Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാമൊതാരാൾ ഇടപെടേണ്ട കാര്യമില്ല; ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ചൈനയും; ഇരുരാജ്യങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങൾ ഉണ്ട്; ചർച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യം പ്രാപ്തമാണെന്നും ചൈന; ട്രംപിന്റെ ഇടപെടൽ ഇടങ്കോലിടൽ ആകുമെന്ന തിരിച്ചറിഞ്ഞ് അതിർത്തിയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യയും ചൈനയും ഒരുപോലെ രംഗത്ത്

മൂന്നാമൊതാരാൾ ഇടപെടേണ്ട കാര്യമില്ല; ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ചൈനയും; ഇരുരാജ്യങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങൾ ഉണ്ട്; ചർച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യം പ്രാപ്തമാണെന്നും ചൈന; ട്രംപിന്റെ ഇടപെടൽ ഇടങ്കോലിടൽ ആകുമെന്ന തിരിച്ചറിഞ്ഞ് അതിർത്തിയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യയും ചൈനയും ഒരുപോലെ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താൻ വീണ്ടും സന്നദ്ധത അറിയിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ചൈനയും തള്ളി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നോട്ടുവെച്ച ഓഫർ ചൈന തള്ളിയത്. നേരത്തെ അതിർത്തി പ്രശ്‌നം പരിഹിക്കാൻ മറ്റൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ചൈന നിയന്ത്രണരേഖയിൽ സൈനികരെ വിന്യസിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത വർധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഇടപെടൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താൻ തയ്യാറാണെന്ന് തുടർച്ചയായ ദിവസങ്ങളിലാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ഇന്ത്യ മറുപടി നൽകിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാനുമായുള്ള കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനും മധ്യസ്ഥ ശ്രമം നടത്താൻ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. ഇത് ഇന്ത്യ നിരസിച്ചതിന് പിന്നാലെയാണ് ചൈനയുമായുള്ള അതിർത്തി തർക്കത്തിലും മധ്യസ്ഥ ശ്രമം നടത്താൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത്. അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചർച്ചകൾ നടത്തിവരികയാണെന്ന നയതന്ത്ര ചാരുതയോടെയുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്.

ഇതിന് പിന്നാലെയാണ് അമേരിക്കൻ ഓഫർ തള്ളി കൊണ്ടുള്ള ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് പ്രത്യേകമായ സംവിധാനം നിലനിൽക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങൾ ഉണ്ട്. ചർച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യം പ്രാപ്തമാണെന്നും ചൈന അറിയിച്ചു. ഇതിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും അമേരിക്കയെ ഉദ്ദേശിച്ച് ചൈന വ്യക്തമാക്കി.

അതേസമയം ഇന്ത്യ ചൈന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിന്റെ വാദത്തെ എതിർത്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരുന്നു. മോദിയും ട്രംപുമായി അടുത്തിടെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് നിലവിൽ രൂക്ഷമായിരിക്കുന്നത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങൾ കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

അതേസമയം അമേരിക്കൻ ഇടപെടൽ തള്ളിക്കളയാൻ ചൈനയെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഹോങ്കോങ്ങ് വിഷയവും ഇതിനൊരു കാരണമാണ്. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും ഹോങ്കോങ്ങിലെ പുതിയ ക്രിമിനൽ നിയമത്തിനെതിര രംഗത്തെത്തിയിരുന്നു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്നും അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമെന്ന പദവിക്ക് ഇതിലൂടെ കോട്ടം തട്ടുമെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്. യു.എസ് പ്രസിഡന്റ് ട്രംപ് ചൈനയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ചൈന ഏറ്റെടുത്താൽ ഹോങ്കോങ് എങ്ങനെ വാണിജ്യ കേന്ദ്രമായി തുടരും എന്നത് കണ്ട് അറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പ്രസ്താവനയിൽ അറിയിച്ചു. നിയമം നടപ്പായാൽ ഹോങ്കോങ്ങ് പഴയ സ്വയംഭരണ പ്രദേശമായിരിക്കില്ലെന്നും ചൈനയുമായുള്ള വ്യാപാരബന്ധത്തിൽ അത് പലവിധ തടസ്സങ്ങളുണ്ടാക്കുമെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP