Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗേന്ദ്ര യാദവിന് പിന്തുണയുമായി പ്രശാന്ത് ഭൂഷണും; ഹൈക്കമാൻഡ് സംസ്‌കാരവും വൺമാൻ ഷോയും ആം ആദ്മിയിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കണ്ണടച്ചു വിശ്വസിച്ച ഡൽഹിക്കാരെ നിരാശപ്പെടുത്തി ആപ്പിലെ വിഴുപ്പലക്കൽ തുടരുന്നു

യോഗേന്ദ്ര യാദവിന് പിന്തുണയുമായി പ്രശാന്ത് ഭൂഷണും; ഹൈക്കമാൻഡ് സംസ്‌കാരവും വൺമാൻ ഷോയും ആം ആദ്മിയിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കണ്ണടച്ചു വിശ്വസിച്ച ഡൽഹിക്കാരെ നിരാശപ്പെടുത്തി ആപ്പിലെ വിഴുപ്പലക്കൽ തുടരുന്നു

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ യോഗേന്ദ്ര യാദവ് തുടങ്ങിവച്ച കലാപം മറ്റ് പ്രമുഖ നേതാക്കളും ഏറ്റെടുക്കുന്നു. ആപ്പിന്റെ സ്ഥാപക നേതാവായ പ്രശാന്ത് ഭൂഷണാണ് ഒടുവിൽ കെജ്രിവാളിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. യോഗേന്ദ്രയാദവിന്റെ പക്ഷം പിടിച്ചാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്. ഇതോടെ ആപ്പിനെ അധികാരത്തിലെത്തിച്ച ഡൽഹി ജനത കടുത്ത നിരാശയിലായി.

ബിജെപിയെയും കോൺഗ്രസിനെയും സമ്പൂർണ്ണമായി അവഗണിച്ച് ഡൽഹിയിലെ വോട്ടർമാർ ആം ആദ്മിയിയെന്ന് നവരാഷ്ട്രീയ പ്രസ്ഥാനത്തെ പുൽകിയത് അവരോടുള്ള വിശ്വാസം കൊണ്ടായിരുന്നു. എന്നാൽ അധികാരത്തിലേറെ ഒരുമാസം തികയു മുമ്പ് ആഭ്യന്തര സംഘർഷങ്ങളിൽപെട്ട് പാർട്ടി ഉലയുമ്പോൾ കടുത്ത നിരാശയിലാണ് ഡൽഹിക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തമ്മിലുള്ള ഭിന്നത മറനീക്കി ഇന്ന് പുറത്തുവന്നു. കെജ്രിവാളിന്ഞറേത് വൺമാൻ ഷോയാണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷൺ ഒരു ചാനലിന് അഭിമുഖം നൽകി.

എല്ലാ പാർട്ടികളേയും പോലെ ആം ആദ്മിയിലും ഹൈക്കമാൻഡ് സംസ്‌കാരം വളരാൻ അനുവദിക്കുന്നത് നല്ലതല്ലെന്ന് പ്രശാന്ത് ഭൂഷൺ തുറന്നടിച്ചു. എഎപിയിൽ അധികാരത്തർക്കം ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഭൂഷൺ പ്രതികരിക്കുന്നത്. എല്ലാ പാർട്ടികളിലും ഹൈക്കമാൻഡ് സംസ്‌കാരം ഉണ്ട്. എന്നാൽ ആം ആദ്മി പാർട്ടി അതുപോലെ ആവരുത്. പാർട്ടിയെ നശിപ്പിക്കാൻ മാത്രമെ അത് ഉപകരിക്കുകയുള്ളൂ. പാർട്ടിയിൽ വൺമാൻ ഷോ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തർക്കവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ ഉണ്ടായതിനു ശേഷം ഇതുവരെ കെജ്രിവാളുമായി ഞാൻ സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ട് ഭൂഷൺ പറഞ്ഞു. ആം ആദ്മി പാർട്ടിയിലെ പ്രശ്‌നങ്ങൾ ഗുരുതരമാണ്. പാർട്ടി രൂപീകരിച്ചപ്പോഴുള്ള നയങ്ങളിൽ നിന്ന് വഴി മാറുകയും സുതാര്യത ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അധികാര കേന്ദ്രം ഒരാളാവുന് ഹൈക്കമാൻഡ് സംസ്‌കാരം അപകടകരമാണെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. തീരുമാനങ്ങൾ കൂട്ടായി എടുക്കണമെന്ന് കേജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. കേജ്‌രിവാളിന്റെ രാഷ്ട്രീയ നിലപാടുകളെ താൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് തെറ്റുകൾ പറ്റുന്നുണ്ട്. പാർട്ടിയുടെ നയങ്ങളിലും മൂല്യങ്ങളിലും ഉറച്ച് നിൽക്കണമെന്നാണ് തന്റെ നിലപാട്. എന്നാൽ രാഷ്ട്രീയത്തിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്നാണ് കേജ്രിവാൾ പറയുന്നതെന്നും ഭൂഷൺ വ്യക്തമാക്കി.

കമ്പനികളുടെ പശ്ചാത്തലം വേണ്ടവിധം പരിശോധിക്കുന്നതിൽ വീഴ്ച വന്നു. പാർട്ടിയുടെ ധനസമാഹരണവും ചെലവും സംബന്ധിച്ച കാര്യങ്ങൾ വെബ്‌സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതിൽ അലംഭാവമുണ്ടായി. സംവിധാനങ്ങൾ കുത്തഴിഞ്ഞു എന്ന് പറയുന്നില്ല, എന്നാൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തേണ്ടതുണ്ട്. കേജ്‌രിവാളുമായി ഭിന്നത ഉണ്ടായപ്പോഴെല്ലാം അതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ പാർട്ടിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് താനോ യോഗേന്ദ്ര യാദവോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭൂഷൺ പറഞ്ഞു.

അതേസമയം പാർട്ടിയിലെ പ്രശ്‌നങ്ങൾ പൊതുവേദിയിൽ പറയുന്നത് നല്ലതല്ലെന്ന് ആം ആദ്മി നേതാവ് അശുതോഷ് പറഞ്ഞു. പ്രശാന്ത് ഭൂഷണ് പറയാനുള്ള കാര്യങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിയിലെ തർക്കങ്ങൾ മുറുവേൽപ്പിച്ചതായി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഭിന്നത ഡൽഹി ജനതയ്ക്കുള്ള വിശ്വാസതയിൽ മങ്ങലേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കെജ്രിവാളുമായുള്ള ഭിന്നതയെ തുടർന്ന് യോഗേന്ദ്ര യാദവ് രാഷ്ട്രീയ കാര്യ സമിതി സ്ഥാനം രാജിവച്ചേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. കേജ്‌രിവാൾ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നാരോപിച്ച് യോഗേന്ദ്ര യാദവ് എഴുതിയ കത്ത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇതിനിടെ ആം ആദ്മി പാർട്ടിയിൽ രണ്ട് ചേരികളെന്ന് പാർട്ടി ഓംബുഡ്‌സ്മാൻ വിശദീകരിക്കുന്ന കത്ത് പുറത്തുവരികയുണ്ടായി. അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്ന പക്ഷവും അദ്ദേഹത്തെ എതിർക്കുന്ന പക്ഷവുമാണ് പാർട്ടിയിലുള്ളത്. പാർട്ടി രണ്ട് ചേരിയായാണ് പ്രവർത്തിക്കുന്നതെന്നാണ് ഓംബുഡ്‌സ്മാൻ അഡ്‌മിറൽ എൽ രാംദാസ് വെളിപ്പെടുത്തുന്ന ഇമെയ്‌ലിൽ വ്യക്തമായത്.

ഡൽഹി മന്ത്രിസഭ 'ആൺകുട്ടികളുടെ മന്ത്രിസഭയാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും എക്‌സിക്യൂട്ടിവ് യോഗത്തിൽ രാംദാസ് ചൂണ്ടിക്കാട്ടി. പ്രധാന യോഗതീരുമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നതും വിമർശന വിധേയമായി. പാർട്ടി നേതൃത്വത്തിലുള്ളവർക്ക് പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ടു. പാർട്ടിക്കുള്ളിൽ ആശയ വിനിമയം ഇല്ലാതായെന്നും ഓംബുഡ്‌സ്മാൻ ആരോപിക്കുന്നു. ഇതിന്റെ തുടർച്ചയാണ് കെജ്രിവാളും യോഗേന്ദ്ര യാദവും തമ്മിലുള്ള ഭിന്നത. എത്ര ശ്രമിച്ചിട്ടും ഭിന്നത പരിഹരിക്കാൻ സാധിച്ചില്ലെന്ന ആരോപണവും എ.എ.പി വൃത്തങ്ങളിൽ സജീവമാണ്. അരവിന്ദ് കെജ്രിവാൾ ഏകാധിപതിയെ പോലെ പെരുമാറുന്നതായി നേതാക്കൾക്കിടയിൽ ആരോപണമുണ്ട്. അഡ്വ. പ്രശാന്ത് ഭൂഷൻ, യോഗേന്ദ്ര യാദവ്, ഷാസിയ ഇൽമി എന്നിവരാണ് കെജ്രിവാൾ ഏകാധിപതിയേപ്പോലെ പെരുമാറുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതിൽ ഷാസിയ ഇൽമി പിന്നീട് എ.എ.പി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP