Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം പോലും ബോധപൂർവം തടഞ്ഞു വെക്കുന്നു; നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായാണ് സർക്കാർ; എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ അനുസരിക്കില്ലെന്ന ഇടതുനേതാക്കളുടെ വാക്കുകൾ സമുദായം പുച്ഛിച്ച് തള്ളും; തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ സർക്കാറിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ

കേരള സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം പോലും ബോധപൂർവം തടഞ്ഞു വെക്കുന്നു; നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായാണ് സർക്കാർ; എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ അനുസരിക്കില്ലെന്ന ഇടതുനേതാക്കളുടെ വാക്കുകൾ സമുദായം പുച്ഛിച്ച് തള്ളും; തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ സർക്കാറിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉപതിരഞ്ഞെടുപ്പു പ്രചരണം മുറുകവേ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് യുഡിഎഫിന് വേണ്ടി ശക്തമായ നിലപാടുമായി നായർ സർവീസ് സൊസൈറ്റി രംഗത്ത്. സംഘടനയുടെ ശരിദൂര നിലപാടിന് കാരണം ശബരിമലയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. കേരളത്തിലെ സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടെന്നും കേന്ദ്ര-സംസ്ഥാനസർക്കാർ വിശ്വാസികൾക്കെതിരാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ.എസ്.എസ് ശക്തമായ നിലപാട് ആവർത്തിക്കുന്നത്.

മുന്നാക്ക വിഭാഗത്തിനായി ഇടതുപക്ഷം നല്ലതുചെയ്തെന്ന കോടിേയരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എൻ.എസ്.എസ്. മുന്നാക്ക സമുദായങ്ങൾക്കായി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണംപോലും ബോധപൂർവം തടഞ്ഞുവയ്ക്കുന്നു. എൻ.എസ്.എസിന്റെ ശരിദൂരനിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും നിലപാടിൽ ആശങ്കയോ അവകാശവാദമോ ഇല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് ശരിദൂരത്തിന് പ്രധാനകാരണണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു. ഇടതുപക്ഷ സർക്കാരാകട്ടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായ നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിം മത - ജാതി ചിന്തകൾ ഉണർത്തിയും മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഒരുവിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്ക വിഭാഗത്തെ മാത്രം ബോധപൂർവം അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും എൻഎസ്്എസ് പ്രസ്താവനയിൽ പറയുന്നു.

മുന്നാക്ക വിഭാഗങ്ങൾക്കും അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കം ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം ഇടതുസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. അതെല്ലാം പലതവണ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എൻഎസ്എസിന്റെ നിലപാടിനെ നിസാരമാക്കി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും കരുതേണ്ട. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ അനുസരിക്കില്ലെന്ന് മുൻപും പല നേതാക്കൾ പറഞ്ഞിട്ടുണ്ട്. എൻഎസ്എസിനെ സ്നേഹിക്കുന്ന സമൂദായ അംഗങ്ങൾ അതെല്ലാം പുച്ഛിച്ച് തള്ളിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സാമൂഹ്യനീതിക്ക് വേണ്ടിയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ എൻസഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർ്ക്കാരുകളെ സമ്മർദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങളോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല എന്നുള്ള കാര്യങ്ങൾ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ഓരോ സംഘടനകൾക്കും അതാത് സംഘടനകളുടെ നിലപാട് സ്വീകരിക്കാം. ഇത്തരം സംഘടനയിൽ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. അവർ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് വോട്ട് ചെയ്യുകയാണ് പതിവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത് എൽഡിഎഫാണെന്നും സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ലെന്നുമായിരുന്നു മന്ത്രി എകെ ബാലൻ അഭിപ്രായപ്പെട്ടത്. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടിൽ ആശങ്കയില്ലെന്ന് പറഞ്ഞ എകെ ബാലൻ എൻഎസ്എസിലെ പാവപ്പെട്ടവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും പറഞ്ഞു.

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യ പ്രചാരണവുമായി എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യാൻ കരയോഗങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. എൻഎസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളൂ. അതുകൊണ്ട് തന്നെ സമുദായ അംഗങ്ങൾ നിർദ്ദേശങ്ങൾക്ക് എതിര് നിൽക്കാറില്ലെന്നും എൻഎസ്എസ് നേതാക്കൾ പറയുന്നു.

അതേസമയം, വട്ടിയൂർക്കാവും കോന്നിയും അഭിമാനപ്രശ്‌നമായെടുത്ത് യു.ഡി.എഫിനായി പരസ്യമായി ഇറങ്ങുന്ന എൻ.എസ്.എസിന്റെ നീക്കത്തിൽ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയം കൗതുകമുണർത്തുന്ന വഴിത്തിരിവിൽ. മുമ്പ് എൻ.ഡി.പി എന്ന രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച ഘട്ടത്തിലല്ലാതെ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും മുന്നണിക്കായി എൻ.എസ്.എസ് നേതൃത്വം പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെന്നിരിക്കെ, ഇപ്പോഴത്തെ സംഭവഗതികളെ മുന്നണികൾ ഉറ്റുനോക്കുകയാണ്.

എൻ.എസ്.എസിന്റെ പരസ്യനിലപാടോടെ, ഉപതിരഞ്ഞെടുപ്പിൽ സാമുദായിക രാഷ്ട്രീയത്തിന്റെ പ്രതിഫലനം എത്രത്തോളമാകുമെന്നതിലേക്ക് ചർച്ചകൾ വഴിമാറിയിട്ടുണ്ട്. മൂന്ന് മുന്നണികളോടും ഒരേ നിലപാടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എസ്.എൻ.ഡി.പി പിന്തുണ ആർക്കൊപ്പമാകുമെന്നതിലുമുണ്ട് ആകാംക്ഷ. പാലായിൽ കിട്ടിയ എസ്.എൻ.ഡി.പി പിന്തുണ വരുന്ന ഉപതിരഞ്ഞെടുപ്പുകളിലും കിട്ടുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. ക്രൈസ്തവസഭാ തർക്കത്തിലെ മുന്നണികളുടെ നിലപാടും എറണാകുളവും കോന്നിയും വട്ടിയൂർക്കാവുമടക്കമുള്ള മണ്ഡലങ്ങളിൽ ചർച്ചാവിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP