Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് അമിത് ഷാ; മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്? എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ടെന്നും ഷാ; അവസരം നൽകിയാൽ കേരളം മികച്ച സംസ്ഥാനമാക്കാമെന്നും ദേശീയ അദ്ധ്യക്ഷൻ

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് അമിത് ഷാ; മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്? എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ടെന്നും ഷാ; അവസരം നൽകിയാൽ കേരളം മികച്ച സംസ്ഥാനമാക്കാമെന്നും ദേശീയ അദ്ധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ശബരിമല വിഷയം ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അമിത്ഷാ. സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം.

മഹാ സഖ്യം രാജ്യത്തിന് നല്ലതല്ല. മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ലെന്നും അധികാരത്തിനായി അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മഹാ സഖ്യമെന്നും അമിത് ഷാ ആരോപിച്ചു. കേരളത്തിൽ ബിജെപിക്ക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ ഇരുമുന്നണികളും ഭായ്- ഭായ് കൂട്ടുകെട്ടാണെന്നും അമിത് ഷാ ആരോപിച്ചു.വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുമെന്നും കേരളത്തിൽ നിന്നും എംപിമാർ ഉണ്ടാകണമെന്നും ഷാ.

മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്താണെന്നും വിധി ഒരു സമുദായത്തിന് മാത്രമാണോ ബാധകമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചോദിച്ചു. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനെതിരേ അമിത് ഷാ വിമർശനമുന്നയിച്ചത്.

'2000ത്തിലധികം ശബരിമല ഭക്തർ ജയിലിലാണ്. 30,000 ത്തിലധികം പേർ പല കേസുകളിലായി ജയിലിലാണ്. സുപ്രീം കോടതി വിധി പറഞ്ഞാണ് ഇത്രയും പേരെ ജയിലിട്ടിരിക്കുന്നത്. എന്നാൽ ഇതേ സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ട്', അമിത് ഷാ ചോദിച്ചു.

സുപ്രീം കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രമസമാധാന പാലനം നടത്തുന്ന സർക്കാരാണെങ്കിൽ ബാക്കി സുപ്രീം കോടതി വിധികൾ കൂടി നടപ്പിലാക്കണം എന്നും അമിത് ഷാ പറഞ്ഞു.

മുസ്ലിം പള്ളികൾ, ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ പുറത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തിൽ സ്ഥാപിക്കാൻ പാടില്ലയെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം ആ പരിസരത്ത് മാത്രം ഒതുങ്ങുന്ന രീതിയിൽ ക്രമീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തെയാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് എന്ന രീതിയിൽ അമിത് ഷാ പ്രസംഗിച്ചത്.

10 വർഷം ഭരിച്ച യുപിഎ സർക്കാർ കേരളത്തിന് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നും കേരളത്തിന് ബിജെപി നൽകിയത് എൻഡിഎ നൽകിയതിനേക്കാൾ നാലിരട്ടിയാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ വിശ്വാസികളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ കോടതി വിധിയുടെ പേരിൽ കേരള ജനതയെ സംസ്ഥാന സർക്കാർ വഞ്ചിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയിൽ പൊലീസ് വേഷത്തിൽ ഡിവൈഎഫ്‌ഐ ഗുണ്ടകളെ വിന്യസിച്ചു. ബംഗാളിന്റെയും ത്രിപുരയുടേയും അവസ്ഥയിലേക്കാണ് കേരളത്തെ സിപിഎം എത്തക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP