Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു വേണ്ടി പ്രവർത്തിച്ച രണ്ട് പാക് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; ഇരുവരും പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തികളിൽ ഇടപെട്ടുവെന്ന് വിശദീകരണം; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുറത്താക്കാൻ പാക്കിസ്ഥാനും; ചൈനയും നേപ്പാളും ഇടയുന്നത് മനസ്സിലാക്കി പാക് നീക്കം; അതിർത്തികളെല്ലാം സംഘർഷ ഭരിതമാകും

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു വേണ്ടി പ്രവർത്തിച്ച രണ്ട് പാക് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; ഇരുവരും പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തികളിൽ ഇടപെട്ടുവെന്ന് വിശദീകരണം; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുറത്താക്കാൻ പാക്കിസ്ഥാനും; ചൈനയും നേപ്പാളും ഇടയുന്നത് മനസ്സിലാക്കി പാക് നീക്കം; അതിർത്തികളെല്ലാം സംഘർഷ ഭരിതമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയും നേപ്പാളുമായി ഇന്ത്യ പ്രശനത്തിലാണ്. അതിർത്തി തർക്കങ്ങളിൽ ഇരു അയൽരാജ്യങ്ങളും ഇന്ത്യയോട് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ചൈനയുടെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് കാരണം. അതിനിടെ പാക്കിസ്ഥാനും ഇന്ത്യയ്‌ക്കെതിരെ തിരിയുകയാണ്. ഇന്ത്യയിൽ ചാര പ്രവർത്തനം നടത്തുകയാണ് പാക് ഉദ്യോഗസ്ഥർ. ചാരവൃത്തിയിൽ ഉൾപ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് എത്തി കഴിഞ്ഞു.

വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇത് ഏറ്റുമുട്ടലിന്റെ പുതിയ പ്രശ്‌നങ്ങളുണ്ടാക്കും. അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിന് തയ്യാറായി തീവ്രവാദികൾ നിൽക്കുന്നുണ്ട്. നിയന്ത്രണ രേഖയിൽ സംഘർഷം എപ്പോൾ വേണമെങ്കിലും പൊട്ടിപുറപ്പെടാം. ഇതിനിടെയാണ് പുതിയ പ്രശ്‌നമെത്തുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കമുണ്ടാകുമ്പോൾ പാക്കിസ്ഥാൻ അനാവശ്യ പ്രകോപനം സൃഷ്ടിക്കും. പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിലുള്ളവരേയും അവർ പുറത്താക്കും. അങ്ങനെ വിവാദം കൊഴുപ്പിക്കും.

'നയതന്ത്ര ദൗത്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സർക്കാർ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു' എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിരുന്ന ഇവർ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു (ഐഎസ്‌ഐ) വേണ്ടി പ്രവർത്തിച്ചെന്നാണ് ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലിന്റെ കണ്ടെത്തൽ.

ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പാക്കിസ്ഥാന് വലിയ നാണക്കേടാണ്. നുഴഞ്ഞു കയറ്റം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇവരുടെ ചാര പ്രവർത്തനമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്ത്യ കടുത്ത നടപടികൾ എടുത്തത്. എന്നാൽ ഇതിനെതിരെ ചൈനീസ് പക്ഷത്തേക്ക് ചേർന്ന് തിരിച്ചടിക്കാണ് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യൻ എംബിസിയിലുള്ളവർ എല്ലാം ഭീതിയിലാണ്.

മുമ്പും ഇന്ത്യയിലെ ചാര പ്രവർത്തനം കണ്ടെത്തുമ്പോൾ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കള്ളക്കേസിൽ കുടുക്കുന്നത് പാക് ശീലമാണ്. ഇന്ത്യയ്‌ക്കെതിരെ ചൈന ഉയർത്തുന്ന ഭീഷണി തിരിച്ചറിഞ്ഞാണ് പാക് നീക്കങ്ങൾ. ഇന്ത്യാ- ചൈനാ അതിർത്തി തർക്കം രൂക്ഷമായ ലഡാക്കിൽ കൂടുതൽ ആയുധങ്ങൾ എത്തിച്ച് സൈന്യം മുൻകരുതലുകൾ എടുക്കുന്നുണ്ട്.

പീരങ്കികൾ ഉൾപ്പെടെയുള്ള വലിയ ആയുധ സന്നാഹങ്ങളും വാഹനങ്ങളുമാണ് ഇന്ത്യൻ സൈന്യം ലഡാക്കിലെ സംഘർഷ മേഖലകൾക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ 25 ദിവസമായി ഇരുരാജ്യങ്ങളിലേയും സേനകൾ തമ്മിൽ മുഖാമുഖം നിൽക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയുടെ നീക്കം നിർണായകമാണ്. ഇതിനിടെയാണ് പാക്കിസ്ഥാനും ഇന്ത്യയുമായുള്ള പുതിയ നയതന്ത്ര പ്രശ്‌നം.

അതേസമയം ലഡാക്കിന് സമീപം ചൈന വലിയ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. ഏകദേശം 2,500 സൈനികരെയും പീരങ്കികൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ചൈന അവിടേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യം ലഡാക്കിൽ കരുത്ത് വർധിപ്പിച്ചിരിക്കുന്നത്. നയതന്ത്ര തലത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി ഓരോ ദിവസങ്ങളായി വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മേഖലയിൽ വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പാക്കിസ്ഥാനും പ്രശ്‌നങ്ങൾക്ക് വരുന്നത്.

പാംഗോങ് സൊ തടാകം, ഗൽവാൻ താഴ്‌വര എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ ചില മേഖലകളിലാണ് ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ താത്കാലിക നിർമ്മിതികളും ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

എത്ര വലിയ സമ്മർദ്ദമുണ്ടായാലും മേഖലയിലെ പഴയ അവസ്ഥയിലേക്ക് ചൈനീസ് സൈന്യം പിന്മാറാതെ തങ്ങൾ ഒരുചുവടുപോലും പിന്നോട്ട് വെക്കില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 73 ദിവസം നീണ്ടുനിന്ന ദോക്ലാം സംഘർഷത്തിനെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP