Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണസദ്യ ഉണ്ട് മാവേലി മടങ്ങുമ്പോഴേക്കും വരും അടുത്ത രാഷ്ട്രീയബലാബലത്തിനുള്ള കുറിമാനം; മുഴങ്ങും ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനകാഹളം സെപ്റ്റംബറിൽ; വോട്ടെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ? ആറിടത്തും ഒരേസമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ അത് കേരളചരിത്രപുസ്തകത്തിൽ ഇടംപിടിക്കും; വട്ടിയൂർക്കാവിലും പാലായിലുമൊക്കെ മത്സരം പൊടിപാറാൻ സമയം കുറിക്കും മുമ്പേ നെഞ്ചിടിപ്പോടെ മുന്നണികൾ

ഓണസദ്യ ഉണ്ട് മാവേലി മടങ്ങുമ്പോഴേക്കും വരും അടുത്ത രാഷ്ട്രീയബലാബലത്തിനുള്ള കുറിമാനം; മുഴങ്ങും ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനകാഹളം സെപ്റ്റംബറിൽ; വോട്ടെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ? ആറിടത്തും ഒരേസമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ അത് കേരളചരിത്രപുസ്തകത്തിൽ ഇടംപിടിക്കും; വട്ടിയൂർക്കാവിലും പാലായിലുമൊക്കെ മത്സരം പൊടിപാറാൻ സമയം കുറിക്കും മുമ്പേ നെഞ്ചിടിപ്പോടെ മുന്നണികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്നുമാസം തികയുമ്പോഴേക്കും വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നു. രാഷ്ട്രീയ ബലാബലത്തിന് കളമൊരുക്കി ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം അടുത്ത മാസം ഇറങ്ങും. ഓണം കൂടി മലയാളികൾ വരുമ്പോഴേക്കും വിജ്ഞാപനവും വന്നേക്കും. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പാലാ, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, അരൂർ എന്നീ മണ്ഡലങ്ങളാണ് അടുത്ത രാഷ്ട്രീയ ബലപരീക്ഷണത്തിനു വേദിയൊരുക്കുന്നത്. ലോക്‌സഭയിലേക്കു മത്സരിച്ച 9 എംഎൽഎമാരിൽ 4 പേർ ജയിച്ചു. യുഡിഎഫ് രംഗത്തിറക്കിയ കെ. മുരളീധരൻ (വടകര), ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (ആറ്റിങ്ങൽ) എന്നീ 3 പേരും ജയിച്ചപ്പോൾ ഇടതുമുന്നണിയുടെ 6 പേരിൽ കടന്നുകൂടിയത് എ.എം. ആരിഫ് (ആലപ്പുഴ) മാത്രം.

കെ.എം. മാണി, പി.ബി. അബ്ദുൽ റസാക്ക് എന്നിവരുടെ നിര്യാണത്തെത്തുടർന്നാണു പാലായിലും മഞ്ചേശ്വരത്തും ഒഴിവു വന്നത്. ആറിടത്തും ഒരുമിച്ചാണെങ്കിൽ ഇത്രയും ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതും കേരളത്തിൽ ആദ്യമാകും. 1979 മെയ്‌ 18ന് 4 നിയമസഭാമണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നതാണ് ഇതുവരെയുള്ള റെക്കോർഡ്. വട്ടിയൂർക്കാവും, കോന്നിയും എറണാകുളവും കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ആരൂർ സിപിഎമ്മിന്റെയും പാലാ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിങ് സീറ്റാണ്. മഞ്ചേശ്വരം മുസ്ലിം ലീഗിന്റെ സീറ്റും. നവംബറിൽ ഡൽഹി, ഹരിയാന, മഹാരാഷ്ട്ര. ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇവയ്‌ക്കൊപ്പം സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്താനും സാധ്യതയുണ്ട്. ചിലപ്പോൾ ഇത് ഒക്ടോബർ അവസാനം നടക്കാനും സാദ്ധ്യതയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊരിഞ്ഞ മത്സരത്തിന് കളമൊരുക്കാനാണ് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിച്ചത്. എൽഡിഎഫാണ് ഇതിന് തുടക്കമിട്ടത്. ഇതോടെ യുഡിഎഫും വിട്ടുകൊടുത്തില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ച 9 എംഎൽഎമാരിൽ 4പേരാണ് വിജയിച്ചത്. അരൂർ എംഎൽഎ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎൽഎ ഹൈബി ഈഡൻ എറണാകുളത്തും, കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും, വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ വടകരയിലുമാണ് വിജയിച്ചത്. പി.ബി.അബ്ദുൾ റസാഖിന്റെ മരണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും, കെ.എം.മാണിയുടെ മരണത്തെത്തുടർന്ന് പാലായിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ എംഎൽഎമാരെ മത്സരിപ്പിച്ചത് എൽഡിഎഫാണ്. 6 പേർ. ഇവരിൽ ആരിഫ് ഒഴികെയുള്ളവർ പരാജയപ്പെട്ടു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും, നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ തിരുവനന്തപുരത്തും, ആറന്മുള എംഎൽഎ വീണാജോർജ് പത്തനംതിട്ടയിലും, അരൂർ എംഎൽഎ ആരിഫ് ആലപ്പുഴയിലും, നിലമ്പൂർ എംഎൽഎ പി.വി.അൻവർ പൊന്നാനിയിലും, കോഴിക്കോട് നോർത്ത് എംഎൽഎ പ്രദീപ് കുമാർ കോഴിക്കോട് മണ്ഡലത്തിലും മത്സരിച്ചു.

മൂന്ന് എംഎൽഎമാരെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കിയത്. മൂന്നു പേരും വിജയിച്ചു. വടകരയിൽ സിപിഎം സ്ഥാനാർത്ഥി പി.ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.മുരളീധരനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. എറണാകുളത്ത് സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിനു പകരമായിട്ടാണ് എറണാകുളം എംഎൽഎ ഹൈബി ഈഡൻ മത്സരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവായിരുന്നു എതിരാളി. ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി എ.സമ്പത്തിനെതിരെ കോന്നി എംഎൽഎ അടൂർ പ്രകാശും മത്സരിച്ചു.

എൽ.ഡി.എഫ് എംഎ‍ൽഎമാരായ സി ദിവാകരൻ (നെടുമങ്ങാട്) തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാർ (അടൂർ) മാവേലിക്കരയിലും വീണാ ജോർജ് (ആറന്മുള) പത്തനംതിട്ടയിലും പി.വി.അൻവർ (നിലമ്പൂർ) പൊന്നാനിയിലും നിന്ന് പാർലമെന്റിലേക്ക് അങ്കം കുറിച്ചെങ്കിലും വിജയം കണ്ടില്ല. ആറ് നിയമസഭാ സീറ്റുകളിൽ കൈയിലുള്ള അഞ്ചെണ്ണവും നിലനിറുത്തുകയും എൽ.ഡി.എഫിൽ നിന്ന് ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്യുക യു.ഡി.എഫിന് അഭിമാനപ്രശ്‌നമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റമ്പിയത് മറക്കാൻ കൈയിലുള്ളത് പോകാതിരിക്കാൻ എൽഡിഎഫ് ശ്രദ്ധിക്കും. വട്ടിയൂർക്കാവിലൂടെയെങ്കിലും വീണ്ടും നിയമസഭയിൽ താമര വിരിയിക്കുക ബിജെപിക്കും അഭിമാന പോരാട്ടമാകും. അടുത്ത 18 മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടു വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണർന്നു കളിക്കണം എല്ലാവർക്കും.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്. 47 സീറ്റുകൾ മാത്രമാണ് തുടർ ഭരണം പ്രതിക്ഷിച്ച യുഡിഎഫിന് അന്ന് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP