Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രൂപ്പ് വൈരം മറന്ന് നേതാക്കൾ കുമ്മനത്തിന് വേണ്ടി ഒരുമിച്ചതോടെ പിന്തുണയ്ക്കാൻ നിവർത്തിയില്ലാതെ സ്ഥാനാർത്ഥി മോഹിയായ ശ്രീധരൻ പിള്ളയും; കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ ഒരുമിച്ചു ദേശീയ നേതൃത്വത്തെ കാണും; തിരുവനന്തപുരത്ത് മത്സരിക്കാൻ കണ്ണുള്ള സംസ്ഥാന പ്രസിഡന്റ് ആദ്യം നിർദ്ദേശം വച്ച എംഎസ് കുമാറിനെ താക്കീത് നൽകി മാറ്റി നിർത്തിയതും കുമ്മനം വികാരം പടർത്തുന്നത് ഇങ്ങനെ

ഗ്രൂപ്പ് വൈരം മറന്ന് നേതാക്കൾ കുമ്മനത്തിന് വേണ്ടി ഒരുമിച്ചതോടെ പിന്തുണയ്ക്കാൻ നിവർത്തിയില്ലാതെ സ്ഥാനാർത്ഥി മോഹിയായ ശ്രീധരൻ പിള്ളയും; കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ ഒരുമിച്ചു ദേശീയ നേതൃത്വത്തെ കാണും; തിരുവനന്തപുരത്ത് മത്സരിക്കാൻ കണ്ണുള്ള സംസ്ഥാന പ്രസിഡന്റ് ആദ്യം നിർദ്ദേശം വച്ച എംഎസ് കുമാറിനെ താക്കീത് നൽകി മാറ്റി നിർത്തിയതും കുമ്മനം വികാരം പടർത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന് ആരു പറഞ്ഞാലും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള അത് കേട്ട ഭാവം കാണിക്കാറില്ല. ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിക്കാൻ സ്വാഗതം ചെയ്ത എംഎസ് കുമാറിന് ശ്രീധരൻ പിള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. അണികളുടെ വികാരമാണ് പറഞ്ഞതെന്ന് മറുപടി നൽകി എംഎസ് കുമാർ കടുത്ത നിലപാടും എടുത്തു. ഇതോടെയാണ് ശ്രീധരൻ പിള്ളയുടെ തിരുവനന്തപുരത്ത് മത്സരിക്കാനുള്ള മോഹം ബിജെപിയിൽ വലിയ കോലാഹലങ്ങൾ വഴിയൊരുക്കിയത്. ഇതിനിടെ ആരും അറിയാതെ സ്ഥാനാർത്ഥി പട്ടികയും ദേശീയ നേതൃത്വത്തിന് നൽകി. ഈ സാഹചര്യത്തിൽ വി മുരളീധരനും പികെ കൃഷ്ണദാസും ഒരുമിക്കുകയാണ്.

കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. ഇന്നു പാലക്കാട്ടെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു മുന്നിൽ ഗ്രൂപ്പ് വൈരം മറന്നു നേതാക്കാൾ ഇത് ആവശ്യപ്പെടും. കുമ്മനമില്ലെങ്കിൽ തിരഞ്ഞെടുപ്പു രംഗത്തു പാർട്ടിയെ നയിക്കാൻ കരുത്തനായ നേതാവില്ലെന്ന പ്രതീതിയുണ്ടാകുമെന്നു ഷായെ ബോധ്യപ്പെടുത്താനാണു നീക്കം. ശ്രീധരൻ പള്ളയെ കുടുക്കാനാണ് ഈ നീക്കം. ഗവർണർ പദവി വിട്ടെറിഞ്ഞു കുമ്മനം മത്സരിച്ചേക്കില്ലെന്നു പ്രസ്താവിച്ച ശ്രീധരൻ പിള്ള കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. നേതാക്കൾക്കിടയിലെ ഭിന്നതയും സ്ഥാനാർത്ഥി സാധ്യതാപട്ടിക സംബന്ധിച്ച വിവാദങ്ങളും പാർട്ടിയുടെ മുന്നേറ്റത്തിന്റെ തിളക്കം കെടുത്തിയെന്ന വിലയിരുത്തൽ അമിത് ഷായ്ക്കുണ്ട്.

ശബരിമല വിഷയത്തിൽ പാർട്ടിക്ക് എന്തു മുന്നേറ്റമുണ്ടാക്കാനായെന്ന ചോദ്യവും ബിജെപിയിൽ ചർച്ചയാണ്. ശബരിമല പ്രശ്‌നം പാർട്ടിക്ക് അനുകൂലമാക്കാനായില്ലെന്നും സമരമുഖം തിരുവനന്തപുരത്തേക്കു മാറ്റാനുള്ള ശ്രീധരൻ പിള്ളയുടെ തീരുമാനം ദോഷം ചെയ്‌തെന്നും മുരളീധര വിഭാഗത്തിന് അഭിപ്രായമുണ്ട്. ബിജെപി.ക്കകത്ത് നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ ആർ.എസ്.എസിനും് അതൃപ്തിയുണ്ട്. അമിത് ഷായെ ഇക്കാര്യം ആർ എസ് എസും ബോധ്യപ്പെടുത്തും. യോജിച്ച പ്രവർത്തനത്തിന് കർശന ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബിജെപി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്.

ഉത്തരേന്ത്യയിൽ ബിജെപി.ക്ക് കഴിഞ്ഞതവണത്തേക്കാൾ സീറ്റ് കുറയുമെന്നാണ് കണക്കുകൂട്ടൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും കൂടുതൽ സീറ്റുകൾ നേടി ഇത് പരിഹരിക്കാമെന്നാണ് ബിജെപി. തന്ത്രം. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ മാത്രം ഒന്നും കഴിയുന്നില്ല. ശബരിമല വിഷയവും അക്രമരാഷ്ട്രീയവും സിപിഎമ്മിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇവയെല്ലാം കോൺഗ്രസിന് ഗുണകരമാവുന്ന രീതിയിലേക്കാണ് പോകുന്നതെന്നും വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ടും സംസ്ഥാനനേതൃത്വത്തോട് ആർ.എസ്.എസിന് യോജിപ്പില്ല. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ജില്ലാതലത്തിലുള്ള നേതാവിനെ ചുമതലപ്പെടുത്തി ആർഎസ്എസ്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. കുമ്മനം എത്തണമെന്നാണ് ആർ എസ് എസിന്റേയും താൽപ്പര്യം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവർത്തനങ്ങൾ വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തിന്റെ തുടക്കത്തിൽ കേരളത്തിൽ എത്തിയത്. ഇതിനു പുറകെയാണ് ദേശീയ അധ്യക്ഷന്റെ സന്ദർശനം.

സംസ്ഥാനത്ത് മത്സരിക്കാൻ പരിഗണിക്കേണ്ടവരുടെ പേരുകൾ ചർച്ചകളൊന്നുമില്ലാതെ കേന്ദ്രഘടകത്തോട് ശ്രീധരൻപിള്ള നിർദ്ദേശിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിനുശേഷം നടന്ന കോർകമ്മിറ്റിയിൽ ഒരുവിഭാഗം നേതാക്കളുടെ അസാന്നിധ്യവും ചർച്ചയായി. ഈ സംഭവങ്ങളുടെ വിശദവിവരം അമിത്ഷായ്ക്ക് മുന്നിലെത്തുകയും അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതാണ്. വെള്ളിയാഴ്ച അമിത്ഷാ പാലക്കാട് എത്തുമ്പോൾ ഈ വിഷയമെല്ലാം ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP