലും സഖ്യരാജ്യങ്ങളുമായി നിരന്തരം കരാറുകൾ ലംഘിക്കുന്നതിലും ഉൾപ്പെട്ടതാണ് വ്യക്തികളും സംഘടനകളുമെന്ന് നാലു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ലോക രാജ്യങ്ങളുമായി തീവ്രവാദം ചെറുക്കുന്നതിൽ സഹകരണം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. ഈ നടപടിയിലൂടെ പ്രശ്‌ന പരിഹാര സാധ്യത അടഞ്ഞുവെന്നായിരുന്നു വിലയിരുത്തൽ. അതിനിടെയാണ് അമേരിക്ക നിലപാട് മാറ്റുന്നത്. ഇതോടെ പ്രശ്‌നപരിഹാരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP