Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠിക്കാൻ വരുന്നവരെ പഠിക്കാൻ അനുവദിക്കാതെ പകമൂത്ത് കത്തിയുടെ മൂർച്ച കൂട്ടുന്നവരെ പിടിച്ചുകെട്ടണം: യൂണിവേഴ്‌സിറ്റി കോളേജിൽ കൈപൊള്ളിയതോടെ എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം; ജാഗ്രത കാട്ടിയില്ലെങ്കിൽ ഇനി പാർട്ടിക്കാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മഹാരാജാസിൽ ആയുധശേഖരം കണ്ടെത്തിയപ്പോൾ വടിവാളോ ബോംബോ അല്ല വാർക്കക്കമ്പിയാണെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയും ഇനി മുഖം നോക്കാതെ നടപടിക്ക്

പഠിക്കാൻ വരുന്നവരെ പഠിക്കാൻ അനുവദിക്കാതെ പകമൂത്ത് കത്തിയുടെ മൂർച്ച കൂട്ടുന്നവരെ പിടിച്ചുകെട്ടണം: യൂണിവേഴ്‌സിറ്റി കോളേജിൽ കൈപൊള്ളിയതോടെ എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം; ജാഗ്രത കാട്ടിയില്ലെങ്കിൽ ഇനി പാർട്ടിക്കാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മഹാരാജാസിൽ ആയുധശേഖരം കണ്ടെത്തിയപ്പോൾ വടിവാളോ ബോംബോ അല്ല വാർക്കക്കമ്പിയാണെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയും ഇനി മുഖം നോക്കാതെ നടപടിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ അഖിലെന്ന വിദ്യാർത്ഥിയെ കുത്തി കൊല്ലാക്കൊല ചെയ്ത സംഭവത്തോടെ, സിപിഎമ്മിനും കൈപൊള്ളി. പാർട്ടി നാട് ഭരിക്കുമ്പോൾ, കാര്യങ്ങൾ കൈവിട്ടുപോയതിനെ കുറിച്ചുള്ള സ്വയംവിമർശനം തുടരുകയാണ്. ഏറ്റവുമൊടുവിൽ എസ്എഫ്‌ഐയിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതര വർഗബഹുജനസംഘടനകളിൽ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളിൽ ശക്തമായ തുടർ നടപടി സ്വീകരിക്കും.

ഈ പ്രശ്‌നത്തിന്റെ പേരിൽ എസ്.എഫ്.ഐക്കും സിപിഎമ്മിനുമെതിരെ വ്യാപകമായ അപവാദപ്രചാരണം നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശക്തമായ പ്രചാരണം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചുഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റിൽ തീരുമാനമായി.

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളിൽ എസ്എഫ്‌ഐക്കകത്തു നിന്നു തന്നെ ശക്തമായ എതിർപ്പാണ് ഉയർന്നു വന്നിട്ടുള്ളത്. മുൻകാലങ്ങളിൽ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റിൽ പ്രവർത്തിച്ചിട്ടുള്ളവരും സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയിട്ടുണ്ട്. കോളജിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടുന്നതിനോ വിദ്യാർത്ഥികളുടെ പൊതുസ്വീകാര്യത ഉറപ്പു വരുത്തി പ്രവർത്തിക്കുന്നതിനോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന കാര്യം സംസ്ഥാന കമ്മിറ്റി ശരിവച്ചിട്ടുണ്ട്. കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് പരാതി പറഞ്ഞ് വിദ്യാർത്ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായിട്ടും കൃത്യമായ ഇടപെടൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വമോ സിപിഎമ്മോ നടത്തിയിരുന്നില്ല. അഖിലിനെ കുത്തിയ സംഭവത്തിലാകട്ടെ, ആറുപേരെ അംഗത്വത്തിൽ നിന്നും പുറത്താക്കിയാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്.

എസ്എഫ്‌ഐക്ക മേധാവിത്വമുള്ള കോളജുകളിൽ, ഏകാധിപത്യമാണെന്ന വിമർശനവും സിപിഎം ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത് പരസ്യമായി അംഗീകരിക്കാൻ തയ്യാറല്ല. എസ്എഫ്ഐയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാർത്താപ്രളയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് കോടിയേരി വിമർശിച്ചു. മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി.ഭാസ്‌കർ എസ്എഫ്ഐക്കെതിരെ നടത്തിയ പ്രസ്താവനയെയും കോടിയേരി ചോദ്യം ചെയ്തു.

ഏതാനും വർഷങ്ങൾക്കുമുമ്പ് എ.കെ.ജി. സെന്ററിൽ നിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണൻ 'താണ്ഡവമാടി'യതായി ബി.ആർ.പി.ഭാസ്‌കർ എഴുതിയിരുന്നു. ഇതിനെതിരെയാണ് കോടിയേരി പ്രതികരിച്ചത്. ആ കാലത്ത്, യൂണിവേഴ്സിറ്റി കോളേജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളേജിലെ പൂർവ വിദ്യാർത്ഥികളായ, മലയാളത്തിന്റെ മഹാകവി ഒ.എൻ.വി. കുറുപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.

എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, സിപിഎമ്മിന്റെ പോഷക സംഘടനയാണ് എന്ന ബി.ആർ.പി.യുടെ പരാമർശത്തെയും കോടിയേരി എതിർത്തു. എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന വസ്തുത ആവർത്തിച്ച് പറയുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൊഴിലാളി സംഘടനയായ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ പോഷക സംഘടനയല്ലെന്നും സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.

''വിദ്യാർത്ഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഎം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാ വിദ്യാർത്ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഎം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ്എഫ്ഐ നേതൃത്വം. ആ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ പഴയ യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി.ആർ.പി. ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാർക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങൾക്കുള്ള മറുപടി വിദ്യാർത്ഥികൾ തന്നെ നൽകുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്എഫ്ഐയുടെ ശുഭ്രപതാകകൾ ഒറ്റുകാർക്കും നുണപ്രചാരകർക്കുമുള്ള മറുപടിയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല'' കോടിയേരി പറഞ്ഞു.

രണ്ടുവർഷം മുമ്പ് എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമായ മഹാരാജാസിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത് വൻവിവാദമായിരുന്നു. ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയതിനെ തുടർന്ന് ആയുധനിയമപ്രകാരം പൊലീസ കേസെടുത്തിരുന്നു. കൃഷിക്കോ, ഗാർഹികാവശ്യത്തിനോ ഉപയോഗിക്കാത്ത ആയുധങ്ങളാണ് കണ്ടെത്തിയതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതിനു വിരുദ്ധമായാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്. പ്രിൻസിപ്പലിന് അനുകൂലമായി ഒരു കൂട്ടം മാധ്യമപ്രവർത്തകരും പൊലീസും ഗുഢവേല ചെയ്യുന്നത് മഹാരാജാസിലെ കഴിഞ്ഞ ഒരുവർഷമായി നടക്കുന്ന സംഭവങ്ങളിൽ വ്യക്തമാണ്. ആ സംഭവങ്ങൾ വളർന്ന് ഒടുവിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.

ആയുധം സംഭരിച്ചത് എസ്എഫ്ഐയാണ് എന്നു വരുത്തിതീർക്കാനും പ്രിൻസിപ്പലിന് സാധിച്ചിട്ടുണ്ട്.വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന വാർക്ക കമ്പിയാണ് കണ്ടെത്തിയതെന്നുമാണ് പിണറായി നിയമസഭയിൽ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.മഹാരാജാസ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് പി.ടി തോമസ് അന്ന് നിയമസഭയിൽ പറഞ്ഞത്. ഇന്നിപ്പോൾ യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സിപിഎം തന്നെ കുറ്റസ്സമ്മതം നടത്തിയിരികകുന്നു. എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയിരിക്കുന്നു. പഠിക്കാനെന്ന് പറഞ്ഞ് കോളേജിൽ വന്നിട്ട് ക്ലാസിൽ കയറാതെ ക്യാമ്പസിൽ കറങ്ങി നടന്ന് പകവീട്ടാൻ കത്തിക്ക് മൂർച്ച കൂട്ടുന്നവരെ വളർത്തുന്ന സംഘടനയായി എസ്എഫ്‌ഐ മാറിയിരിക്കുന്നു. തിരുത്താനുള്ള സമയം അതിക്രമിച്ചപ്പോഴാണ് ജാഗ്രത് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്.

അതേസമയം, എസ്.എഫ്.ഐക്കെതിരെ യൂണിവേഴ്‌സിറ്റി കോളജിൽ വിമത ശബ്ദമയുർത്തിയവർ ബാഹ്യ ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും വിധേയരായി എസ് എഫ് ഐക്ക് കീഴടങ്ങിയ സംഭവം കാര്യങ്ങൾ അത്രഎളുപ്പത്തിൽ നന്നാവില്ലെന്നതിന്റെ സൂചന കൂടിയാണ്. അഖിലിനെ ആക്രമിച്ച കേസിൽ ഒത്തുതീർപ്പാക്കാൻ സ്ഥാനമാനങ്ങൾ നൽകി വിമതരുമായി ധാരണയിലെത്തിരിക്കുകയാണ്. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തിൽ അഖിൽ വധശ്രമക്കേസിലെ വാദി ഉമൈറിനെ ഉൾപ്പടെ എസ് എഫ് ഐ പങ്കെടുപ്പിച്ചതാണ് ഇതിന്റെ തെളിവ്. എസ്എഫ്‌ഐയുടെ ഗൂണ്ടായിസത്തിനെതിരെ ശബ്ദമുയർത്തിയ ഉമൈർ തന്നെയാണ് ഇന്ന് സംഘടനയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ തെരുവിലിറങ്ങിയത്. ഏതായാലും സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ച കാര്യങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് എന് സമീപനം സ്വീകരിക്കാതെ വയ്യ. അതല്ലെങ്കിൽ യൂണിവേഴിസ്റ്റി കോളേജിൽ കണ്ടത് പോലുള്ള പ്രതിഷേധങ്ങൾ എസ്എഫ്‌ഐക്ക് നേരിടേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP