Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയ ഇരട്ട കൊലപാതകത്തിൽ കാലിടറി സർക്കാർ; ആയിരം ദിവസം പൂർത്തിയാക്കുന്ന വേളയിൽ ഓർക്കാപ്പുറത്ത് പാർട്ടികാർ ഉണ്ടാക്കിയ കുരുക്ക് അഴിക്കാൻ പണിപ്പെട്ട് പിണറായി; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ച് അനുകൂല തരംഗം സൃഷ്ടിക്കാമെന്ന അടവും പൊളിഞ്ഞു; കൊലപാതകം നടന്ന് അഞ്ചാം നാൾ കാസർകോടെത്തി സംഭവത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞത് ലോക്സഭാ തെരഞ്ഞടുപ്പിലെ തിരിച്ചടി ഭീതി; പാർട്ടിക്കാരുടെ സംരക്ഷകനായ പിണറായി അതേനിലപാട് സിപിഎമ്മിന്റെ നിലനിൽപ്പിനായി തിരുത്തുന്നു

പെരിയ ഇരട്ട കൊലപാതകത്തിൽ കാലിടറി സർക്കാർ; ആയിരം ദിവസം പൂർത്തിയാക്കുന്ന വേളയിൽ ഓർക്കാപ്പുറത്ത് പാർട്ടികാർ ഉണ്ടാക്കിയ കുരുക്ക് അഴിക്കാൻ പണിപ്പെട്ട് പിണറായി; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ച് അനുകൂല തരംഗം സൃഷ്ടിക്കാമെന്ന അടവും പൊളിഞ്ഞു; കൊലപാതകം നടന്ന് അഞ്ചാം നാൾ കാസർകോടെത്തി സംഭവത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞത് ലോക്സഭാ തെരഞ്ഞടുപ്പിലെ തിരിച്ചടി ഭീതി; പാർട്ടിക്കാരുടെ സംരക്ഷകനായ പിണറായി അതേനിലപാട് സിപിഎമ്മിന്റെ നിലനിൽപ്പിനായി തിരുത്തുന്നു

പി വിനയചന്ദ്രൻ

കോഴിക്കോട് : ശരിയായാലും തെറ്റായാലും പാർട്ടിക്കാരെ സംരക്ഷിക്കുന്ന ഉറച്ച നിലപാടാണ് പിണറായി വിജയനെ ഏക്കാലവും വ്യത്യസ്തനാക്കിയിട്ടുള്ളത്. മുന്നോട്ട് വച്ച ചുവട് പിന്നോട്ടെടുക്കാത്ത കാർക്കശ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന നേതാവ്. 51വെട്ടേറ്റ് ടി.പി.ചന്ദ്രശേഖരൻ മരിച്ചെന്ന വാർത്ത കേട്ട് കേരളം നടുങ്ങി നിന്നപ്പോഴും ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചയാളാണ് പിണറായി. എന്നാൽ പെരിയിൽ ഇരട്ട കൊലപാതകം നടന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാടുകൾ പാടെ മാറി. വിഷയം വഷളായാൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപരുങ്ങലിലാകുമെന്ന് മണിക്കൂറുക്കുള്ളിൽ മനസിലാക്കിയ പിണറായി തുടർന്ന് വിഷയത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് കാസർകോട് എത്തിയ പിണറായി ഉദ്ഘാടന പ്രസംഗത്തിൽ സ്വീകരിച്ച നിലപാട് തീർത്തും വ്യത്യസ്തമാണ്. സ്വന്തം പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ കൊലനടന്ന് അഞ്ചാം ദിവസം നടത്തിയ പ്രസംഗം തെറ്റ് ഏറ്റുപറയുന്നതിന് സമാനമായിരുന്നു. കൂടാതെ കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിക്കാനുള്ള ശ്രമവും നടത്തി. തലശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ സ്വന്തം പാർട്ടിക്കാരന്റെ വീട് മാത്രം സന്ദർശിച്ച് മടങ്ങിയ ആളാണ് പിണറായി. അങ്ങനെയുള്ള വ്യക്തി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് തീർത്തും വ്യത്യസ്തമാണ്. ആസന്നമായ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇരട്ടകൊലപാതകത്തിന്റെ കറ പാർട്ടിയുടെ മേൽ നിന്ന് അല്പമെങ്കിലും കഴുകി കളയാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോൾ നോക്കിനിന്നാൽ കൈവിട്ട് പോകുമെന്ന് പിണറായിക്ക് ആരെക്കാളും നന്നായി അറിയാം. കാസർകോട് പാർട്ടി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഇരട്ട കൊലപതകത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ..

'പെരിയയിലേത് ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റാത്ത കൊലപാതകമാണ്. അത്തരം കൊലപാതകങ്ങളും അക്രമങ്ങളും ഒരുതരത്തിലും പൊറുക്കപ്പെടാൻ പാടില്ലാത്തതാണ്. ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താനും ആക്രമിക്കാനും അവസരം നൽകിയ ആ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല; അംഗീകരിക്കാനുമാവില്ല.

തെറ്റായ ഇത്തരം ഒരു പ്രവർത്തനത്തെയും ന്യായീകരിക്കേണ്ട ബാധ്യത സിപിഐ എമ്മിന് ഇല്ല. സർക്കാർ ഇക്കാര്യത്തിൽ കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം ചെയ്തത് ആരായാലും നിയമത്തിനു മുന്നിൽ ഉത്തരം പറയേണ്ടിവരും. ശക്തമായ നടപടി വേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് പൊലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. അത്തരം ദുരുപയോഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് ഉണ്ടാകില്ല. പൊലീസ് പൊലീസിന്റെ പണി ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും.

ഏറ്റവും കൂടുതൽ സിപിഐഎം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും കോൺഗ്രസാണ്. ആ കോൺഗ്രസിനെ സമാധാനത്തിന്റെ മാലാഖമാർ ആക്കാനുള്ള ശ്രമം ചില മാധ്യമങ്ങൾ നടത്തുന്നു എന്നത് അത്യന്തം ജുഗുപ്സാവഹമാണ്. വ്യാജ പ്രചാരണങ്ങൾ കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നുള്ള വ്യാമോഹത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള പ്രചാരണം. ഇതിനേക്കാൾ കടുത്ത ആക്രമണം നേരിട്ടും അതിജീവിച്ചും ഉയർന്നുവന്ന പാർട്ടിയാണ് സിപിഐ എം. കുപ്രചാരണങ്ങൾ കൊണ്ട് ഈ പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ തകർക്കാൻ കഴിയുമെങ്കിൽ എന്നേ ഈ പാർട്ടി അറബിക്കടലിൽ അലിഞ്ഞു പോകുമായിരുന്നു. എത്ര വലിയ ആക്രമണം ആയാലും അതിനെ പ്രതിരോധിച്ച് ഉയർന്നുവന്ന പാരമ്പര്യമാണ് ഈ പാർട്ടിക്കുള്ളത്. ഒരു പേനത്തുമ്പിലോ നാവിൻതുമ്പിലോ തകർന്നുപോകുന്നതല്ല സിപിഐ എം. കേരളത്തിലെ ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പം ആണ് സിപിഐഎം. അതിനു വിരുദ്ധമായ ഏത് പ്രചാരണത്തെയും അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്. '

കൊലപാതക വാർത്തപുറത്ത് വന്നതോടെ പിണറായി വിജയന് അപകടം മണത്തു. യൂത്ത് കോൺഗ്രസ് ആഹ്വാനം ഹർത്താലിനെ ജനങ്ങൾ തള്ളിക്കളഞ്ഞപ്പോൾ പിണറായി മാളത്തിൽ ഒളിച്ചത് അതിന് തെളിവായിരുന്നു. തൃശൂരിൽ നിന്ന് ഔദ്ധ്യോഗിക പരിപാടികൾ റദ്ദാക്കി തലസ്ഥാനത്ത് എത്തിയ അദ്ദേഹം അന്നേദിവസം ഒരു ചടങ്ങിലും പങ്കെടുത്തില്ല. ഇതോടെ മറ്റ് മന്ത്രിമാരും സ്വന്തം മാളങ്ങളിൽ രക്ഷതേടി. പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന ശ്രദ്ധയോടുള്ള ചുവടുവയ്‌പ്പായിരുന്നു അത്.

അന്ന് ഉച്ചയക്ക് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണുകയും ചെയ്തിരുന്നു. എന്നാൽ അതോടെ സംഭവത്തിന്റെ ഗൗരവം കുറയുമെന്ന് പിണറായി പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. മറ്റ് വഴികളില്ലാതെ പീതാംബരനെ ബലിയാടാക്കി. ഒടുവിൽ കേസ് അന്വേഷണം കൈബ്രാഞ്ചിും വിട്ടും. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ ശ്രമം നടത്തിയത്. സന്ദർശനത്തോടെ സർക്കാരിനെതിരായ ആക്രമത്തിന്റെ ശക്തി കുറയ്ക്കാമെന്നും അനുകൂലതരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP