Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസഫും ജോസ് കെ മാണിയും വിപ്പു നൽകി; കോൺഗ്രസ് ആർക്കൊപ്പമാണെന്ന് ആർക്കും അറിയില്ല; മുൻ ധാരണ പ്രകാരം കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞു കേരളാ കോൺഗ്രസിന് നൽകിയപ്പോൾ രണ്ട് സ്ഥാനാർത്ഥികളും പിടിവലിയുമായി രംഗത്ത്; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോൾ മണ്ണും ചാരിനിന്ന സിപിഎം പദവി കൊണ്ടുപോകുമോ എന്നു ആശങ്കപ്പെട്ട് പ്രവർത്തകർ

ജോസഫും ജോസ് കെ മാണിയും വിപ്പു നൽകി; കോൺഗ്രസ് ആർക്കൊപ്പമാണെന്ന് ആർക്കും അറിയില്ല; മുൻ ധാരണ പ്രകാരം കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞു കേരളാ കോൺഗ്രസിന് നൽകിയപ്പോൾ രണ്ട് സ്ഥാനാർത്ഥികളും പിടിവലിയുമായി രംഗത്ത്; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോൾ മണ്ണും ചാരിനിന്ന സിപിഎം പദവി കൊണ്ടുപോകുമോ എന്നു ആശങ്കപ്പെട്ട് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിൽ വടംവലി. കോൺഗ്രസിൽ നിന്നും പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ വേണ്ടി ജോസ് കെ മാണിയും പി ജെ ജോസഫും രണ്ട് വഴിക്ക് നീങ്ങുന്നതാണ് യുഡിഎഫിനെ വെട്ടിലാക്കുന്നത്. വെവ്വേറെ സ്ഥാനാർത്ഥികളുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും മത്സരരംഗത്ത് എത്തിയതോടെ സിപിഎം അധികാരം കൊണ്ടുപോകുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

സ്ഥാനാർത്ഥി സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. വിപ്പ് നൽകാനുള്ള അധികാരം സംബന്ധിച്ച വ്യക്തതയ്ക്കായി ഇരുവിഭാഗങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ ബന്ധപ്പെട്ടെങ്കിലും പാർട്ടി ഭരണഘടന അനുസരിച്ചു തീരുമാനം എടുക്കാൻ നിർദ്ദേശം നൽകി.

രണ്ടു കൂട്ടർക്കും അനുകൂലമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വി. ഭാസ്‌കരൻ വ്യക്തമാക്കി. വിപ്പ് നൽകൽ അവകാശം തനിക്കാണെന്ന് അറിയിച്ചുള്ള പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും കത്തു കിട്ടിയിരുന്നു. പ്രശ്‌നത്തിൽ ഇപ്പോൾ കമ്മിഷന് ഇടപെടാനാകില്ല. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേസ് വരുമ്പോൾ പാർട്ടിയുടെ ഭരണഘടനയും പഞ്ചായത്ത്രാജ് നിയമവും പരിശോധിച്ച് ഉചിതമായ വിധി പുറപ്പെടുവിക്കുമെന്നും കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം തങ്ങൾക്ക് അനുകൂലമാണെന്ന് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും അവകാശം ഉന്നയിച്ചു.

ഇന്നു രാവിലെ 8.30നു ജില്ലാ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഇന്നലെ രാത്രിയും തുടർന്നു.

സെബാസ്റ്റ്യൻ കുളത്തുങ്കലാണു ജോസ് കെ. മാണി വിഭാഗം സ്ഥാനാർത്ഥി. അജിത് മുതിരമലയാണു ജോസഫ് വിഭാഗം മുന്നിൽ നിർത്തുന്ന സ്ഥാനാർത്ഥി. സെബാസ്റ്റ്യൻ കുളത്തുങ്കലിനായി ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റിന്റെ പേരിൽ വിപ്പ് നൽകിയിരുന്നു. എന്നാൽ, വിപ്പ് നൽകാൻ ജില്ലാ പ്രസിഡന്റിനുള്ള അധികാരം തിരിച്ചെടുത്ത വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഇന്നലെ പുതിയ വിപ്പ് നൽകി. അംഗങ്ങളുടെ വീടിനു മുന്നിൽ ജോസഫ് വിഭാഗം വിപ്പ് പതിപ്പിച്ചു.

ജില്ലാ പഞ്ചായത്തിലെ 6 അംഗങ്ങളിൽ 5 പേർ തങ്ങൾക്കൊപ്പമുണ്ടെന്നു ജോസ് കെ. മാണി വിഭാഗവും 3 പേർ തങ്ങൾക്കൊപ്പമുണ്ടെന്നു ജോസഫ് വിഭാഗവും അവകാശപ്പെടുന്നു. അംഗങ്ങളെ തങ്ങളുടെ ഭാഗത്തേക്കു മാറ്റാൻ ഇന്നലെയും ശക്തമായ ചരടുവലികളാണു നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിപ്പ് നൽകാനുള്ള അധികാരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരിൽ നിന്നു തിരിച്ചെടുത്തതായി വെള്ളിയാഴ്ച വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചിരുന്നു.

22 അംഗളുള്ള ജില്ല പഞ്ചായത്തിൽ കോൺഗ്രസിന്റെ 8 പേരും കേരള കോൺഗ്രസിന്റെ 6 പേരും ചേർന്നാണ് ഭരണം നടത്തുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം അടുത്ത ഒന്നരവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനാണ്. കേരളാ കോൺഗ്രസ് അംഗങ്ങളിൽ അഞ്ച് പേരും ജോസ് കെ മാണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷമുള്ള ഇവർക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാം. അങ്ങനെ ചെയ്താലും അവരെ അയോഗ്യരാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലും ജോസഫ് വിപ്പ് നൽകിയത് പാർട്ടിയിലെ അധികാരം ഉറപ്പിക്കാനാണ്. ആറു പേരിൽ അഞ്ചു പേരും ജോസഫിന് എതിരായിട്ടും വിപ്പ് നൽകിയത് യുഡിഎഫിനേയും വെട്ടിലാക്കുന്നുണ്ട്. ജോസഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോ ജോസ് കെ മാണിക്കൊപ്പം നിൽക്കണോ എന്നതാണ് യുഡിഎഫ് ചർച്ച ചെയ്യുന്ന പ്രധാന വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP