Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പപ്പോൾ കിട്ടിയവരെ അപ്പനെന്ന് വിളിക്കാൻ എൻസിപിയില്ല; കോൺഗ്രസിന്റെ സമ്മതമില്ലാതെ സർക്കാർ ഉണ്ടാക്കേണ്ടെന്ന് തീരുമാനം; കേരളത്തിലെ നേതാക്കളുടെ ഉടക്ക് മൂലം മുമ്പോട്ട് പോകാനാവാതെ ഹൈക്കമാണ്ട്; ബിജെപി വഴങ്ങിയാൽ സഖ്യം പുനഃസ്ഥാപിക്കാൻ പച്ചക്കൊടി കാട്ടി ശിവസേന; മഹാരാഷ്ട്രയിൽ പ്രതിസന്ധി നീളുന്നത് ഇങ്ങനെ

അപ്പപ്പോൾ കിട്ടിയവരെ അപ്പനെന്ന് വിളിക്കാൻ എൻസിപിയില്ല; കോൺഗ്രസിന്റെ സമ്മതമില്ലാതെ സർക്കാർ ഉണ്ടാക്കേണ്ടെന്ന് തീരുമാനം; കേരളത്തിലെ നേതാക്കളുടെ ഉടക്ക് മൂലം മുമ്പോട്ട് പോകാനാവാതെ ഹൈക്കമാണ്ട്; ബിജെപി വഴങ്ങിയാൽ സഖ്യം പുനഃസ്ഥാപിക്കാൻ പച്ചക്കൊടി കാട്ടി ശിവസേന; മഹാരാഷ്ട്രയിൽ പ്രതിസന്ധി നീളുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വെട്ടിലായി. മുഖ്യമന്ത്രി പദമോഹവുമായി ബിജെപിയെ തള്ളി പറഞ്ഞ ശിവസേനയെ കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല. കേരളത്തിലെ നേതാക്കളുടെ എതിർപ്പാണ് ഇതിന് കാരണം. എകെ ആന്റണിയും കെ സി വേണുഗോപാലും ശിവസേനയെ അടുപ്പിക്കുന്നതിൽ എതിർപ്പിലാണ്. ബിജെപിയെക്കാൾ വിലയ വർഗ്ഗീയ പാർട്ടിയാണ് ശിവസേന. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ കൂട്ട് കോൺഗ്രസിന് മറ്റിടങ്ങളിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി കാത്തിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തും.

ശിവസേന ബന്ധം സംബന്ധിച്ച് കോൺഗ്രസുമായി ചേർന്നു മാത്രമേ തീരുമാനമെടുക്കുകയള്ളൂവെന്നു പുണെയിൽ എൻസിപി കോർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി വക്താവ് നവാബ് മാലിക് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നതാണു പാർട്ടി നിലപാട്. ശിവസേനയുടെ മുൻ നിലപാടുകളെക്കുറിച്ചു ന്യൂനപക്ഷങ്ങൾക്കും മറ്റുമുള്ള ആശങ്ക ദൂരീകരിക്കും വിധം പൊതുമിനിമം പരിപാടിയിൽ ധാരണയിലെത്താനായാൽ സർക്കാർ രൂപീകരണ നടപടികളിലേക്കു കടക്കുമെന്നാണ് സൂചന. സഖ്യത്തെ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിൽനിന്നുള്ള ദേശീയ നേതാക്കളാണ് എതിർക്കുന്നതെന്നാണ് എൻസിപി, ശിവസേന നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസിനെ പിണക്കി സർക്കാരുണ്ടാക്കാൻ എൻസിപി ശ്രമിക്കില്ല. കോൺഗ്രസുമായി ചേർന്നുള്ള സർക്കാരിന് മാത്രമേ എൻസിപി സഹകരിക്കൂ.

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനു പുറമെ, മുംബൈ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ നിലപാട് ശിവസേനയ്ക്ക് ഇപ്പോൾ നിർണായകമാണ്. ബിജെപിയുടെ പിന്തുണയില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ വോട്ട് കൂടിയുണ്ടെങ്കിലേ ജയിക്കാൻ കഴിയൂ. മുംബൈ കോർപ്പറേഷൻ മേയർ പദവി ശിവസേനയ്ക്ക് ഏറെ പ്രധാനപ്പെട്ടത്. ഒരിക്കലും വിട്ടു കൊടുക്കാൻ ആഗ്രഹിക്കാത്ത സ്ഥാനം. അതുകൊണ്ട് തന്നെ കരുതലോടെയാണ് അവരുടെ നീക്കം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ ശിവസേന പങ്കെടുത്തില്ല. ഇതോടെ ശിവസേനയെ ഫലത്തിൽ മുന്നണിയിൽ നിന്ന് പുറത്തായെന്ന വിലയിരുത്തലുണ്ട്. എങ്കിലും മഹാരാഷ്ട്രയിൽ ശിവസേനയെ ഒപ്പം നിർത്താൻ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് അടക്കമുള്ള ബിജെപി നേതാക്കൾ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മുതിർന്ന ശിവസേന നേതാക്കൾ ഇല്ലാത്ത വേളയിലായിരുന്നു ഫഡ്‌നാവിസിന്റെ സന്ദർശനം. 'ആരുടെ സർക്കാർ, ശിവസേനയുടെ സർക്കാർ' എന്ന് സേന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ ഫഡ്‌നാവിസ് പെട്ടെന്നു മടങ്ങി. പിന്നാലെ, ജനങ്ങളെ ആത്മാഭിമാനം എന്തെന്നു പഠിപ്പിച്ച നേതാവാണ് ബാൽ താക്കറെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തതും ചർച്ചയായി. ശരദ് പവാർ, ഛഗൻ ഭുജ്ബൽ തുടങ്ങി എൻസിപി നേതാക്കളും താക്കറെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതും ഏറെ ചർച്ചയായി.

അതിനിടെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്ന് എൻഡിഎ ഘടകകക്ഷികളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജനത്തോട് എൻഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഘടകകക്ഷികളെ ഓർമിപ്പിച്ചു. 'നമ്മളൊരു വലിയ കുടുംബമാണ്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാം. പൊതുജനത്തെ നമ്മൾ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എൻഡിഎ ഘടകകക്ഷി മീറ്റിങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവരുടെ സഖ്യമാണ് എൻഡിഎ. ഓരോരുത്തർക്കും അവരുടെതായ അഭിപ്രായങ്ങൾ കാണും. എന്നാൽ ഈ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻഡിഎ വിട്ടതിനു ശേഷമുള്ള ആദ്യയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഏറ്റവും പഴക്കമുള്ള അംഗമായ ശിവസേന ബിജെപിയോടു പിണങ്ങിയത് എൻഡിഎയിൽ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവസേനയെ അനുനയിപ്പിക്കാൻ മോദി മുൻകൈയെടുക്കുമെന്ന് സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് സൂചന. ബിജെപി വഴങ്ങിയാൽ സഖ്യത്തിലേക്ക് ശിവസേനയും മടങ്ങിയെത്താൻ തയ്യാറാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP