Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: ചില പാർട്ടികൾ പാക്കിസ്ഥാൻ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി; അമിത് ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് ഫെഡറൽ കമ്മീഷൻ നിലപാടിനെ വെല്ലുവിളിക്കാനൊരുങ്ങി മോദി സർക്കാർ; എന്തു വന്നാലും അമിത് ഷായുടെ ബിൽ രാജ്യസഭയിലും പാസാക്കാൻ ഉറച്ച് ബിജെപി; വെട്ടിലായി ശിവസേനയും

മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: ചില പാർട്ടികൾ പാക്കിസ്ഥാൻ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി; അമിത് ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് ഫെഡറൽ കമ്മീഷൻ നിലപാടിനെ വെല്ലുവിളിക്കാനൊരുങ്ങി മോദി സർക്കാർ; എന്തു വന്നാലും അമിത് ഷായുടെ ബിൽ രാജ്യസഭയിലും പാസാക്കാൻ ഉറച്ച് ബിജെപി; വെട്ടിലായി ശിവസേനയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ബില്ലിൽ ചില പാർട്ടികൾ പാക്കിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. സുരക്ഷിതമായ ഭൂരിപക്ഷത്തോടെ തന്നെ ബിൽ പാസാക്കുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു.

മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും. ചില പാർട്ടികൾ പാക്കിസ്ഥാൻ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നത്- മോദി പറഞ്ഞു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ കമ്മീഷനും രംഗത്തെത്തിയിരുന്നു. ബിൽ രാജ്യസഭയിലും പാസാക്കിയാൽ അമിത് ഷാക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പൗരത്വഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് ബിജെപി പാർലമെന്ററി യോഗം ചേർന്നത്. അതിന് ശേഷം ബിൽ രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ലോക്സഭയിൽ അനുകൂലിച്ച് വോട്ട് ചെയത ശിവസേന രാജ്യസഭയിൽ പിന്തുണക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ട് നിൽക്കാനാണ് ശിവസേനയുടെ തീരുമാനം.

രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാൽ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവർ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു. ഈ ബില്ലിൽ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. നിങ്ങളെ ചിലർ ഭയപ്പെടുത്താൻ നോക്കിയാൽ നിങ്ങൾ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന നരേന്ദ്ര മോദി സർക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1955-ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വർഷമായി ചുരുക്കും.

വീസ, പാസ്പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളിൽനിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് എൻട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാർഹമാണ്. മേൽപറഞ്ഞ ഗണത്തിൽപെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വർഷങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കി രാജ്യത്തു തുടരാൻ അനുവദിച്ചു. അവർക്കു പൗരത്വാവകാശം നൽകാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യൻ പൗരന്മാരുടെ ഒസിഐ രജിസ്റ്റ്രേഷൻ റദ്ദാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്കു ബിൽ ബാധകമാകില്ല. അരുണാചൽ, മിസോറം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ പെർമിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയിൽ വരില്ല. പൗരത്വ ഭേദഗതി ബിൽ നടപ്പിലാകുന്നതോടെ വിദേശികൾക്ക് സംസ്ഥാന സർക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യൻ പൗരത്വം നൽകുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്ട്രേട്ടോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സർക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇനി ക്ക് ഇന്ത്യൻ പൗരത്വം നൽകുകയുള്ളൂ.

2014-ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ. 2016 ജൂലൈ 19-നാണ് ആദ്യമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോർട്ട് നൽകിയത്. 2019 ജനുവരി എട്ടിനു ബിൽ ലോക്സഭ പാസാക്കി. എന്നാൽ രാജ്യസഭയിൽ പാസാക്കാതിരുന്ന സാഹചര്യത്തിൽ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബിൽ അസാധുവായി. വീണ്ടും ഡിസംബർ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകൾക്കു ലോക്‌സഭയിൽ പാസായ ബില്ലാണ് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP