Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധാകരന്റെ വിരട്ടലിൽ കൊടിക്കുന്നിലും രക്ഷപ്പെട്ടപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം രണ്ടിൽ തന്നെ നിന്നു; വർക്കിങ് പ്രസിഡന്റാവാൻ ഇരുന്നവരെല്ലാം വൈസ് പ്രസിഡന്റായപ്പോൾ എണ്ണം കുതിച്ചത് 12 ലേക്ക്; ജനറൽ സെക്രട്ടറിമാർ 34 ആയതോടെ പ്രഖ്യാപിക്കാനിരിക്കുന്ന സെക്രട്ടറിമാരുടെ എണ്ണം ഓർത്ത് ഭയന്ന് പ്രവർത്തകർ; സ്ത്രീ-മുസ്ലിം പ്രാതിനിധ്യം കുറഞ്ഞുപോയതിൽ ആക്ഷേപം തുടരുന്നു; ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും തലവേദന തീരാതെ കെപിസിസി

സുധാകരന്റെ വിരട്ടലിൽ കൊടിക്കുന്നിലും രക്ഷപ്പെട്ടപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം രണ്ടിൽ തന്നെ നിന്നു; വർക്കിങ് പ്രസിഡന്റാവാൻ ഇരുന്നവരെല്ലാം വൈസ് പ്രസിഡന്റായപ്പോൾ എണ്ണം കുതിച്ചത് 12 ലേക്ക്; ജനറൽ സെക്രട്ടറിമാർ 34 ആയതോടെ പ്രഖ്യാപിക്കാനിരിക്കുന്ന സെക്രട്ടറിമാരുടെ എണ്ണം ഓർത്ത് ഭയന്ന് പ്രവർത്തകർ; സ്ത്രീ-മുസ്ലിം പ്രാതിനിധ്യം കുറഞ്ഞുപോയതിൽ ആക്ഷേപം തുടരുന്നു; ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും തലവേദന തീരാതെ കെപിസിസി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളം പോലെയൊരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് സോണിയ ഗാന്ധി അത്ഭുതപ്പെട്ടുകാണണം. അത്ഭുതപ്പെട്ടുവെന്നുമാത്രമല്ല, എണ്ണം കുറച്ചേ മതിയാവൂ എന്ന് നിലപാടും കടുപ്പിച്ചു. വർക്കിങ് പ്രസിഡന്റുമാരായി ആറു പേരെയാണ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത്. ഹൈക്കമാൻഡ് മുഖം കറുപ്പിച്ചതോടെ, പുതിയ വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഒഴിവാക്കിയാണ് വെള്ളിയാഴ്ച കെപിസിസി പട്ടിക പ്രഖ്യാപിച്ചത്. പാർട്ടി അദ്ധ്യക്ഷൻ മാറാതെ എന്തിനാണ് വർക്കിങ് പ്രസിഡന്റുമാർ മാറുന്നത് എന്ന് കെ.സുധാകരനും, കൊടിക്കുന്നിലും ചോദിച്ചു മാറാതെ നിന്നതോടെ പുതിയവർ തത്കാലം വേണ്ടെന്നായി. വേണമെങ്കിൽ സോണിയ പിന്നീട് പ്രഖ്യാപിക്കട്ടെ എന്നുമായി. ഇതോടെ, വർക്കിങ് പ്രസിഡന്റാവാൻ ഉടുപ്പ് തയ്‌പ്പിച്ചവർക്കെല്ലാം വൈസ്പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഒരാൾക്ക് ഒരുപദവി എന്ന നയമൊക്കെ പേരിന് നടപ്പാക്കിയെങ്കിലും എംപിമാരായ കെ.സുധാകരനും കൊടിക്കുന്നിലിനും തുടരാം. എന്നാൽ വർക്കിങ് പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്ന പി.സി.വിഷ്ണുനാഥിനും ടി.സിദ്ദിഖിനും വൈസ് പ്രസിഡന്റ് പദവി മാത്രവും. ഹൈക്കമാൻഡ് പ്രതിനിധിയായി കെ.വി. തോമസ് പരിഗണിക്കപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. സംസ്ഥാന നേതൃത്വം ശുപാർശ ചെയ്തിരുന്ന വി.ഡി. സതീശൻ എംഎൽഎ ഇരട്ടപ്പദവി വേണ്ടെന്നു വ്യക്തമാക്കി സ്വയം ഒഴിഞ്ഞു. വൈസ് പ്രസിഡന്റുമാരായി പരിഗണിക്കപ്പെട്ട ടി.എൻ. പ്രതാപൻ, അടൂർ പ്രകാശ്, വി എസ്. ശിവകുമാർ, എ.പി. അനിൽകുമാർ എന്നിവർ പദവി വേണ്ടെന്ന് പറഞ്ഞതും കാര്യങ്ങൾ എളുപ്പമാക്കി.

ട്രഷറർ, 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ടതാണു പട്ടിക. സെക്രട്ടറിമാർ, നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ പട്ടിക ഫെബ്രുവരി 10നു മുൻപ് പുറത്തിറക്കുമെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചത്. നിലവിലുള്ള 94 പേരുടെ സെക്രട്ടറിപ്പട്ടിക 50 എങ്കിലും ആക്കാനാണ് ശ്രമം. എല്ലാ ഗ്രൂപ്പുകൾക്കും വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയ പട്ടികയാണെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ആശിച്ചത് കിട്ടാത്തവർക്ക് നിരാശയില്ലാതിരിക്കുമോ?

നാലുവീതം വൈസ് പ്രസിഡന്റുമാരെ പങ്കിട്ട് എ, ഐ ഗ്രൂപ്പുകൾ മത്സരത്തിൽ തുല്യനില പാലിച്ചു. വിഷ്ണുനാഥും, സിദ്ദിഖും പത്മജാ വേണുഗോപാലും വൈസ് പ്രസിഡന്റുമാരാണ്. കെപിസിസി. അധ്യക്ഷന്റെയും ഹൈക്കമാൻഡിന്റെയും താത്പര്യത്തിൽ നാലുപേരെയും ഉൾപ്പെടുത്തി. ജനറൽ സെക്രട്ടറിമാരിൽ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കാത്ത എട്ടോളം പേരും ഉൾപ്പെട്ടു. മുല്ലപ്പള്ളി പ്രസിഡന്റായ ശേഷം ഭാരവാഹികളുടെ പട്ടിക പുറത്തുവരുന്നത് ആദ്യമാണ്. ഒരാൾക്ക് ഒരുപദവി എന്ന മുല്ലപ്പള്ളിയുടെ നയത്തെ ഹൈക്കമാൻഡ് തുണച്ചതിന്റെ ഫലം പട്ടികയിൽ കാണാനുണ്ടെങ്കിലും പൂർണമായി വിജയിച്ചെന്ന് പറയാൻ വയ്യ.

എംപിമാരെയും എംഎൽഎമാരെയും മുല്ലപ്പള്ളിയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയെങ്കിലും( കൊടിക്കുന്നിലും സുധാകരനും ഒഴിച്ച്) ആകെ മൂന്നു വനിതകൾ മാത്രമാണ് പട്ടികയിൽ ഉള്ളത്. കെ.സി.റോസക്കുട്ടി, പത്മജ വേണുഗോപാൽ, ഡി.സോന. ഇതിൽ ആദ്യത്തെ രണ്ടുപേരും വൈസ് പ്രസിഡന്റുമാരും സോന ജനറൽ സെക്രട്ടറിയുമാണ്.

125 പേരടങ്ങിയ ഒറിജനൽ ജംബോ പട്ടികയാണ് വെട്ടിച്ചുരുക്കി 47 ആക്കിയത്. ആദ്യ പട്ടികയിൽ ആറ് വർക്കിങ് പ്രസിഡന്റുമാരും, 13 വൈസ് പ്രസിഡന്റുമാരും, 36 ജനറൽ സെക്രട്ടറിമാകും 70 സെക്രട്ടറുമാരും ഉണ്ടായിരുന്നു. എന്നാൽ പുതിയ പട്ടിക ചെറുതെന്ന് പറയാൻ വയ്യ. സെക്രട്ടറിമാരുടെ പേരുകൾ ഇനിയും പ്രഖ്യാപിക്കാൻ ഇരിക്കുന്നതേയുള്ളു. ഗ്രൂപ്പ് അനുപാതമൊക്കെ പാലിച്ചുവരുമ്പോൾ പട്ടിക ഇനിയും വലുതാകും.

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായപ്പോവാണ് വൈസ് പ്രസിഡന്റിന്റെ മുകളിൽ വർക്കിങ് പ്രസിഡന്റുമാരെ കൊണ്ടുവന്നത്. കൊടിക്കുന്നിലും എം.ഐ.ഷാനവാസുമായിരുന്നു ആദ്യ വർക്കിങ് പ്രസിഡന്റുമാർ. ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു തീരുമാനമായിരുന്നു വർക്കിങ് പ്രസിഡന്റ് പദവിയും. മുല്ലപ്പള്ളിയുടെ ആഗ്രഹത്തിന് വിരുദ്ധമായി തയ്യാറാക്കിയ ജംബോ പട്ടികയിൽ ആറ് വർക്കിങ് പ്രസിഡന്റുമാർ ഉണ്ടായിരുന്നു. ഏതായാലും അത് രണ്ടായി നിലനിർത്താൻ കഴിഞ്ഞത് മുല്ലപ്പള്ളിയുടെ വിജയമായി കരുതാം. ആറ് വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി ലിസ്റ്റിൽ പെട്ടിരുന്ന കെ.വി.തോമസിന് നഷ്ടം മാത്രം. പാർട്ടി ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നും ഇപ്പോൾ ഇല്ലാത്തത് തോമസിനെ വിഷമിപ്പിക്കുമെന്ന് ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP