Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിലെ നിലപാടിന്റെ പേരിൽ മലബാറിൽ നേടിയെടുത്ത മേൽകൈ പെരിയ കൊലപാതകത്തിന്റെ പേരിൽ നഷ്ടമാകുമോ എന്ന ആശങ്കയോടെ സിപിഎം; രണ്ട് ചെറുപ്പക്കാരെ നിസാര തർക്കത്തിന്റെ പേരിൽ വെട്ടിക്കൊന്നതിന്റെ പാപഭാരത്തിൽ നിന്നും രക്ഷപ്പെടാനാവാതെ സിപിഎം; കൃപേഷിന്റേയും ശരത്തിന്റേയും മാതാപിതാക്കളുടെ നെഞ്ചു പൊട്ടിയുള്ള കണ്ണുനീർ വീട്ടമ്മമാരുടെ മനസ്സ് മാറ്റുമെന്ന് ഭയന്ന് സിപിഎം; ധൃതി പിടിച്ചു പീതാംബരനെ പുറത്താക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ്ടായ കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ

ശബരിമലയിലെ നിലപാടിന്റെ പേരിൽ മലബാറിൽ നേടിയെടുത്ത മേൽകൈ പെരിയ കൊലപാതകത്തിന്റെ പേരിൽ നഷ്ടമാകുമോ എന്ന ആശങ്കയോടെ സിപിഎം; രണ്ട് ചെറുപ്പക്കാരെ നിസാര തർക്കത്തിന്റെ പേരിൽ വെട്ടിക്കൊന്നതിന്റെ പാപഭാരത്തിൽ നിന്നും രക്ഷപ്പെടാനാവാതെ സിപിഎം; കൃപേഷിന്റേയും ശരത്തിന്റേയും മാതാപിതാക്കളുടെ നെഞ്ചു പൊട്ടിയുള്ള കണ്ണുനീർ വീട്ടമ്മമാരുടെ മനസ്സ് മാറ്റുമെന്ന് ഭയന്ന് സിപിഎം; ധൃതി പിടിച്ചു പീതാംബരനെ പുറത്താക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ്ടായ കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നെയ്യാറ്റിൻകരയിൽ സെൽവരാജ് മറുകണ്ടം ചാടിയപ്പോൾ സിപിഎമ്മിന് അതിനിർണ്ണായകമായ ഉപതെരഞ്ഞെടുപ്പ് എത്തി. പ്രചരണത്തിനിടെയാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഇതോടെ നെയ്യാറ്റിൻകരയിൽ സിപിഎം പ്രചരണത്തിൽ പിന്നോട്ട് പോയി. കെകെ രമയുടെ കണ്ണുനീർ തുടയ്ക്കാൻ വി എസ് അച്യുതാനന്ദൻ ഉപതെരഞ്ഞെടുപ്പ് ദിവസമെത്തിയപ്പോൾ സിപിഎം സിറ്റിങ് സീറ്റിൽ സെൽവരാജിനോട് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാഹളമുയർന്നപ്പോൾ കാസർഗോഡ് നിന്ന് രണ്ട് കൊലപാതകങ്ങൾ. രണ്ടിലും പ്രതിസ്ഥാനത്ത് സിപിഎം. ലോക്കൽ കമ്മറ്റി അംഗം എ പീതാംബരനെ പൊലീസിന് വിട്ടു കൊടുത്ത് പാർട്ടി ബന്ധം സ്ഥാപിക്കേണ്ടിയും വന്നു ഭരണത്തിലുള്ള സിപിഎമ്മിന്. പാർട്ടിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുമ്പോഴും വലിയ പ്രതിസന്ധിയിലാണ് സിപിഎം. ശബരിമലയിലൂടെ മലബാറിൽ ഉണ്ടാക്കിയെടുത്ത മേൽകൈ സിപിഎമ്മിന് നഷ്ടമാവുകയാണ്.

കാസർകോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത് പ്രചാരണത്തിന്റെ ഗതിമാറ്റും. കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ എൽ.ഡി.എഫിന്റെ കേരളസംരക്ഷണയാത്ര കാസർകോട്ടുനിന്ന് കണ്ണൂരിലേക്ക് പ്രവേശിച്ച രാത്രിതന്നെയാണ് രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്. ശബരിമലയിൽ സിപിഎം കരുതലോടെ ഇടപെടൽ നടത്തിയത് മലബാറിൽ മുന്നേറാനാണ്. ശബരിമലയിലെ ഉറച്ച നിലപാടിലൂടെ മലബാറിലെ ന്യൂനപക്ഷ വോട്ടുകളിൽ സിപിഎം മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു വിലയിരുത്തൽ. മറുനാടന്റെ സർവ്വേയിലും മറ്റും ഇത് പ്രതിഫലിക്കുകയും ചെയ്തു. ഉത്തര മലബാറിൽ അഞ്ചിൽ നാലും ഇടതിന് ലഭിക്കുമെന്ന സൂചനകളെത്തി. കോഴിക്കോടും വടകരയിലും കണ്ണൂരിലും കാസർഗോഡും ജയ പ്രതീക്ഷയിലായിരുന്നു സിപിഎം. ഇതാണ് പെരിയയിലെ കൊല തകർക്കുന്നത്. ശബരിമലിയിലെ നേട്ടത്തെ ശരത്തിന്റേയും കൃപേഷിന്റേയും അച്ഛന്റേയും അമ്മയുടേയും കണ്ണുനീർ തകർക്കുകയാണ്.

സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്കൽകമ്മിറ്റി അംഗം പീതാംബരനെ മണിക്കൂറുകൾക്കകം പാർട്ടിയിൽനിന്ന് പുറത്താക്കിയത് തിരിച്ചടിയുടെ സൂചന ലഭിച്ചതോടെയാണ്. ചരിത്രത്തിലാദ്യമാണ് കേസിൽ സംശയമുള്ള നേതാവിനെ ഇത്രയും പെട്ടെന്ന് പാർട്ടി പുറത്താക്കുന്നത്. സംഭവത്തെ അപലപിച്ച പാർട്ടിപത്രം ദേശാഭിമാനി മുഖപ്രസംഗവുമെഴുതി. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽനടന്ന ഷുഹൈബ് വധം സിപിഎമ്മിന പേരു ദോഷമുണ്ടാക്കിയിരുന്നു. ഷുഹൈബിന്റെ സ്മരണകളുണർത്താൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോഴാണ് അതിനേക്കാൾ ദാരുണമായ ഇരട്ടക്കൊലപാതകം നടന്നതും. അതിലെ തെളിവുകളെല്ലാം വിരൽ ചൂണ്ടിയത് സിപിഎമ്മിലേക്കും. അക്രമരാഷ്ട്രീയം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ നീറുന്ന വിഷയമായി. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ സർക്കാരിന്റെ വികസനനേട്ടങ്ങളും ശബരിമല ഉൾപ്പെടെ സംഘപരിവാറിന്റെ വർഗീയ അജൻഡയും പ്രചരണത്തിൽ നിന്ന് വഴിമാറും.

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ ഭീകരാവസ്ഥ, യുവാക്കളുടെ ദരിദ്രമായ കുടുംബപശ്ചാത്തലം, പൊട്ടിക്കരയുന്ന കെപിസിസി പ്രസിഡന്റിന്റെ ചിത്രം ഇവയെല്ലാം സിപിഎമ്മിനെതിരെ ആയുധമാകും. അതിനിടെ സിപിഎം അറിവോടെ മാത്രമേ പീതാംബരൻ എന്തെങ്കിലും ചെയ്യൂവെന്ന് പീതാംബരന്റെ കുടുംബം ആരോപിച്ചു കഴിഞ്ഞു. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറയുന്നു. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് ഭർത്താവെന്നും മഞ്ജു വെളിപ്പെടുത്തി. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോൾ ഒരാളും വന്നിട്ടില്ല. പാർട്ടിക്കായി നിന്നിട്ട് ഇപ്പോൾ പീതാംബരനെ പാർട്ടി പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളിൽ പീതാംബരൻ പാർട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാർട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകൾ ദേവിക കുറ്റപ്പെടുത്തി. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാർട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ആക്കിയിട്ട് പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു. ഈ വാക്കുകളിൽ ഉള്ളതും പീതാംബരനെ രാഷ്ട്രീയമായി ചർച്ചകൾ ഉയരാതിരിക്കാൻ കുറ്റപ്പെടുത്തുന്നതാണെന്ന് തന്നെയാണ്. ഇതും സിപിഎമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകും. സിപിഎമ്മിന്റെ അറിവോടെയാണ് പെരിയ കൊലപാതകം നടന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പൊലീസിനും ഇത് തന്നെയാണ് അഭിപ്രായം. എന്നാൽ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ഉന്നതർക്കെതിരെ അന്വേഷണം നടത്താനുള്ള കരുത്ത് പൊലീസിനില്ല.

ശബരിമല അടക്കമുള്ള വിഷയങ്ങളും ബിജെപിയുടെ വളർച്ചയും അടക്കം മലബാറിൽ ചർച്ചയാക്കാനായിരുന്നു സിപിഎം തീരുമാനം. മലബാറിൽ എപ്പോഴൊക്കെ ശക്തമായ രാഷ്ട്രീയ തരംഗം ഉണ്ടായിട്ടോ അപ്പോഴൊക്കെ അവിടെ ന്യൂനപക്ഷ ധ്രുവീകരണവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകൾ എങ്ങോട്ട് ചായുമെന്ന ആശങ്കയിലാണ് മുന്നണികൾക്കുണ്ട്. ശബരിമല വിഷയം വടക്കൻ മലബാറിലെ ഹിന്ദുക്കൾക്കിടയിൽ ഒരു വൈകാരിക വിഷയമായി മാറിയിരുന്നില്ല്. ഇവിടെ ഉറച്ച രാഷ്ടീയ വോട്ടുകളുള്ള മേഖലയാണ്. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ കൈക്കൊണ്ട ഉറച്ച നിലപാട് സിപിഎമ്മിന് തുണയാകുമെന്നാണ് വിലയിരുത്തൽ. ശബരിമല സമരം സംബന്ധിച്ച് ആദ്യ സമയത്ത് സിപിഎമ്മിന് ആശങ്കയുണ്ടായിരുന്നെങ്കിലും അത് ഉർവശീശാപംപോലെ ഉപകാരമായതായണ് സിപിഎം കരുതുന്നത്.

ശബരിമല സമരത്തെ നേരിടാനായി വനിതാ മതിൽ അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിയത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. ശബരിമല സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നിലപാടുകളും മറ്റും ദലിത- ഈഴവ - ന്യൂനപക്ഷ ഐക്യം ഉണ്ടാക്കിയെന്ന് അവർ കരുതുന്നു. ആദ്യഘട്ടത്തിൽ ശബരിമല സമരത്തെ അനുകൂലിച്ച മുസ്ലിം ലീഗിനെപ്പോലുള്ള സംഘടനകൾ പിന്നീട് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. രാമജന്മഭൂമിയും ഒരു വിശ്വാസ പ്രശ്നമല്ലേയെന്ന് സിപിഎം ചോദിച്ചതോടെ ഇവർ മിണ്ടാതാവുകയായിരുന്നു. മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ പിണറായി വിജയനോടുള്ള ആഭിമുഖ്യവും പ്രകടമാണ്.

ലിംഗ നീതിയും പുരോഗമനവും അഭിസംബോധന ചെയ്യാൻ കഴിയുന്നതോടെ, വിദ്യാർത്ഥികൾ അടക്കമുള്ള പുതിയ തലമുറയുടെ വോട്ട് തങ്ങൾക്ക് കിട്ടുമെന്നാണ് സിപിഎം കരുതിയത്. ഇതെല്ലാം അപ്രസക്തമാക്കിയാണ് പെരിയയിലെ കൊലപാതകം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP