Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണ്ണാടകയിൽ ചിരിക്കുന്നത് യദ്യൂരിയപ്പ തന്നെ; ഉപതെരഞ്ഞെടുപ്പിൽ 15ൽ 12 ഇടത്തും മുന്നിലുള്ളത് താമര ചിഹ്നത്തിൽ മത്സരിച്ച വിമതർ; ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന സൂചനയുമായി ഫലങ്ങൾ; കോൺഗ്രസ് രണ്ട് സീറ്റിൽ നേടിയപ്പോൾ ജെ.ഡി.എസിന് കനത്ത തീരിച്ചടി; എട്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇറങ്ങിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് നൽകുന്നത് വമ്പൻ നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപി ഭരണം തുടരും

കർണ്ണാടകയിൽ ചിരിക്കുന്നത് യദ്യൂരിയപ്പ തന്നെ; ഉപതെരഞ്ഞെടുപ്പിൽ 15ൽ 12 ഇടത്തും മുന്നിലുള്ളത് താമര ചിഹ്നത്തിൽ മത്സരിച്ച വിമതർ; ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന സൂചനയുമായി  ഫലങ്ങൾ; കോൺഗ്രസ് രണ്ട് സീറ്റിൽ നേടിയപ്പോൾ ജെ.ഡി.എസിന് കനത്ത തീരിച്ചടി;  എട്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇറങ്ങിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് നൽകുന്നത് വമ്പൻ നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപി ഭരണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കർണ്ണാടകയിൽ ബിജെപി ഭരണത്തിൽ തുടരുമെന്ന് വ്യക്തമാക്കി ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ.. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 12 സീറ്റുകളിൽ ബിജെപി മുന്നിലാണ്. നാല് സീറ്റിൽ വിജയിച്ചു. 8 ഇടത്ത് ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ടിടത്ത് ലീഡ് നിലനിർത്തുമ്പോൾ ജെഡിഎസ് ഒരിടത്തും മുന്നിലില്ല. ഹൊസ്‌കോട്ടെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ റിബൽ സ്ഥാനാർത്ഥിയായ ശരത് ബിജെപി എംപിയായ ബി.എൻ. ബച്ചെ ഗൗഡയുടെ മകനാണ്. കഴിഞ്ഞ തവണ വിജയിച്ച 9 സീറ്റുകളിൽ കോൺഗ്രസ് പിന്നിലാണ്.

രാജ്യം ഉറ്റുനോക്കുന്ന കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഉച്ചയോടെ പുറത്തുവരും. ഇതോടെ കർണ്ണാടകയുടെ ഭാവി ഇന്ന് വ്യക്തമാകും. നാല് മാസം മാത്രം പ്രായമുള്ള ബി.എസ്. യെദ്യൂരപ്പ സർക്കാരിന് ഭരണം നിലനിർത്തണമെങ്കിൽ ആറ് സീറ്റുകളിലെങ്കിലും ജയിക്കണം. 225 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്. അതായത് ആറിടത്ത് ജയിച്ചാൽ യെദ്യൂരപ്പയ്ക്ക് ചിരിക്കാനാകും. ഇല്ലാത്ത പക്ഷം അധികാരം ഒഴിയലും. അതിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഫലവും പുറത്തു വരുന്നത്.

ഉത്തരേന്ത്യൻ പാർട്ടിയാണ് ബിജെപിയെന്നാണ് വിലയിരുത്തൽ. ഉത്തരേന്ത്യയിലെ പ്രകടന മികവിലാണ് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത്. ദക്ഷിണേന്ത്യയിൽ കർണ്ണാടകയിൽ മാത്രമാണ് ബിജെപിയുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഭരണം നേടാൻ ആവനാഴിയിലെ എല്ലാ അമ്പുകളും ബിജെപി പുറത്തെടുത്തു. അതിന്റെ ഫലമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇവിടെ വിജയിക്കുമ്പോൾ ദക്ഷിണേന്ത്യയിലും ബിജെപിക്ക് ഭരണത്തിൽ ഒരു സംസ്ഥാനത്തെങ്കിലും തുടരാൻ കഴിയുന്നു. ജാതി സമവാക്യങ്ങൾ എല്ലാം ബിജെപിക്ക് വീണ്ടും കർണ്ണാടകയിൽ അനുകൂലമാകുന്നുവെന്നതാണ് ശ്രദ്ധേയം.

17 സീറ്റുകളിലേക്കാണ് ഒഴിവ് വന്നിരുന്നതെങ്കിലും കർണാടക ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ മുസ്‌കി, ആർ.ആർ നഗർ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളും കോൺഗ്രസിന്റേയും ജെഡിഎസിന്റേയും ആണ്. അതുകൊണ്ട് ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടാകുന്നത്. ബിജെപിയും കോൺഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രാജിവെച്ച കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബിജെപി. 13 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കിയത്. കോൺഗ്രസും ജെഡിഎസും മത്സരിക്കുന്നിടത്ത് വോട്ട് ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചുവെന്ന് വേണം വിലയിരുത്താൻ.

ഡിസംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. 15 മണ്ഡലങ്ങളിൽ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉൾപ്പടെ 38 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. 126 സ്വതന്ത്രരും ഒമ്പത് വനിതകളുമുൾപ്പെടെ 165 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എംഎൽഎ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒൻപതു മുതൽ 12 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനം.

കോൺഗ്രസ് മൂന്ന് മുതൽ ആറ് വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ജെ ഡി എസിന് ഒരു സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ബിജെപി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP